വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ യു ജി സിയ്ക്ക് പരാതി നല്‍കി

തിരുവനന്തപുരം - വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ യു ജി സിയ്ക്ക് പരാതി നല്‍കി. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം. ആര്‍ഷോ, നിഖില്‍ തോമസ്, കെ.വിദ്യ എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങളും കേസുകളും ചൂണ്ടിക്കാട്ടിയാണ്  സുരേന്ദ്രന്‍  യു ജി സിക്ക് പരാതി നല്‍കിയത്. വിദ്യ നിര്‍മ്മിച്ച വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ മഹാരാജാസ് കോളജിന്റെ യശസ്സ് കെടുത്തുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഗൂഡാലോചനയില്‍ പങ്കുണ്ടാകാന്‍ സാധ്യതയുണ്ടെന്നും സുരേന്ദ്രന്‍ പറയുന്നു. വിവാദം കേരളത്തിലെ ഉന്നത വിദ്യാഭ്യാസം മേഖലയെ സംശയത്തിന്റെ നിഴലിലാക്കി. വിഷയത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം. കേരളത്തിലെ സര്‍വകലാശാലകളിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കണം. സ്വയംഭരണ അവകാശമുള്ള കോളജുകള്‍ യു ജി സി ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തണം. വ്യാജ രേഖകള്‍ ഉപയോഗിച്ച്, പ്രവേശനവും ജോലിയും നേടിയതിനെക്കുറിച്ച് അന്വേഷണം വേണം തുടങ്ങിയ കാര്യങ്ങളും സുരേന്ദ്രന്‍ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

Latest News