പരസ്പരം മനസ്സിലാക്കിയവർക്കിടയിൽ സൗഹൃദം പൂമരം പോലെയാണ്. എന്തൊക്കെ ആയാലും ഒരിക്കലും അവർക്ക് തമ്മിൽതമ്മിൽ തള്ളിക്കളയാനാകില്ല. മനസ്സിലാക്കാത്തവർക്കാകട്ടെ, ആത്മാർത്ഥമായി ഇഷ്ടപ്പെടാനുമാവില്ല. സ്‌നേഹിക്കാനുമാവില്ല. അതെ, ആരോ പറഞ്ഞ പോലെ ജീവിതം ഗൗരവമുള്ള ഒരു തമാശയാണ്.
ഒന്നുമില്ലാതെ ചുരുട്ടിപിടിച്ച വെറും കയ്യോടെ വരുന്നു. വലുതാകുന്നതോടെ എല്ലാറ്റിനും വേണ്ടി പരസ്പരം പോരടിക്കുന്നു. മത്സരിക്കുന്നു. അവസാനം ഒന്നുമില്ലാതെ മലർത്തിപ്പിടിച്ച വെറും കയ്യോടെ തിരികെപോകുന്നു. ജീവിതയാത്രയിലെ നല്ല സമ്മാനങ്ങളാണ് ചേർത്തു പിടിക്കുന്ന സൗഹൃദങ്ങൾ. ചില കണ്ടുമുട്ടലുകളും ചില കൂടിച്ചേരലുകളും അപ്രതീക്ഷിതമായിട്ടാണ് സംഭവിക്കുക.
'ഒന്നൊരുമിച്ച് കൂടണം'ഒന്നൊരുമിച്ച് വർത്തമാനം പറയണം' എന്നാഗ്രഹവുമായിയുള്ള വിലമതിക്കാനാവാത്ത സൗഹൃദ മൂല്യത്തിന്റെ ഉടമകളാണ് മക്കരപറമ്പിലെ ലത്തീഫ് മണ്ണേങ്ങലെന്ന ടിപ്പുവും, പെരിഞ്ചീരി കുഞ്ഞിമൊയ്തീൻ എന്ന നാണിയും. സൗഹൃദങ്ങൾക്ക് അതിർവരമ്പുകളോ മതിൽ കെട്ടുകളോ ഇല്ലെന്നതിന്റെ തെളിമയാണ് ഇവരുടെ ഒരേ ചിന്തയിലെ സൗഹൃദങ്ങളുടെ ഹൃദയ സഞ്ചാരം.

അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾക്കിടയിലെ വേറിട്ട സൗഹൃദത്തിന്റെ ഉടമയായ മക്കരപറമ്പിലെ ലത്തീഫ് മണ്ണേങ്ങൽ. കുറഞ്ഞ അവധിക്കാണ് നാട്ടിലെത്തുന്നതെങ്കിലും അധിക സമയവുംകുടുംബത്തിന്റെ കൂടെയല്ല ലത്തീഫിന്റെ ജീവിതം. തൊട്ടടുത്തുള്ള എല്ലാ വീടുകളും സന്ദർശിക്കും, രോഗികളേയും കിടപ്പിലായവരേയും പ്രത്യേകം ആശ്വസിപ്പിക്കും. ഒന്നാം ക്ലാസു മുതൽ കോളേജ് തലം വരെ മദ്രസയിലും സ്‌കൂളിലുമായി സഹപാഠികളായവരേയും അധ്യാപകരേയും തേടിപ്പിടിക്കും, അവരോടൊപ്പം ഭക്ഷണം കഴിച്ച് പിരിയും. അപ്രതീക്ഷിതമായിട്ടാണ് ലത്തീഫിന്റെ ഓരോ സന്ദർശനവും. വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടലുകളുംകൂടിചേരലുകളും പലരിലും വേറിട്ട അനുഭവമാണ് സമ്മാനിക്കാറ്. പതിറ്റാണ്ടുകളുടെ ഓർമ്മകളിലെ സഹപാഠിസൗഹൃദം പുതുക്കാൻ അന്താരാഷ്ട്ര വേദികളിലെ 'സൈക്കിൾ അഭ്യാസി'യും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ താരവുമായ 'മലബാർ മറഡോണ ' എന്ന ലത്തീഫ് മണ്ണേങ്ങൽ എല്ലാ അവധിക്കാലത്തും ഇറങ്ങിത്തിരിക്കുന്നു. പ്രവാസം അതിർവരമ്പുകൾ നിർണയിച്ചതിനാൽ കാണാമറയത്തായ സഹപാഠികളെയാണ് ലത്തീഫ് കണ്ടെത്തുക.
പ്രവാസി ജീവിത തിരക്കിനിടയിൽ സാമൂഹിക മാധ്യമങ്ങളിലൂടേയും എഴുത്തു വഴികളിലൂടേയും പരിചയപ്പെട്ടവരെ നേരിൽ കണ്ടെത്തി സൗഹൃദം പുതുക്കുന്നു. പെരിഞ്ചീരി നാണി, ഈ സൗഹൃദത്തിന്റെ ഇണക്കമുള്ള കണ്ണിയാണ്.

ഓരോ കൂടിചേരലുകളിലൂടെ കാലം മായ്ക്കാത്ത സൗഹൃദമാണ് നാണിയിലൂടെ മാറ്റുരക്കുന്നത്. കാലത്തോടൊപ്പം സഞ്ചരിച്ചുകൊണ്ടുള്ള വീണ്ടും സൗഹൃദങ്ങളെ തേടിയിറങ്ങാൻ പ്രചോദനമേകിയ കണ്ടുമുട്ടലുകളാണ് ലത്തീഫും നാണിയും പ്രവാസവും, ജീവിതയാത്രകളും സൗഹൃദകൂട്ടുകൾക്ക് നവ്യാനുഭവമാകുന്നു. സമ്പത്ത്, സൗന്ദര്യം, സ്ഥാനം, പദവി, വിദ്യ.. ഒന്നും സൗഹൃദങ്ങളുടെ അതിരുകളല്ല. പുതുമകൾക്ക് മാറ്റുകൂട്ടുവാൻ ചിലവിട്ട നിമിഷങ്ങളിലൂടെ സൗഹൃദം തേടിയുള്ള ഈ സുഹൃത്തുക്കളുടെ യാത്ര തുടരുന്നു.






