കൊടും കുറ്റവാളിയെ കണ്ടെത്താന്‍ ലുക്ക്ഔട്ട് നോട്ടീസ്, പോലീസിന് ആളുമാറിയോ? ഇത് നമ്മുടെ കുഞ്ചാക്കോ ബോബനല്ലെ

തിരുവനന്തപുരം - നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊടുംകുറ്റവാളി നാല്‍പത്തേഴ് വയസ്സുകാരന്‍ അശോകനെ കണ്ടെത്താനുള്ള ലുക്ക്ഔട്ട് നോട്ടീസ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പിടികിട്ടാപ്പുള്ളികളെ കണ്ടെത്താന്‍ പോലീസ്  ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും അത് ജനങ്ങള്‍ കാണുന്ന തരത്തില്‍ പൊതു സ്ഥലങ്ങളില്‍ ഒട്ടിക്കുകയും ചെയ്യുന്നത് പതിവാണ്. അതേ രീതിയിലുള്ള നോട്ടീസ് തന്നെയാണ് പതിപ്പിച്ചിട്ടുള്ളത്. നോട്ടീസ് കണ്ടവരില്‍ ഭൂരിഭാഗവും അതൊന്ന് വായിച്ച ശേഷം കടന്നു പോയി. എന്നാല്‍ സാവധാനത്തില്‍ വായിക്കുകയും ലുക്കൗട്ട് നോട്ടീസില്‍ കാണുന്ന ചിത്രത്തില്‍ സൂക്ഷ്മമായി നോക്കുകയും ചെയ്തവര്‍ക്ക് ഒരു സംശയം. ഇയാള്‍ക്ക് നമ്മുടെ നടന്‍ കുഞ്ചാക്കോ ബോബന്റെ ഛായയില്ലേന്ന്. ഒന്നു കൂടി സൂക്ഷിച്ചു നോക്കുന്നവര്‍ ഇത് കുഞ്ചാക്കോ ബോബന്‍ തന്നെയാണെന്ന് ഉറപ്പിക്കുന്നു. എന്നാല്‍ ഒരു എത്തും പിടിയും കിട്ടുന്നില്ല.  ചിലര്‍ക്ക് പോലീസിന് ആളുമാറിയോ എന്ന് സംശയം. എന്നാല്‍ കുഞ്ചാക്കോ ബോബന്റെ  പുറത്തിറങ്ങാന്‍ ഇരിക്കുന്ന ഏതോ സിനിമയുടെ പോസറ്റര്‍ ആണെന്നാണ് കുറേ പേരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ആളുകളെ ആകര്‍ഷിക്കാനുള്ള പരസ്യ തന്ത്രമാണിത്. സിനിമ ഏതാണെന്നു വ്യക്തമല്ലെങ്കിലും അധികം വൈകാതെതന്നെ അണിയറപ്രവര്‍ത്തകര്‍ ആ രഹസ്യം പുറത്തുവിടുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

 

 

Latest News