ലോകമെങ്ങുമുണ്ടായിട്ടുള്ള സാമൂഹിക മാറ്റങ്ങളിൽ വിദ്യാർത്ഥികൾ വഹിച്ച പങ്ക്്് വളരെ പ്രധാനമാണ്. ജനാധിപത്യത്തിനായുള്ള പോരാട്ടങ്ങളുടെ മുൻനിരയിൽ എവിടെയും വിദ്യാർത്ഥികളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. ചൈനയിലെ വിദ്യാർത്ഥി കലാപമെല്ലാം മറക്കാറായിട്ടില്ലല്ലോ. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. സ്വാതന്ത്ര്യ സമര കാലം മുതലുള്ള ചരിത്രം പരിശോധിച്ചാൽ അതു പ്രകടമാണ്. രോഹിത് വെമുലയുടെ ആത്മഹത്യക്കു ശേഷം പോലും നാമത് കണ്ടു. പക്ഷേ രാഷ്ട്രീയ പ്രബുദ്ധമെന്നഹങ്കരിക്കുന്ന കേരളത്തിന്റെ അവസ്ഥ പൊതുവിൽ നിരാശാജനകമാണ്. രാഷ്ട്രീയ പ്രവർത്തനത്തിൽ അനിവാര്യമായ ജനാധിപത്യ ബോധം നിലനിൽക്കാത്ത ഒന്നാണ് നമ്മുടെ വിദ്യാർത്ഥി രാഷ്ട്രീയം. ഒരു തരത്തിൽ പറഞ്ഞാൽ കണ്ണൂർ മോഡൽ രാഷ്ട്രീയമാണ് വിദ്യാർത്ഥി മേഖലയിൽ നിലനിൽക്കുന്നത്. ഇപ്പോഴാകട്ടെ, ഏറ്റവും ജീർണമായ വാർത്തകളാണ് കലാലയങ്ങളിൽ നിന്നു പുറത്തു വരുന്നത്. വിദ്യാർത്ഥികൾ അരാഷ്ട്രീയക്കാരാകാനും ഉപരിപഠനത്തിനായി നാടുവിടാനും കാരണം തിരക്കി മറ്റെവിടെയും പോകേണ്ടതില്ല.
ആധുനിക കാലത്ത് ലോകം ഏറെക്കുറെ നിലവിലുള്ളതിൽ മികച്ചതെന്നു അംഗീകരിക്കുന്ന രാഷ്ട്രീയ സാമൂഹ്യ സംവിധാനമാണല്ലോ ജനാധിപത്യം. ആവിഷ്കാര സ്വാതന്ത്ര്യവും പ്രവർത്തന സ്വാതന്ത്ര്യവും പ്രതിപക്ഷ ബഹുമാനവും അതിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ജനാധിപത്യത്തിന്റെ ഈ അടിസ്ഥാന ഘടകങ്ങൾ ഉൾക്കൊള്ളാനും പഠിക്കാനും കഴിയുന്ന ഒന്നായിരിക്കണം കലാലയ രാഷ്ട്രീയം. എന്നാൽ നിർഭാഗ്യവശാൽ അവ തീരെയില്ലാത്ത ഒന്നായി കലാലയ രാഷ്ട്രീയം മാറിയിരിക്കുന്നു. പിതൃസംഘടനയിലേക്ക് ആളെ ചേർക്കലാണ് പ്രാധനാമായും നടക്കുന്നത്. മറുവശത്ത് ഭൂരിഭാഗം കലാലയങ്ങളിലും രാഷ്ട്രീയം പോലും ഇല്ലാത്ത അവസ്ഥയും സംജാതമായിരിക്കുന്നു. ഈ വിദ്യാർത്ഥി നേതാക്കളാണ് ഭാവിയിൽ നമ്മെ നയിക്കാനും ഭരിക്കാനും പോകുന്നവരിൽ ബഹുഭൂരിപക്ഷവും എന്നതാണ് നമ്മെ ഭീതിപ്പെടുത്തേണ്ടത്.
വിദ്യാർത്ഥി രാഷ്ട്രീയ രംഗത്തെ വ്യാജന്മാരെയും വ്യാജരേഖകളെയും വ്യാജ സർട്ടിഫിക്കറ്റുകളെയും കുറിച്ചുള്ള വാർത്തകളുടെ പശ്ചാത്തലത്തിൽ തന്നെയാണ് ഇതെഴുതുന്നത്. മുമ്പൊക്കെയായിരുന്നെങ്കിൽ ഇത്തരം വ്യാജവാർത്തക്കെതിരെ രംഗത്തു വരുമായിരുന്നത് മുഖ്യമായും വിദ്യാർത്ഥി സംഘടനകളാകുമായിരുന്നു. ഇപ്പോഴിതാ, അവർ തന്നെയാണ് പ്രതിക്കൂട്ടിൽ. അവരുടെ പിതൃസംഘടനകളായ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒപ്പമുണ്ട്. അവയിലെ പല നേതാക്കളുടെ ബന്ധുക്കളും അഴിമതിയിലൂടെ തൊഴിൽ നേടുന്നതായുള്ള വാർത്തകളും കുറവല്ലല്ലോ. കഴിഞ്ഞില്ല, വലിയൊരു വിഭാഗം അധ്യാപകരും കോളേജ് സർവകലാശാല അധികൃതരുമെല്ലാം ഈ കണ്ണിയിൽ അംഗങ്ങളാണെന്നതാണ് ഗൗരവകരമായ മറ്റൊന്ന്. ഇവരെയെല്ലാം ന്യായീകരിക്കാനും കുറ്റം മുഴുവൻ ഇത്തരം വാർത്തകൾ പുറത്തു കൊണ്ടുവരുന്നവരുടേതാണെന്നു സ്ഥാപിക്കാനുമായി വലിയൊരു അനുയായി വൃന്ദവും നിലവിലുണ്ടെന്നതും ചെറിയ കാര്യമല്ല. നമ്മുടെ പൊതുസമൂഹം എവിടെ എത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണത്.
ഗാന്ധി സർവകലാശാലയിൽ നിന്നും ഡിഗ്രിയുടെ 100 ഉം പി.ജിയുടെ 54 ഉം സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റുകൾ കാണാതായ വാർത്തയാണ് ഈ കുറിപ്പ് തയാറാക്കുമ്പോൾ കാണുന്നത്. യൂനിവേഴ്സിറ്റിയുടെ സീലും ഉത്തരവാദപ്പെട്ടവരുടെ ഒപ്പുമുള്ളതാണത്രേ ആ സർട്ടിഫിക്കറ്റുകൾ. അവയിൽ പേരും കോഴ്സിന്റെ പേരും എഴുതിയാൽ ആർക്കും കണ്ടുപിടിക്കാനാവാത്ത ഒറിജനൽ സർട്ടിഫിക്കറ്റായി. ഇവ നഷ്ടപ്പെടണമെങ്കിൽ ഉന്നതരുടെ പങ്കുണ്ടെന്ന് ഉറപ്പാണല്ലോ. സംസ്ഥാനത്ത് എത്രയോ പേർ ഇത്തരത്തിൽ വ്യാജ ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളുമൊക്കെ സംഘടിപ്പിച്ചിരിക്കാം. അതിനു കഴിയുക ഉന്നതങ്ങളിൽ പിടിപാടുള്ളവർക്കും നേതാക്കളുടെ അടുത്തവർക്കുമായിരിക്കുമല്ലോ.
തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വ്യക്തിയെ യൂനിവേഴ്സിറ്റി ഭാരവാഹിയാക്കാൻ ശ്രമിക്കുക, വ്യാജ പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടുക, വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കി ഉന്നത വിദ്യാഭ്യാസത്തിനു സീറ്റ് നേടുക തുടങ്ങി എത്രയോ വാർത്തകളാണ് അടുത്തയിടെ പുറത്തു വന്നത്. ഇവരിൽ വലിയൊരു ഭാഗവും ഭരണത്തിനു നേതൃത്വം നൽകുന്ന പാർട്ടിയുടെ യുവജന സംഘടനയായ എസ്.എഫ്.ഐയുമായി ബന്ധപ്പെട്ടവരാണ്. പല പാർട്ടി നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്നുറപ്പ്. പരമാവധി ന്യായീകരിക്കാനും രക്ഷയില്ലാതാകുമ്പോൾ പുറത്താക്കാനും തയാറാകുന്നു എന്നതിനാൽ അവരൊന്നും കുറ്റവിമുക്തരാകുന്നില്ല. കുറ്റാരോപിതരിൽ പലരും ഒളിവിലാണ്. മുകളിൽ നിന്നുള്ള സഹായവും പോലീസിന്റെ ഒത്താശയും കൂടാതെ അതു സാധ്യമാകുമെന്നു കരുതാമോ? മാത്രമല്ല, അതേ പ്രസ്ഥാനത്തിലെ തന്നെ പല നേതാക്കളുടെയും ബന്ധുക്കൾ അനർഹമായി പല സർവകലാശാലകളിലും ജോലി നടിയതായും നേടാൻ ശ്രമിച്ചതായുമുള്ള വാർത്തകൾ വന്നിട്ട് അധിക കാലമായിട്ടില്ലല്ലോ.
മറുവശത്ത് കെ.എസ്.യു പോലുള്ള സംഘടനകളും പരിശുദ്ധരല്ല. ഇപ്പോൾ തന്നെ കെ.എസ്.യു സംസ്ഥാന കൺവീനറും വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതായി ആരോപണമുണ്ട്. ഒരു വ്യാത്യസമുള്ളത് താൻ കാണാത്ത, അറിയാത്ത ഒന്നാണ് ആ സർട്ടിഫിക്കറ്റെന്നും ഇപ്പോഴത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആരോ നിർമിച്ചതാണെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നതാണ്. സർവകലാശാലയും പരാതി കൊടുത്തിട്ടുണ്ട്. കാത്തിരുന്നു കാണാം. മറുവശത്ത് മുഴുവൻ സമയ വിദ്യാർത്ഥി അല്ലാതിരുന്നിട്ടും കോഴിക്കോട് സർവകലാശാലയിൽ ഭാരവാഹിയാകാൻ എം.എസ്.എഫ് നേതാവ് ശ്രമിച്ചു എന്ന പരാതിയുമുണ്ട്.
വിദ്യാർത്ഥി രാഷ്ട്രീയം എത്തിച്ചേർന്ന ജീർണതയുടെ പുതിയ മുഖമാണ് ഇതിലൂടെയെല്ലാം വെളിവാകുന്നത്. മുകളിൽ സൂചിപ്പിച്ച പോലെ ജനാധിപത്യം എന്നത് കലാലയങ്ങളിൽ കാലങ്ങളായി നിലവിലില്ല. നമ്മുടെ പല കാമ്പസുകളും ചില സംഘടനകൾ മറ്റുള്ളവർക്ക് പ്രവർത്തന സ്വാതന്ത്ര്യം പോലും അനുവദിക്കാത്ത, ജനാധിപത്യ വിരുദ്ധമായ കോട്ടകളാണ്.
അവിടങ്ങളിലെ വിദ്യാർത്ഥി രാഷ്ട്രീയം ആൺ വിദ്യാർത്ഥി നേതാക്കളുടെ കൈക്കകരുത്തിന്റെ പ്രതീകം മാത്രമായിരിക്കുന്നു. പ്രതാപകാലത്ത് കെ.എസ്.യു തന്നെയാണ് ഈ പ്രവണതക്ക് തുടക്കം കുറിച്ചത്. നിരവധി എസ്.എഫ്.ഐ പ്രവർത്തകർ അവരുടെ കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്. പിന്നീട് അടിയന്തരാവസ്ഥക്കു ശേഷമുള്ള അന്തരീക്ഷമാണ് എസ്.എഫ്.ഐക്ക് കലാലയങ്ങളിൽ സ്വാധീനമുണ്ടാക്കിയത്. ആദ്യകാലങ്ങളിൽ തികച്ചും സർഗാത്മകമായിരുന്നു അവരുടെ പ്രവർത്തനം. എന്നാൽ പിന്നീടത് കണ്ണൂർ മോഡൽ രാഷ്ട്രീയത്തിലേക്ക് മാറുകയായിരുന്നു. ചുവപ്പിനല്ലാതെ മറ്റൊരു വർണത്തിനും പ്രവേശനമില്ലാത്ത കോട്ടകളായി മിക്ക കലാലയങ്ങളും മാറി. സഖ്യശക്തികളായ എ.ഐ.എസ്.എഫ് പ്രവർത്തകർ പോലും ആക്രമിക്കപ്പെട്ടു. ജനാധിപത്യത്തിന്റെ പൊടിപോലുമില്ലാത്ത കലാലയങ്ങൾ പോലും പ്രബുദ്ധമെന്നു വിശേഷിപ്പിക്കപ്പെട്ടു. തങ്ങൾക്കു ശക്തിയുള്ളിടത്ത് എ.ബി.വി.പിയും അതേ പാത പിന്തുടർന്നു.
പതുക്കെ പതുക്കെ കോളേജുകളുടെ നിയന്ത്രണവും പിന്നീട് സർവകലാശാലകളുടെ നിയന്ത്രണവുമെല്ലാം ഇടതു പാർട്ടികളുടെയും അധ്യാപക - അനധ്യാപക സംഘടനകളുടെയുമെല്ലാം സഹായത്തോടെ എസ്്.എഫ്. ഐക്കായി. അവർ കാണിക്കുന്ന പേപ്പറിൽ ഒപ്പിട്ടു കൊടുക്കാൻ കോൺഗ്രസ് നേതാവായ പ്രിൻസിപ്പലിനു പോലും തയാറാകേണ്ടി വന്നത് കാട്ടാക്കടയിൽ നാം കണ്ടു. തീർച്ചയായും ഏതാനും വർഷം മുമ്പ് ജിഷ്ണു പ്രമോയുടെ മരണം, യൂനിവേഴ്സിറ്റി കോളേജ് - ലോ കോളേജ് സംഭവവികാസങ്ങൾ തുടങ്ങിയവക്കു ശേഷം വളരെ ചെറിയ മാറ്റങ്ങൾ കാണാനുണ്ടെങ്കിലും അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും കാണുന്നില്ല. എതിരായ ചില പ്രസ്താവനകളൊക്കെ കാണുന്നുണ്ടെങ്കിലും പൊതുവിൽ കുറ്റവാളികൾക്ക് മുകളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നുണ്ടെന്നുറപ്പ്.സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം വളരെ മോശപ്പെട്ട അവസ്ഥയിലെത്താനും പഠനത്തിനായി വിദ്യാർത്ഥികൾ പുറത്തു പോകാനും പല കാരണങ്ങൾക്കൊപ്പം ഇതും ഒരു കാരണമാണ്. അതുപോലെ വിദ്യാർത്ഥികളിലും രക്ഷാകർത്താക്കളിലും വിദ്യാർത്ഥി രാഷ്ട്രീയത്തിനെതിരായ വികാരമുണ്ടാകാനും അരാഷ്ട്രീയവാദം ശക്തമാകാനുമുള്ള കാരണങ്ങളിൽ ഒന്ന് ഇതാണ്. രാഷ്ട്രീയ നേതാക്കൾ പോലും തങ്ങളുടെ മക്കളെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നു തടയുകയും രാഷ്ട്രീയം തൊട്ടുതീണ്ടാത്ത കലാലയങ്ങളിൽ പഠിപ്പിക്കുകയുമാണല്ലോ. അരാഷ്ട്രീയമായ ഒരു തലമുറയാണ് ഇവിടെ വളരുന്നത് എന്നത് ഭീതിദമായ ഒന്നാണ്. കാരണം രാജ്യത്ത് ശക്തമായിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ശക്തികൾ ആഗ്രഹിക്കുന്നത് അത്തരമാരു തലമുറയെയാണ്. അവർക്കുള്ള വിടുപണിയാണ് അറിഞ്ഞോ അറിയാതെയോ ഇവരെല്ലാം ചെയ്യുന്നത്.
കേരളത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം വളരെ ഗൗരവമായ ഒന്നാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീർണത. ഇപ്പോൾ തന്നെ ഏറെ ജീർണിച്ച നമ്മുടെ പൊതുരാഷ്ട്രീയത്തിന്റെ ഭാവി കൂടുതൽ മോശമായ ഒന്നായിത്തീരുമെന്നാണ് ഇതു നൽകുന്ന സൂചന. അത്തരമൊരു സമൂഹത്തെയായിരിക്കും ഫാസിസവും വർഗീയതയും എളുപ്പത്തിൽ കീഴടക്കുക.
അതിനാൽ തന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ഗുണനിലവാരം തിരിച്ചുപിടിക്കാനും കലാലയങ്ങളെ ജനാധിപത്യത്തിന്റെ കളരിയാക്കാനുമുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാകേണ്ട കടമ ഓരോ ജനാധിപത്യവാദിക്കുമുണ്ട്.






