നിരവധി യുവതാരങ്ങളുടെ ആവേശപ്രകടനത്തിന് അണ്ടർ-20 ലോകകപ്പ് സാക്ഷിയായി. അവരിൽ മികച്ച അഞ്ചു പേരെക്കുറിച്ച്....
ബ്രസീലും അർജന്റീനയും ഇംഗ്ലണ്ടുമൊക്കെ സെമി ഫൈനലിലെത്തും മുമ്പെ പുറത്തായെങ്കിലും നിരവധി യുവതാരങ്ങളുടെ ആവേശപ്രകടനത്തിന് അണ്ടർ-20 ലോകകപ്പ് സാക്ഷിയായി. ഉറുഗ്വായാണ് ആദ്യമായി ചാമ്പ്യന്മാരായത്. ഫൈനലിൽ അവർ ഇറ്റലിയെ തോൽപിച്ചു.
സെബാസ്റ്റ്യൻ ബോസേലി
ഉറുഗ്വായുടെ പത്തൊമ്പതുകാരൻ ഡിഫന്റർ സെബാസ്റ്റ്യൻ ബോസേലിയാണ് ടൂർണമെന്റിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കളിക്കാരിലൊരാൾ. ഉറുഗ്വായ് ടൂർണമെന്റിലുടനീളം വഴങ്ങിയത് മൂന്നു ഗോൾ മാത്രമാണ്. അതിന് കാരണം പ്രതിരോധനിരയിൽ ബോസേലിയുടെ സാന്നിധ്യമാണ്. അസാധ്യമായ പൊസിഷനിംഗാണ് ഈ താരത്തെ വേറിട്ടുനിർത്തുന്നത്. ഉറുഗ്വായ് ഫസ്റ്റ് ഡിവിഷൻ ക്ലബ് ഡിഫൻസോരിനാണ് പയ്യൻ കളിക്കുന്നത്. അത്‌ലറ്റിക്കൊ മഡ്രീഡിന്റെ ജോസെ മരിയ ജിമെനേസിനോടാണ് ഉറുഗ്വായിൽ ബോസേലി താരതമ്യം ചെയ്യപ്പെടുന്നത്.
സെസാർ കസാദെ
ഇറ്റാലിയൻ മിഡ്ഫീൽഡർ സെസാർ കസാദെയായിരുന്നു ടൂർണമെന്റിലെ മികച്ച കളിക്കാരനും ടോപ്‌സ്‌കോററും. ചെൽസിയിൽ ഇപ്പോൾ തന്നെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു ഇരുപതുകാരൻ. ബോക്‌സിൽ നിന്ന് ബോക്‌സിലേക്കോടുന്ന കളിക്കാരനാണ് കസാദെ. വലതു വിംഗാണ് ഇഷ്ടം. ഇതു കാരണം ഫ്രാങ്ക് ലംപാഡിനോടും കാകയോടുമൊക്കെ സാദൃശ്യമുണ്ട്.
കസാദെ നേടിയ ഏഴു ഗോളാണ് ഇറ്റലിയെ ഫൈനലിലെത്തിച്ചത്. ഈ സീസണിൽ കസാദെയെ ചെൽസി ചാമ്പ്യൻഷിപ് ടീം റെഡിംഗിന് ലോൺ നൽകിയിരിക്കുകയാണ്. 2028 വരെ ചെൽസിയുമായി കരാറുണ്ട്.
മാർക്കോസ് ലിയനാഡൊ
ബ്രസീൽ അധികം മുന്നേറിയില്ലെങ്കിലും അവരുടെ മാർക്കോസ് ലിയനാഡൊ ഗാലറിയുടെ മനസ്സ് പിടിച്ചു. ക്വാർട്ടർ ഫൈനലിൽ ബ്രസീൽ പുറത്തായിട്ടും ലിയനാഡൊ അഞ്ചു ഗോളടിച്ചു. ഇടതു വിംഗിൽ കളിക്കാനാണ് ലിയനാഡോക്ക് താൽപര്യം. അർജന്റീനയുടെ സെർജിയൊ അഗ്വിരോയെ ഓർമിപ്പിക്കുന്നതാണ് ലിയനാഡോയുടെ കളി. ബ്രസീലിൽ സാന്റോസിന്റെ ഗോളടി വീരനാണ് ഇരുപതുകാരൻ. പെലെയുടെയും നെയ്മാറിന്റെയും ക്ലബായ സാന്റോസിന്റെ പുതിയ പ്രതിഭയാണ് ഈ കളിക്കാരൻ. വമ്പൻ ക്ലബുകളിൽ നിന്നുള്ള വൻ ട്രാൻസ്ഫറാണ് സാന്റോസ് ലക്ഷ്യമിടുന്നത്.
ഓർ ഇസ്രായിലോവ്
അരങ്ങേറ്റത്തിൽ വൻ പ്രതീക്ഷ സൃഷ്ടിച്ച ടീമാണ് ഇസ്രായിൽ. അവരുടെ പതിനെട്ടുകാരൻ ഡിഫന്റർ ഓർ ഇസ്രായിലോവ് ടൂർണമെന്റിലെ മികച്ച കളിക്കാരിലൊരാളാണ്. അരങ്ങേറ്റ ടൂർണമെന്റിൽ ഇസ്രായിൽ മൂന്നാം സ്ഥാനത്തെത്തിയത് മികച്ച പ്രതിരോധം പുറത്തെടുത്താണ്. വായുവിൽ കിടയറ്റ പ്രകടനം കാഴ്ചവെക്കുന്ന ഇസ്രായിലോവ് ഒന്നാന്തരം ലീഡറാണ്. രണ്ടു കാലു കൊണ്ടും വെടിയുണ്ടകൾ പായിക്കാൻ കഴിയുന്നു. ഇപ്പോൾ ഹാപോൾ ടെൽഅവീവിന് കളിക്കുന്നു.
കിം ജൂൺ ഹോംഗ്
തെക്കൻ കൊറിയയുടെ ഗോൾകീപ്പർ ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോളിയാണ്. ക്വാർട്ടർ ഫൈനലിൽ നൈജീരിയക്കെതിരെയും സെമി ഫൈനൽ മത്സരത്തിൽ ഇറ്റലിക്കെതിരെയും എണ്ണമറ്റ സെയ്‌വുകളിലൂടെ ഗോൾമുഖത്തെ വൻമതിലായി. ആറടി രണ്ടിഞ്ച് ഉയരമുള്ള കിം കൊറിയൻ രണ്ടാം ഡിവിഷൻ ലീഗിൽ ഗിംചിയോൺ സാംഗമു ക്ലബിനാണ് കളിക്കുന്നത്.