ഉപേക്ഷിച്ചു പോയ പാലം

കൊണ്ടപ്പള്ളി കോടേശ്വരമ്മ വിധവയാകുന്നത് ഏഴാം വയസ്സിലാണ്. അവരുടെ അഞ്ചാം വയസ്സിലാണ് മുറയനുസരിച്ച്്് അവരുടെ മാതൃ സഹോദരൻ അവരെ വിവാഹം കഴിക്കുന്നത്. രണ്ടു വർഷത്തിന് ശേഷം അദ്ദേഹം മരിച്ചു പോയി. കോടേശ്വരമ്മയുടെ നാട് വിജയവാഡക്ക് അടുത്ത ഒരു ഗ്രാമമായിരുന്നു. അവരുടെ കുടുംബം ദേശീയ പ്രസ്ഥാന രാഷ്ട്രീയവുമായി ബന്ധമുള്ളതായിരുന്നു. ഗാന്ധിജിയെ നേരിട്ട് കണ്ടിട്ടുണ്ട്. സരോജിനി നായിഡുവിനെ ഖാദി നൂൽമാല അണിയിച്ച് സ്വീകരിച്ചിട്ടുണ്ട്. കുടുംബത്തിന്റെ പങ്കാളിത്തത്തിന് പുറമെ കോടേശ്വരമ്മക്കും ഈ പ്രവർത്തനങ്ങളിൽ താൽപര്യമായിരുന്നു. പത്താം വയസ്സിൽ സ്വന്തം ആഭരണങ്ങൾ മുഴുവൻ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾക്കായി സമർപ്പിക്കുകയായിരുന്നു അവർ. ഗാന്ധിജി വിജയവാഡ സന്ദർശിച്ച സമയമായിരുന്നു.
ദേശസ്‌നേഹം തുളുമ്പുന്ന പാട്ടുകൾ പാടുക എന്നത് അവർക്ക് ആവേശമായിരുന്നു. ആ പ്രദേശത്തെ പരിപാടികളിൽ എല്ലാം പാടാൻ അവരെ വിളിക്കുക പതിവായി.
പ്രവർത്തനങ്ങളിൽ ഭഗത്് സിംഗിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും മറ്റും ആശയം ഉൾക്കൊള്ളാത്തത്് അവർക്ക് ഈ പ്രസ്ഥാനത്തോട് അടുപ്പക്കുറവിനു കാരണമായി. ആ സമയത്താണ് കമ്യൂണിസ്റ്റ് നേതാക്കളായ സുന്ദരയ്യയും സി. രാജേശ്വര റാവുവുമായും പരിചയത്തിലാവുന്നത്. അങ്ങനെ കോടേശ്വരമ്മ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. ഒപ്പം സ്‌കൂൾ വിദ്യാഭ്യാസവും  മുന്നോട്ട് കൊണ്ടുപോയിരുന്നു.
രാജേശ്വര റാവുവിന്റെ സ്വാധീനത്താലാണ് അവർ കൊണ്ടപ്പള്ളി സീതാരാമയ്യയെ (പീപ്പിൾസ് വാർ ഗ്രൂപ്പ്്് നേതാവ്) വിവാഹം കഴിക്കുന്നത്. വിധവയുടെ വിവാഹം വലിയ തോതിൽ വിമർശനങ്ങൾ ഉണ്ടാക്കി. അതെല്ലാം അവഗണിച്ചുകൊണ്ട് അവർ പാർട്ടിയിൽ സജീവമായി. നാടകം, പാട്ട് തുടങ്ങിയ രംഗങ്ങളിൽ അവർ മുന്നേറി. ഗ്രാമഗ്രാമാന്തരങ്ങളിൽ പാർട്ടി ലഘുലേഖകൾ വിതരണം ചെയ്തു. പാർട്ടിക്കെതിരെ കടുത്ത നടപടികൾ വന്ന സമയത്ത് അവർക്ക് ഒളിവിൽ പോകേണ്ടി വന്നു.
തെലങ്കാന കർഷക സമരത്തിൽ നേതൃത്വപരമായ പങ്കു വഹിച്ചു. 1946-51 വരെ നടന്ന ഈ സമരത്തിൽ 3000 ഭൂരഹിത കർഷകകർക്ക് സ്വന്തമായി ഭൂമി നേടിക്കൊടുക്കാൻ കഴിഞ്ഞു.
അവരുടെ മുപ്പത്തെട്ടാം വയസ്സിൽ മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടായതുകൊണ്ട് കൊണ്ടപ്പള്ളി സീതാരാമയ്യ കോടേശ്വരമ്മയുമായി പിരിഞ്ഞു. എങ്കിലും അവർ അവരുടെ പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചില്ല.
ഇതിനിടക്ക് അവർക്ക് രണ്ട് മക്കളും ജനിച്ചിരുന്നു -ചന്ദ്രശേഖറും കരുണയും.
അവർ പഠനം തുടരാൻ തീരുമാനിച്ചു. മെട്രിക്കുലേഷൻ പാസായി. ഒരു ഹോസ്റ്റലിൽ മെട്രൻ ആയി തൊഴിലെടുത്തു. ജീവിക്കാനും പാർട്ടി ലെവി നൽകാനും പണം കണ്ടെത്തി. കൂടാതെ ആകാശവാണിയിലും മറ്റും പാട്ടെഴുതിയും പാടിയും സജീവമായി. 1964 ലെ ഇന്ത്യൻ കമ്യൂണിസ്റ്റ്്് പാർട്ടിയിലെ പിളർപ്പ് അവരിൽ വലിയ വിഷമം ഉണ്ടാക്കിയിരുന്നു. രണ്ട് പാർട്ടിക്കും അവർ ലെവി നൽകിയിരുന്നുവത്രേ.
കോടേശ്വരമ്മ അവരുടെ ആത്മകഥയിൽ പറയുന്നുണ്ട്: പാർട്ടി, മെയ് ദിനത്തിൽ എല്ലാവരോടും ഒന്നിച്ചുകൊണ്ട് മുന്നേറാൻ ആഹ്വാനം ചെയ്യും. എന്നാൽ പാർട്ടിയിൽ ഈ ഒന്നിക്കൽ ഇല്ലതാനും. പാർട്ടി വിവിധ ഗ്രൂപ്പുകളാണ്. ആരാണ്  നമ്മൾ ആഗ്രഹിച്ച തുല്യത സമൂഹത്തിൽ കൊണ്ടുവരുന്നത്? 
പാർട്ടി സ്ത്രീകളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കാത്തതും ജാതിയെ സമഗ്രമായി അഭിസംബോധന ചെയ്യാത്തതും അവർ അവരുടെ ആത്മകഥയിൽ വ്യക്തമാക്കുന്നുണ്ട്. അവരുടെ മകൻ എൻജിനീയറിംഗ് വിദ്യാർത്ഥി ആയിരിക്കേ കൊല്ലപ്പെടുകയായിരുന്നു. മകളും മകളുടെ ഭർത്താവും അകാലത്തിൽ അവരെ വിട്ടുപോയി.
അവരുടെ കൃതികളായ  അമ്മ ചെപ്പിനാ ഗെയാലു, അശ്രു സമീക്ഷണം, സങ്കമിത്ര കദളൂ, നിർജന വരാധി എന്നിവ ശ്രദ്ധേയമാണ്. തൊണ്ണൂറ്റി മൂന്നാം വയസ്സിൽ എഴുതിയ ആത്മകഥ  - നിർജന വരാധിക്കു തെലുഗു സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.
ഉപേക്ഷിക്കപ്പെട്ട പാലം എന്നാണ് നിർജന വരാധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കോടേശ്വരമ്മ, അവർക്ക് മുൻപുള്ള തലമുറയിലെ പാർട്ടി പ്രവർത്തകരുടെയും അവർക്ക് ശേഷമുള്ള പ്രവർത്തകരുടെയും പ്രവർത്തനങ്ങൾക്ക് ആവേശം പകർന്ന ആളാണ്. ഇപ്പോൾ ആ പാലം വിജനമാണ്. ആരും ആ പാലം ഉപയോഗിക്കുന്നില്ല. 
ജീവിത സായംസന്ധ്യയിലും അവർ ഊർജം പകർന്ന പാർട്ടിക്ക് ഉണർവാകാൻ കഴിയാത്തതായിരുന്നു അവരുടെ ദുഃഖം. അഞ്ചു വർഷം മുമ്പ്്്് നൂറാം വയസ്സിലാണ് കോടേശ്വരമ്മ അന്തരിച്ചത്് -ഒരു തലമുറക്ക്്് മുമ്പാകെ തന്റെ വിപ്ലവ സ്വപ്‌നങ്ങൾ അവശേഷിപ്പിച്ചുകൊണ്ട്്്. 

Latest News