ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സന്തോഷഭരിത ജീവിതം നയിക്കുന്നവർ ഫിൻലൻഡിലാണ് എന്നാണ് ചില കണക്കുകൾ കാണിക്കുന്നത്. വർഷത്തിൽ രണ്ട് ഏജൻസികളാണ് സന്തോഷ ജീവിതത്തെ കുറിച്ചുള്ള വിശകലനങ്ങൾ പുറത്ത് വിടാറുള്ളത്. വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് ആണ് ആദ്യത്തേത്. ജി.ഡി.പി, ആരോഗ്യം, സാമൂഹിക പിന്തുണ എന്നിവയുൾപ്പെടെയുള്ള ഘടകങ്ങളിൽ വ്യത്യസ്ത ജനവിഭാഗങ്ങൾ അവരുടെ മൊത്തത്തിലുള്ള ജീവിത സംതൃപ്തി എങ്ങനെ പരിഗണിക്കുന്നുവെന്ന് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് വിലയിരുത്തുന്നു.
ആഗോള ഡാറ്റാ കമ്പനിയായ ഇപ്സോസ് ആണ് മറ്റൊരു പ്രധാന പഠനം തയ്യാറാക്കിയിരിക്കുന്നത്. ഇപ്സോസ് ഗ്ലോബൽ ഹാപ്പിനസ് റിപ്പോർട്ട് ലോകമെമ്പാടുമുള്ള ആളുകളോട് അവരുടെ വ്യക്തിബന്ധങ്ങളിലും സാമ്പത്തിക സ്ഥിരതയിലും ആരോഗ്യത്തിലും എത്രമാത്രം സന്തുഷ്ടരാണെന്ന് ചോദിക്കുന്നു.ജനങ്ങളുടെ പ്രതികരണങ്ങൾ വിശകലനം ചെയ്താണ് അവർ സന്തുഷ്ട രാജ്യങ്ങളെ പ്രഖ്യാപിക്കുന്നത്. രണ്ട് റിപ്പോർട്ടുകളും ഈ വർഷം വിഭിന്ന ഫലങ്ങളാണ് പുറത്ത് വിട്ടത് . യു.എൻ പഠന പ്രകാരം സ്കാൻഡിനേവിയൻ രാജ്യമായ ഫിൻലൻഡ് തുടർച്ചയായി ആറാം തവണയും ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നു.
ആ നാടിനെക്കുറിച്ചും നാട്ട്കാരെ കുറിച്ചും കൂടുതൽ വായിക്കാനും അറിയാനും ഇത്തരം റിപ്പോർട്ടുകൾ പലരെയും പ്രേരിപ്പിക്കുമെന്നത് സ്വാഭാവികമാണ്. ഫിൻലൻഡുകാരെ കുറിച്ച് വായിച്ചപ്പോൾ ശ്രദ്ധയിൽ പെട്ട ചില കാര്യങ്ങൾ പഠനാർഹമാണ്. ആ നാട്ടുകാരനായ മനശ്ശാസ്ത്ര വിദഗ്ധൻ ഫ്രാങ്ക് മാർട്ടേല പറയുന്നത് മൂന്ന് കാര്യങ്ങൾ ഫിൻലൻഡുകാർ ഒരിക്കലും ചെയ്യാറില്ലത്രെ. അതിലൊന്നാമത്തെ കാര്യം ഇവർ പരസ്പരം താരതമ്യം ചെയ്യുന്ന ശീലം ഒട്ടുമില്ലാത്തവരാണ്. അതിനാൽ തന്നെ താരതമ്യേന അസൂയയും കുശുമ്പും പെരുമ നടിക്കലും ആ നാട്ടുകാരിൽ കുറവാണ്.
രണ്ടാമത്തെ കാര്യം പ്രകൃതിയെ അവർ ഒരിക്കലും അവഗണിക്കാറില്ല എന്നതാണ് . 87 ശതമാനം ഫിൻലൻഡ്കാരും തങ്ങൾക്ക് പ്രകൃതി പ്രധാനമാണെന്ന് കരുതുന്നു, കാരണം അത് അവർക്ക് മനസ്സമാധാനവും ഊർജ്ജവും വിശ്രമവും നൽകുന്നു. ഫിൻലൻഡിൽ, ജീവനക്കാർക്ക് നാലാഴ്ചത്തെ വേനൽക്കാല അവധിക്ക് അർഹതയുണ്ട്. 'നമ്മളിൽ പലരും ആ സമയം നാട്ടിൻപുറങ്ങളിലെത്താനും പ്രകൃതിയിൽ മുഴുകാനും ഉപയോഗിക്കുന്നു. വീട്ടിൽ വൈദ്യുതിയോ വെള്ളമോ ഇല്ലെങ്കിലും സൗകര്യങ്ങൾ കുറവാണെങ്കിൽ, നല്ലത്,- മാർട്ടേല പറയുന്നു.
മൂന്നാമത്തെ കാര്യം അവർ പരസ്പര വിശ്വാസത്തെ തകർക്കുന്നില്ല. ഫിന്നിഷ് പൗരൻമാർ പരസ്പരം വിശ്വസിക്കുകയും സത്യസന്ധതയെ വിലമതിക്കുകയും ചെയ്യുന്നു. നിങ്ങൾ ലൈബ്രറിയിൽ ലാപ്ടോപ്പ് മറക്കുകയോ ട്രെയിനിൽ ഫോൺ നഷ്ടപ്പെടുകയോ ചെയ്താൽ,അത് തിരികെ നിങ്ങൾക്ക് ലഭിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം,- മാർട്ടേല പറഞ്ഞു.ലോകമെമ്പാടുമുള്ള 16 നഗരങ്ങളിൽനിന്ന് 192 വാലറ്റുകൾ (പണസഞ്ചികൾ ) ഉപേക്ഷിച്ച് പൗരന്മാരുടെ സത്യസന്ധത പരീക്ഷിച്ച 2022 ലെ 'നഷ്ടപ്പെട്ട വാലറ്റ്' പരീക്ഷണവും അദ്ദേഹം ഉദ്ധരിച്ചു. ഫിന്നിഷ് നഗരമായ ഹെൽസിങ്കിയിൽ 12 വാലറ്റുകളിൽ 11 എണ്ണം ഉടമകൾക്ക് തിരികെ നൽകിയതായി അദ്ദേഹം പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു ടെലഫോൺ കാൾ എന്നെ തേടിയെത്തിയപ്പോഴാണ് ഈ കാര്യങ്ങളൊക്കെ വീണ്ടും ഓർത്തെടുക്കേണ്ടി വന്നത്. സ്വയം പരിചയപ്പെടുത്തിയതിനു ശേഷം അവർ പറഞ്ഞ് തുടങ്ങിയത് അശുഭ ചിന്തകൾ നിരന്തരം വേട്ടയാടുന്നതിനെക്കുറിച്ചാണ്. എത്ര സൗകര്യങ്ങളും സാധ്യതകളും ജീവിതത്തിൽ ലഭിച്ചിട്ടും സന്തോഷകരമായ ഒരു ജീവിതം നയിക്കാനാവുന്നില്ല എന്ന വേവലാതി അവരെ വിടാതെ പിന്തുടരുന്നതാണ് പ്രശ്നം. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്ന ശീലമുണ്ടോ; പ്രകൃതി സൗന്ദര്യം ആസ്വാദിക്കാറുണ്ടോ; പരസ്പര വിശ്വാസം നിലനിർത്താറുണ്ടോ എന്നീ ചോദ്യങ്ങൾ ചോദിച്ച് അവരുമായി കുറച്ച് നേരം സംസാരിച്ചതോർക്കുന്നു.
കയ്പേറിയ ജീവിതം പേറുന്ന പലരും അവരുടെ ജീവിതത്തിൽ സന്തുഷ്ടരല്ല. കൂടുതൽ നേരം മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നോക്കുന്നവരായിരിക്കും അവർ.
അല്ലെങ്കിൽ, മറ്റുള്ളവരുടെ ജീവിതം എത്ര ഭംഗിയുള്ളതാണെന്ന അസൂയ അവർക്ക് ഉള്ളത് കൊണ്ട് വെറുതെ സന്തോഷിക്കാൻ അവർക്ക് കഴിയില്ല. ഇതിനുള്ള ഒരു പരിഹാരം മറ്റുള്ളവർക്ക് ഉള്ളതുമായി താരതമ്യപ്പെടുത്തുന്നതിനുപകരം
നമുക്ക് ഇതിനകം ഉള്ളത് നന്ദിപൂർവ്വം ആസ്വദിക്കുക എന്നതാണ്. നമ്മുടെ ജീവിതം രസികരായ ആളുകൾ, ദയ, ഊർജ്ജസ്വലത, സുഖപ്രദമായ കാര്യങ്ങൾ തുടങ്ങി നമ്മെ സന്തോഷിപ്പിക്കുന്ന വല്ലതും നിറഞ്ഞതാണെങ്കിൽ, അത് വളരെ മികച്ചതാണെന്നറിയുക. അതിൽ അഭിമാനിക്കുക.ജീവിതം കയ്പേറിയതാണെന്ന് പറയുന്ന ആളുകൾ പലപ്പോഴും വിരസതയും ഏകാന്തതയും അനുഭവിക്കുന്നു.
കാരണം പലരും അവരുമായി ഇടപെടാൻ ആഗ്രഹിക്കുന്നില്ല. അവർ പ്രതിസന്ധികൾ സൃഷ്ടിക്കുകയും അവരുടെ 'സുഹൃത്തുക്കളിൽ' നിന്ന് സഹതാപം ലഭിക്കാൻ പലതരം നാടകങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. ഇത്തരം ആളുകൾ നെഗറ്റീവ് കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.ഇവർ എല്ലായിടത്തും എല്ലാ കാര്യങ്ങളിലും ഏറ്റവും മോശമായത് പ്രതീക്ഷിക്കുന്നു. പിന്നീട് അത് അവരുടെ ജീവിതത്തിൽ സ്വയം നിറവേറ്റുന്ന പ്രവചനമായി മാറുന്നത് കാണാം. കൂടാതെ, മറ്റുള്ളവരെ കുറ്റപ്പെടുത്താനുള്ള പ്രവണത ഇവരിൽ കൂടുതലായിരിക്കും. കാരണം അവരുടെ സ്വന്തം നിഷേധാത്മക വികാരങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് ഒഴിവാക്കാൻ ഇത് അവരെ സഹായിക്കുന്നു. കുറ്റം മറ്റുള്ളവരിലേക്ക് മാറ്റുമ്പോൾ, അവർ തങ്ങളുടെ കയ്പിനെ പരോക്ഷമായി ന്യായീകരിക്കുന്ന ഒരു ഇരയുടെ ബോധം സ്വയം നിലനിർത്തുകയാണ്.
ഖേദകരമെന്നു പറയട്ടെ, എല്ലാ ദിവസവും ഒരു പുതിയ ദിവസമാണ് എന്ന കാര്യം പലപ്പോഴും അവർ മറന്ന് പോവുന്നു.






