കൊറിയൻ സ്റ്റാർ സ്വപ്‌നക്കുതിപ്പിൽ

ആൻ സെ യംഗ്... യംഗ് ആന്റ് പവർഫുൾ

സ്വപ്‌നക്കുതിപ്പിലാണ് ആൻ സെ യംഗ്. ഈ വർഷം കളിച്ച എട്ട് ടൂർണമെന്റിൽ അഞ്ച് കിരീടങ്ങളാണ് ഇരുപത്തൊന്നുകാരിയുടെ നേട്ടം. ലോക ഒന്നാം നമ്പർ പദവിയിലെത്തുന്ന ആദ്യ കൊറിയൻ താരമാവുകയെന്നത് സമയത്തിന്റെ മാത്രം പ്രശ്‌നം....

ആൻ സെ യംഗ് അസാധാരണ കുതിപ്പിലാണ്. ഈ വർഷം കളിച്ച ടൂർണമെന്റിൽ ഒന്നിലൊഴികെ എല്ലാത്തിലും ഫൈനലിലെത്തിയ തെക്കൻ കൊറിയക്കാരി സ്വപ്‌നസമാനമായ നേട്ടമാണ് ആവർത്തിക്കുന്നത്. ഒന്നാം നമ്പറിലേക്കുള്ള മുന്നേറ്റം സമയത്തിന്റെ മാത്രം പ്രശ്‌നം. ഇന്തോനേഷ്യൻ ഓപണിന്റെ ക്വാർട്ടറിൽ ആനിന് ചുവടുപിഴച്ചത് പരിക്കേറ്റതിനാൽ മാത്രമാണ്. 
പതിറ്റാണ്ടുകളായി കൊറിയൻ കളിക്കാരാരും ലോക ഒന്നാം നമ്പറായിട്ടില്ല. അതിനാൽതന്നെ ഈ നേട്ടത്തെക്കുറിച്ച് ചോദിക്കുമ്പോൾ ആനിന് പ്രതീക്ഷയുടെ ചിരിയാണ്. ഇപ്പോൾ ലോക രണ്ടാം നമ്പറാണ് ആൻ. ജപ്പാന്റെ അകാനെ യാമാഗുചിയാണ് മുന്നിൽ. 
ഇന്തോനേഷ്യൻ ഓപണിന് മുമ്പ് എട്ട് ടൂർണമെന്റുകളാണ് ആൻ കളിച്ചത്. എട്ടിലും ഫൈനലിലെത്തി. അഞ്ചിലും കിരീടം നേടി. യാമാഗുചിയെ മറികടക്കുന്നത് ഇരുപത്തൊന്നുകാരിക്ക് സമയത്തിന്റെ മാത്രം പ്രശ്‌നം. 
ഏത് അത്‌ലറ്റും ലോക ഒന്നാം നമ്പറാവുന്നത് സ്വപ്‌നം കാണുമെന്ന് ആൻ പറയുന്നു. ആ സ്വപ്‌നത്തോടടുക്കുന്നതിൽ അഭിമാനമുണ്ട് -താരം പറഞ്ഞു.
ഇന്തോനേഷ്യൻ ഓപൺ ക്വാർട്ടറിൽ ചൈനയുടെ ചെൻ യു ഫെയിയോട് തോറ്റെങ്കിലും ആനിന്റെ മുന്നേറ്റം തടുത്തുനിർത്താൻ അകാനെ യാമാഗുചി പ്രയാസപ്പെടും. 
2002 ൽ ജനിച്ച ആൻ പ്രൈമറി സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ റാക്കറ്റ് കൈയിലെടുത്തിരുന്നു. മാതാപിതാക്കൾ ഒരു ഹോബിയെന്ന നിലയിൽ ബാഡ്മിന്റൺ കളിച്ചതാണ് ആനിനെ ഈ കളിയിലെത്തിച്ചത്. പിതാവ് കൊറിയക്കു വേണ്ടി മത്സരിച്ച ബോക്‌സർ കൂടിയായിരുന്നു. 
15-ാം വയസ്സിൽ ആൻ കൊറിയൻ ടീമിലെത്തി. 2017 ലെ സെലക്ഷൻ ടൂർണമെന്റിൽ ഏഴു കളിയും അവൾ ജയിച്ചു. ജീനിയസ് ഗേൾ എന്നാണ് കൊറിയൻ മാധ്യമങ്ങൾ ആനിനെ വിശേഷിപ്പിക്കുന്നത്. 2019 ൽ ലോക ബാഡ്മിന്റൺ ഫെഡറേഷൻ ഭാവി വാഗ്ദാനമായി ആനിനെ തെരഞ്ഞെടുത്തു. 1996 ലെ അറ്റ്‌ലാന്റ ഒളിംപിക്‌സിൽ ചാമ്പ്യനായ ബാംഗ് സൂ ഹ്യൂനിന്റെ പിൻഗാമിയായാണ് ആനിനെ കൊറിയൻ മാധ്യമങ്ങൾ വാഴ്ത്തുന്നത്. 
താൻ ലോക ഒന്നാം നമ്പറാവുന്നത് കൊറിയയിൽ ബാഡ്മിന്റൺ വിപ്ലവത്തിന് തുടക്കമിടുമെന്ന് ആൻ കരുതുന്നു. ഇപ്പോൾ പരിക്കേറ്റ് വിശ്രമിക്കുന്ന ആൻ ജൂലൈയിലെ കൊറിയൻ ഓപണിലാണ് ഇനി മത്സരിക്കുക. പാരിസ് ഒളിംപിക്‌സിൽ സ്വർണമാണ് പ്രധാന ലക്ഷ്യം. 

Latest News