മനുഷ്യസഹജമായ ദൗർബല്യങ്ങളിലൊന്നാണ് സ്‌നേഹം, സ്‌നേഹിക്കുന്നവർ തമ്മിൽ പരസ്പരം കാണാതാകുമ്പോൾ, ഹൃദയതാളങ്ങളെ അത് ആർദ്രമാക്കുകയും, അതുമൂലം വല്ലാത്തൊരു വീർപ്പുമുട്ടലിൽ മനസ്സ് കിടന്നെരിയുകയും ചെയ്യുന്നു. സ്‌നേഹമെന്നത് സമസ്ത ഇന്ദ്രിയങ്ങൾ കൊണ്ടും അനുഭവിക്കാവുന്ന ഒന്നാണെങ്കിൽ, വിരഹം, വാക്കുകൾ കൊണ്ട്, നിർവ്വചിക്കാൻ കഴിയാത്ത, ഇന്ദ്രിയാതീതമായ ഒരനുഭവമാണെന്ന് പറയേണ്ടി വരും.

പ്രിയപ്പെട്ട ഒന്നിന്റെ അസാന്നിധ്യത്തിൽ ഉള്ളിൽ തിങ്ങുന്ന ഒരു വിങ്ങലിനെ, 'അരികിൽ നീയുണ്ടായിരുന്നെങ്കിൽ' എന്ന ഹൃദയഭാഷ്യത്തോട് ചേർത്തു വയ്ക്കുമ്പോൾ അതാണ് വിരഹമെന്നും, അതിനപ്പുറം, ഐ മിസ്സ് യു എന്ന പുതു തലമുറയുടെയുള്ളിലെ, അത്യാധുനിക തോന്നലാണ് വിരഹമെന്നും സാഹചര്യങ്ങൾക്കനുസരിച്ച് നമുക്ക് സമർത്ഥിക്കാവുന്നതാണ്. വിയോഗങ്ങളാണ് പൊതുവേ വിരഹത്തിന്റെ മൂലഹേതു. വേർപെടുക എന്ന് വിവക്ഷിക്കുമ്പോൾ, അത് പ്രിയജനങ്ങളിൽ നിന്നാവാം, പ്രണയികളിൽ നിന്നാവാം, അതുമല്ലെങ്കിൽ, പ്രിയപ്പെട്ട ഇടങ്ങളിൽ നിന്നുമാവാം. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഇങ്ങനെയൊരവസ്ഥ മനുഷ്യൻ അഭിമുഖീകരിക്കുന്നുണ്ട്. അമ്മയിൽനിന്ന് വേർപെട്ട് ജീവിക്കേണ്ടി വരുന്ന പിഞ്ചു കുഞ്ഞുങ്ങൾ മുതൽ, ജീവിത സായാഹ്നത്തിലെത്തിയവരെ, ഒഴിഞ്ഞ തകരപ്പാട്ട പോലെ ഉത്തരാധുനിക തലമുറ എറിഞ്ഞോടിക്കുമ്പോൾ, അവരുടെ അതിസ്വാർത്ഥത മൂലം വൃദ്ധസദനങ്ങളിൽപ്പെട്ടു പോയവർ വരെ ഈയൊരവസ്ഥ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ അനുഭവിക്കുന്നുണ്ട്. അകന്നു നിൽപ്പുകൾ താൽക്കാലിക വിരഹങ്ങളാണെന്നിരിക്കെ, മരണം മൂലം സംഭവ്യമാകുന്നത് സ്ഥായിയായ വിരഹമാണ്. ജീവിതം വലിയൊരു അനാഥത്വമാണെന്ന തിരിച്ചറിവും അത്തരം വിരഹം മനുഷ്യന് സമ്മാനിക്കുന്നു. ഇരുപുറം മൂർച്ചയുള്ള ഒരായുധം കണക്കെ, അത് നെഞ്ചിലെ നിശ്വാസങ്ങളെപ്പോലും സദാ കുത്തിപ്പിളർത്തിക്കൊണ്ടേയിരിക്കും. ആ സത്യത്തെ അംഗീകരിക്കേണ്ടി വരുമ്പോഴും, മരണമെത്തുന്ന നേരത്തു നീയെന്റെ അരികത്ത് ഇത്തിരി നേരമിരിക്കൂ.. എന്ന് കരയിക്കുന്ന ഒരു കാത്തിരിപ്പായി മാത്രം വിരഹത്തെ വ്യാഖ്യാനിക്കാൻ കഴിയുന്നു മനുഷ്യന്.
വിരഹത്തിൽനിന്നു തന്നെയാണ് എല്ലാത്തരം ഗൃഹാതുരതകളും ഉടലെടുക്കുന്നത്. ബന്ധങ്ങളുടെ പച്ചപ്പിൽനിന്ന് നാടും വീടും ഉപേക്ഷിച്ച്, നിശ്ശൂന്യതയുടെ ഇടങ്ങളിലേക്ക് ജോലി തേടിപ്പോകുന്ന ചിലരുണ്ട്. പിന്നിലുപേക്ഷിച്ചതിനോടെല്ലാം അടക്കാനാവാത്ത ഒരു തരം ആസക്തി അവരിൽ ജനിക്കുന്നു.
കളകളം പാടുന്ന കാട്ടാറും, കനകനെൽപ്പാടങ്ങളും, മഴയും മഞ്ഞണിപ്പൂനിലാവും, ഓർമ്മകളെ ശബളമാക്കുമ്പോൾ, നാഡികളെ തളർത്തുന്ന ചൂടിൽ വിയർപ്പായിക്കൊണ്ടിരിക്കുന്നവർ, അസ്വസ്ഥനിർഭരമായ തങ്ങളുടെ മനസ്സിന് പ്രലോഭനമെന്നോണം, മുറിയിലെ എ സിയുടെ മുരൾച്ചയിൽപ്പോലും,നെഞ്ചത്തടിച്ച് നിലവിളിക്കുന്ന നാട്ടിലെ മഴയുടെ ശബ്ദത്തിന് കാതോർക്കും. നാളെയെപ്പറ്റിയുള്ള ശുഭപ്രതീക്ഷകളാണ് നടുക്കടലിലെ കപ്പിത്താന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന വെളിച്ചം പോലെ , വിരഹത്തിന്റെ ഇരുളിൽ അവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.
പെൺകുഞ്ഞായി ജനിച്ച് സ്ത്രീയായി ജീവിച്ച ഇക്കാലമത്രയും വിരഹം പല രൂപത്തിലും ഭാവത്തിലും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഉമ്മയേയും കൈക്കുഞ്ഞായ എന്നേയും നാട്ടിലാക്കി, കൊച്ചിയിൽ ജോലിക്ക് പോയ വാപ്പയെ ആഴചയിലൊരിക്കലോ മാസത്തിലൊരിക്കലോ മാത്രം കണ്ടുമുട്ടിയിരുന്നപ്പോൾ, അതായിരുന്നു ജീവിതത്തിൽ അടയാളപ്പെട്ട ആദ്യ വിരഹം. മൂന്നു വയസ്സു പ്രായത്തിലാണ്, കൊച്ചിയിൽ വീട് പണിത് വാപ്പ കുടുംബത്തെ കൂടെ കൂട്ടിയത്. സ്‌നേഹപാശത്താൽ ബന്ധിതമായ സന്തോഷങ്ങളുടെ കുഞ്ഞുലോകമായി മാറി പിന്നീടത്. കാലം അതിന്റെ ഈയൽച്ചിറകുകൾ കൊഴിച്ചിടുമ്പോൾ, മാതാപിതാക്കളുടെ ചിറകിനടിയിൽ നിന്ന് സ്വയം പറക്കാൻ മക്കൾ പ്രാപ്തി നേടുന്നു. പഠനാർത്ഥം പാലായിൽ ഒരു വീട്ടിൽ പേയിങ്ങ് ഗസ്റ്റായി താമസിക്കേണ്ടി വന്നപ്പോൾ, വീണ്ടും വിരഹം എന്റെയുള്ളിൽ തെയ്യക്കോലം കെട്ടിയാടി. എത്രയെത്ര സങ്കടങ്ങളുടെ കീഴടങ്ങലുകൾ വീട്ടുപനിയായ് പിൻതുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ കോഴ്‌സ് പൂർത്തിയാക്കി, കലാലയത്തിന്റെ കൽപ്പടവുകളിൽ കാലടിപ്പാടുകൾ പതിപ്പിച്ച് തിരികെ മടങ്ങുമ്പോൾ, വിരഹം മറ്റൊരു രൂപത്തിൽ ഉള്ളിലിരുന്ന് ചുരമാന്തിത്തുടങ്ങി. കാൽപ്പനികതയുടെ പഞ്ഞിക്കെട്ടിൽ, പ്രണയത്തോടൊപ്പം ചേർത്തു വയ്‌ക്കേണ്ട ഒന്നാണ് വിരഹമെന്ന് തിരിച്ചറിഞ്ഞ നാളുകൾ.
ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം ...
ഓർമ്മിക്കണം എന്ന വാക്ക് മാത്രം..എന്നിങ്ങനെ കാമ്പസ്സിലെ മൗനാനുരാഗങ്ങൾ, ഓട്ടോഗ്രാഫിന്റെ താളുകളിൽ വിരഹത്തിന്റെ വരികളായ് തിളച്ചു മറിഞ്ഞ കാലം. കാമ്പസ്സിലെ മരങ്ങൾ പോലും ഇലപൊഴിച്ച്, വിരഹം പ്രകടിപ്പിക്കുന്നു. വിരൽത്തുമ്പ് കൊണ്ട് കറക്കാൻ പാകത്തിൽ, ഭൂഗോളം നമുക്ക് മുന്നിൽ ചെറുതാകുന്ന ഇക്കാലത്ത്, പുതിയ തലമുറയ്ക്ക് അത്തരം വിരഹവും വേർപാടുമൊന്നും അത്രമേൽ പരിചിതമാകണമെന്നില്ല. പരസ്പരം കാണാനും, ചിരിക്കാനും, തൊട്ടുരുമ്മിയിരിക്കുന്ന പ്രതീതി ജനിപ്പിക്കാനും എത്രയെത്ര ആപ്പുകളാണ്, അവരിന്ന് സ്മാർട്ട് ഫോണുകളിൽ സജ്ജീകരിച്ചിരിക്കുന്നത്.
സ്ത്രീജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത അനിവാര്യതയാണ് വിവാഹാനന്തരം, വീട്ടുകാരെ പിരിഞ്ഞ് ജീവിക്കുകയെന്നത്. അതുവരെ സ്വന്തമായിരുന്ന വീടും തൊടിയും ഒരു സുപ്രഭാതത്തിൽ പിന്നിലുപേക്ഷിച്ച്, ഭർത്താവിന്റെ, മാതാപിതാക്കളേയും ബന്ധുജനങ്ങളേയും, ജീവിതപരിസരങ്ങളേയും, തന്റേതെന്ന് കരുതി മനസ്സാ വരിക്കുമ്പോൾ, അവളുടെയുള്ളിൽ വിവേചിക്കാനാവാത്ത ഒട്ടനവധി വിരഹങ്ങൾ, ഇറവെള്ളത്തിലെ കുമിളകൾ കണക്കെ വിടർന്നു പൊട്ടുന്നു. ഗതകാല ഓർമ്മകൾ ഒരു മൺചെരാതിന്റെ തിരിയായി അവളുടെയുള്ളിൽ പ്രകാശം പരത്തി, തീവ്രവേദനകളാകുന്ന ഇരുട്ടുകളെ, എന്നെന്നേയ്ക്കുമായി അലിയിച്ചുകൊണ്ടേയിരിക്കും. ജനിച്ച മണ്ണിൽ നിന്ന് പിഴുതെടുത്ത്, മറ്റൊരു മണ്ണിൽ വേരാഴ്ത്തുന്ന ഒരു തണൽമരമായി പിന്നീട് ആ ജീവിതത്തൈമരം പടർന്നു പന്തലിക്കുന്നു. എങ്കിലും ഇടയ്ക്കിടയ്ക്ക്, അവളറിയാതെ, വിരഹം ഒറ്റച്ചിറകുള്ള പക്ഷിയായി. ആ മരച്ചില്ലയിൽ പക്ഷം വിരിക്കും.
ഒരു പ്രവാസിയുടെ ഭാര്യയായിപ്പോയതിനാൽ, വിരഹം ജീവിതത്തിന്റെ തുടർക്കഥയാവുകയായിരുന്നു പിന്നീടെല്ലാം. താലി കെട്ടി, കേവലം പതിനൊന്ന്, ദിവസത്തെ ദാമ്പത്യത്തിന് ശേഷം, നവവരൻ കടല് കടന്നപ്പോൾ, വേർപാടിന്റെ വിനാഴികകളെണ്ണി, സ്വയം, വേവുകളുടെ തീക്കാലമായിത്തീരുവാനായിരുന്നു വിധി. പ്രിയപ്പെട്ടവൻ എന്നിനി തിരികെ വരും എന്ന ശൂന്യത വിങ്ങുന്ന കാത്തിരിപ്പുകൾ. വാട്‌സാപ്പോ ഫേസ്ബുക്കോ, എന്തിന് ഇന്റർനെറ്റ് പൊലും സാധാരണമാകാതിരുന്ന അക്കാലത്ത്, ഏകാന്തത അലയടിക്കുന്ന അർദ്ധരാത്രിയുടെ കുറ്റാക്കൂരിരുട്ടിലും, ഉറങ്ങാതിരുന്ന്, ഒന്നിച്ചു കിടന്ന കിടക്കയിൽ ഉണർന്നിരുന്ന് ഓർമ്മകളെ താലോലിച്ചിരുന്ന ആ പ്രവാസിയുടെ ഭാര്യയ്ക്ക് ആകെയുണ്ടായിരുന്ന ആശ്രയം, തന്റെ പ്രിയപ്പെട്ടവന് വിരല് മുറിയുന്നത് വരെ കത്തെഴുതുക മാത്രമായിരുന്നു. പറയാനും എഴുതാനും എന്തെല്ലാം വിശേഷങ്ങളായിരുന്നു. വിടരുകയും കൊഴിയുകയും ചെയ്യുന്ന വസന്തം, രാപ്പാടിയുടെ സംഗീതം, രണ്ട് രാജ്യങ്ങളിലിരുന്ന്, ഒരേ സമയം, ഒരേ നക്ഷത്രങ്ങളെ നോക്കിക്കൊണ്ട് നടത്തുന്ന പരസ്പരഭാഷണങ്ങൾ, കാറ്റിന്റെ കയ്യിൽ അനന്ത ദൂരത്തേക്ക് പറഞ്ഞയക്കുന്ന പരിദേവനങ്ങൾ, കത്തെഴുത്തിന്റെ കുത്തൊഴുക്ക്. ആരും കാണാതെ വിതുമ്പലടക്കുന്ന ഹൃദയങ്ങളുടെ മൃദുസ്പന്ദനങ്ങളുമായി എത്ര തവണയാണ് വിമാനങ്ങൾ സമുദ്രങ്ങൾ താണ്ടി, തലങ്ങും വിലങ്ങും പറന്നത്. വിരഹത്തിന് മധുരം പകരുന്ന് പഴയ തലമുറയുടെ കത്തുപാട്ടുകളിലെ, മധുരവേദനകൾ ആത്മാവിൽ ആനന്ദം പകരുന്ന മധ്യാഹ്നങ്ങളിൽ, തപാൽ ശിപായി കൊണ്ടുവരുന്ന എയർ മെയിൽ കവറുകളെ, തന്ത്രിവാദ്യങ്ങൾ മീട്ടും പോലെ, എത്ര സൗമ്യമായി ലാളിച്ചിരുന്നു. ഒടുവിൽ, രണ്ടു വർഷം നീണ്ടു നിന്ന കൊടും വിരഹത്തിന് ശേഷം കണ്ണിൽ നിറസ്‌നേഹത്തിന്റെ കനലുകൾ പൂത്ത പുനഃസമാഗമം. മകന്റെ പിറവി. കളിചിരികളുടെ പൂക്കാലം. വിരഹം എന്ന വാക്ക് പോലും മറന്നു പോയ നിറക്കൂട്ടുകളുടെ പരസ്പരമേളനം.
അതിനിടെ ജീവിതം വീണ്ടും ചില സമസ്യകളുടെ പ്രച്ഛന്നവേഷക്കാരനായി വീണ്ടും മുന്നിൽ വന്നു നിന്നു. സൗദിയിലെ മിനിസ്ട്രി, ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിൽ ജോലി കിട്ടി. പോണം. പോകാതിരിക്കാനാവില്ല. രണ്ടര വയസ്സുകാരന്റെ തിളങ്ങുന്ന കണ്ണുകളിലേക്ക് ഞാൻ ആശങ്കയോടെ നോക്കി. കണ്ണുകളിൽ സങ്കടങ്ങളുടെ ചുടുജലം ചോർന്നു. ധൈര്യമായിട്ട് പോകൂ.. ഞങ്ങളില്ലേ അവനെ പൊന്നു പോലെ നോക്കാൻ..മാതാപിതാക്കളുടെ സ്ഥൈര്യപ്പെടുത്തൽ. ഒരു കരച്ചിലിന്റെ പിൻവിളിക്ക് കാതോർക്കാതിരിക്കാൻ, അവനെ ഉറക്കിക്കിടത്തിയ ശേഷമായിരുന്നു വിമാനത്താവളത്തിലേക്കുള്ള യാത്ര. എന്നിട്ടും, ഉമ്മാ എന്നുള്ള അവന്റെ പിടയ്ക്കുന്ന കൺനോട്ടങ്ങൾ പതിച്ചു വച്ച ഹൃദയത്തിന്റെ അതിദ്രുതതാളം, യാത്രയിലുടനീളം എന്നെ അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു. കണ്ണീരിനോളം പുളിയില്ല മറ്റൊന്നിനും എന്ന് തിരിച്ചറിഞ്ഞ നാളുകൾ.
കൂട്ടിലെ കുഞ്ഞിനെ ത്യജിച്ച്,
ഈയൂഷരഭൂവിൽ പറന്നെത്തിയ
വേഴാമ്പലാണ് ഞാൻ... അറിഞ്ഞോ അറിയാതെയോ ആ വിരഹം എന്നെ ഒരു കവിയായി പരുവപ്പെടുത്തുകയോ പരിണാമപ്പെടുത്തുകയോ ആയിരുന്നു. സിംഹാസനഭ്രഷ്ടയായ രാജ്ഞിയെപ്പോലെ നീറിക്കഴിഞ്ഞ എന്നിലെ ആ വിരഹത്തിന്റെ മണൽത്തരികളെ മൂന്നു വയസ്സുകാരൻ ഒരുമ്മ കൊണ്ട് കഴുകിക്കളഞ്ഞു. ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം, അവൻ ഞങ്ങളോടൊപ്പം എത്തിച്ചേർന്നു. ഋതുക്കൾ നിർവിഘ്‌നം ആടുകയും പാടുകയും ചെയ്തു. മകൾ എന്ന സങ്കൽപം യാഥാർത്ഥ്യമായപ്പോൾ എന്റെ ലോകം അവളിലേക്ക് കൂടി നീണ്ടു.ആനന്ദപ്രദാനിയായ കാലത്തിന്റെ ഇന്ദ്രജാലക്കാഴ്ചകൾ. പൂവിതളുകൾ കാറ്റിൽ പറന്നുപോകും പോലെ, കാലം കടന്നു പോയി, മക്കൾ വലുതായി,പഠനാർത്ഥം രണ്ട്‌പേരും വീണ്ടും നാട്ടിലേക്ക്..വിരഹമെന്ന വാക്ക് എന്റെ നിഘണ്ടുവിലേക്ക് അനുവാദം ചോദിക്കാതെ വീണ്ടും കയറി വന്നു. ഏകാന്തതയുടെ ദ്വീപിലേക്ക് പതിയെപ്പതിയെ ഞാൻ നാട് കടത്തപ്പെട്ടു. ഇഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കിക്കൊടുക്കാൻ, ഇടയ്ക്കിടയ്ക്ക് വഴക്ക് കൂടാൻ, ഇഷ്ടത്തോടെ ഇറുകെപ്പുണരാൻ അവളോ അവനോ അടുത്തുണ്ടായിരുന്നെങ്കിലെന്നാശിച്ച്, കൈവീശി യാത്രയായവർ, കൂട്ടിലേക്ക്, മടങ്ങി വരുന്നതും കാത്ത്, വിരഹത്തിന്റെ കനത്ത ഇരുട്ടിൽ, ഒരു അമ്മത്തിരിയായി ഞാനിന്നും എരിയുന്നു. എത്ര വളർന്നാലും മാറ്റിവയ്ക്കാൻ കഴിയുന്ന ഈത്തപ്പന പോലെയാണ് ഓരോ പ്രവാസിയുടേയും ജീവിതമെന്ന് തോന്നാറുണ്ട്. ആയുസ്സൊടുങ്ങുന്നത് വരെ, താവളം വിട്ട് താവളം തേടിയുള്ള യാത്രയിൽ, ഇടങ്ങൾ മാറിക്കൊണ്ടിരിക്കുന്നവർ.






