ഒരു ഭ്രാന്തൻ റെക്കോർഡുകൾക്കും ലക്ഷ്യങ്ങൾക്കും പിറകെ ഈഗ ഷ്വിയോൻടെക്കില്ല. ഒരേയൊരു ലക്ഷ്യം മാത്രം. ജയിച്ചു കൊണ്ടേയിരിക്കുക. ബാക്കിയെല്ലാം പിറകെ വരുമെന്ന് ബോധ്യമുണ്ട്..
ഗ്രാന്റ്സ്ലാമുകൾ നേടിത്തുടങ്ങുന്ന കളിക്കാരോട് പതിവായി മാധ്യമപ്രവർത്തകർ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. എന്താണ് അടുത്ത ലക്ഷ്യം? എന്ത് നേടാനാണ് ഉദ്ദേശിക്കുന്നത്? എത്ര ഗ്രാന്റ്സ്ലാം നേടാനാവുമെന്നാണ് വിശ്വാസം? തുടങ്ങി ക്ലീഷേ ചോദ്യങ്ങൾ.
ഈഗ ഷ്വിയോൻടെക്കിന്റെ കാര്യത്തിൽ ഈ ചോദ്യങ്ങൾക്കൊന്നും അർഥമില്ല. ത്രസിപ്പിച്ച ഫൈനലിൽ കരൊലൈന മുചോവയെ മൂന്നു സെറ്റിൽ തോൽപിച്ച് ഫ്രഞ്ച് ഓപൺ ടെന്നിസ് കിരീടം നേടിയ ശേഷവും പക്ഷെ മാധ്യമങ്ങളിൽ നിന്ന് ശ്രമമുണ്ടായി. ഈ ജയത്തോടെ നാല് ഗ്രാന്റ്സ്ലാമുകൾക്ക് ഉടമയായി പോളണ്ടുകാരി. അതിൽ മൂന്നും റോളാങ്ഗാരോയിൽ ഉയർത്തിയ ഫ്രഞ്ച് ഓപണുകളാണ്. ഫൈനലിലെത്തിയപ്പോൾ തന്നെ ഷ്വിയോൻടെക്കിന് ഒന്നാം റാങ്ക് നിലനിർത്താമെന്ന് ഉറപ്പായി. 2022 ഏപ്രിൽ മുതൽ ഈ സ്ഥാനത്തുണ്ട് ഈഗ.
എന്തെങ്കിലും പ്രത്യേക ലക്ഷ്യം വേണമെന്നൊന്നും എനിക്കു തോന്നുന്നില്ല. മുന്നോട്ടുപോവുക എന്നു തന്നെയാണ് ഉദ്ദേശിക്കുന്നത് -ഈഗ പറഞ്ഞു. കരിയറിലുടനീളം ഇതിനു തന്നെയാണ് ശ്രമിച്ചത്. പറ്റാവുന്നേടത്തോളം കളികൾ ജയിക്കുക. കളികൾ അവസാനിപ്പിക്കുന്നതുവരെ നമുക്ക് എന്തൊക്കെ സാധ്യമാവുമെന്ന് ആർക്കും അറിയാനാവില്ലല്ലോ? എന്താണ് നമ്മുടെ പരിധികളെന്നും. എനിക്ക് 22 വയസ്സേ ആയിട്ടുള്ളൂ. എന്റെ കഴിവിന്റെ പരിധി എന്താണെന്ന് ആലോചിച്ചിട്ടില്ല. അതിനാൽ നിങ്ങളോട് എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ല -മാധ്യമപ്രവർത്തകരെ നോക്കി ഈഗ നിസ്സഹായതയോടെ ചിരിച്ചു.
തന്റെ വഴി ഏതിലൂടെയൊക്കെ ആവുമെന്ന് ഊഹിക്കേണ്ട ആവശ്യമൊന്നും ഇപ്പോൾ ഈഗക്ക് ഇല്ല. കാരണം അത് വെളിപ്പെടുത്തുന്നതു തന്നെ ഒരുപാട് സമ്മർദ്ദങ്ങൾക്കു കാരണമാവും. കൂടുതൽ പ്രതീക്ഷകൾ കൂടുതൽ പിരിമുറുക്കം സൃഷ്ടിക്കും.
ഇതിനകം തന്നെ തുടർവിജയങ്ങൾ ആവശ്യത്തിന് പ്രതീക്ഷയുയർത്തിയിട്ടുണ്ട്. ഇതുപോലെ എത്ര വലിയ വിജയങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്ന ചോദ്യത്തിന് ഈഗയുടെ മറുപടി ഇങ്ങനെ; അത്ര ദൂരേക്കൊന്നും ഞാൻ നോക്കുന്നില്ല. ഇതിനകം നേടിയതിൽ തന്നെ സന്തുഷ്ടയാണ്. എന്താണ് എന്റെ സാധ്യതകൾ എന്ന് പൂർണമായി അറിയില്ല. അതിനാലാണ് കൂടുതൽ മെച്ചപ്പെടാൻ കഠിനാധ്വാനം ചെയ്യുന്നത്. ഒരു കളിക്കാരിയെന്ന നിലയിൽ പരമാവധി മെച്ചപ്പെടണമെന്നു മാത്രമാണ് ആഗ്രഹം. ഒരു ഭ്രാന്തൻ റെക്കോർഡുകൾക്കും ലക്ഷ്യങ്ങൾക്കും പിറകെ ഞാനില്ല. വലിയ പ്രതീക്ഷകൾ ഉയർത്താതിരിക്കുന്നതാണ് ഏറ്റവും മികച്ച വഴി -ഈഗ പറഞ്ഞു.
ഭയപ്പെടാതെ കളിക്കാനാവുകയെന്നതാണ് ഏറ്റവും വലിയ ലക്ഷ്യമെന്നാണ് ഈഗയുടെ പക്ഷം. കഴിഞ്ഞ രണ്ട് തവണയും ഈഗ ഫ്രഞ്ച് ഓപൺ ചാമ്പ്യനായി. 2007 ൽ ജസ്റ്റിൻ ഹെനാൻ തുടർ കിരീടങ്ങൾ നേടിയ ശേഷം മറ്റാർക്കും കഴിയാതിരുന്ന നേട്ടം. അവസാന നാല് ഗ്രാന്റ്സ്ലാമുകളിൽ മൂന്നും ഈഗയുടെ വിജയത്തിലാണ് കലാശിച്ചത്. ഏതാണ്ട് പിഴവറ്റതാണ് ഈഗയുടെ കളി ശൈലിയെന്നും മാനസികമായ ഏറെ കരുത്തയാണെന്നും മുൻ ലോക ഒന്നാം നമ്പറും ഫ്രഞ്ച് ഓപൺ ഡയരക്ടറുമായ അമേലി മൗറിസ്‌മൊ അഭിപ്രായപ്പെടുന്നു.
ഗ്രാന്റ്സ്ലാം ഫൈനലുകളിൽ ആർക്കും ഈഗയെ തോൽപിക്കാനായിട്ടില്ല. ഒരു വനിതാ താരത്തിനും ആദ്യ ഗ്രാന്റ്സ്ലാമുകളിൽ ഇത്ര മികച്ച റെക്കോർഡില്ല. സെറീന വില്യംസിനു ശേഷം നാല് ഗ്രാന്റ്സ്ലാം നേടിയ പ്രായം കുറഞ്ഞ കളിക്കാരി കൂടിയാണ് അവർ. എത്ര എണ്ണം കൂടി നേടുമെന്ന് ഈഗ പറയില്ലായിരിക്കാം. എന്തായാലും ഒരുപാടെണ്ണം നേടാൻ സാധ്യതയേറെയാണ്.