മോഷ്ടിച്ച സ്‌കൂട്ടര്‍ കള്ളന്‍ അതേ സ്ഥലത്ത് തിരികെ കൊണ്ടുവെച്ചു, ഉടമയെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു

കോഴിക്കോട് - താമരശ്ശേരി പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് മോഷ്ടിച്ച സ്‌കൂട്ടര്‍ കള്ളന്‍ അതേ സ്ഥലത്തു തന്നെ തിരികെയെത്തിച്ചു. സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തിടത്ത് തന്നെയുണ്ടെന്ന് ഉടമയെ ഫോണില്‍ വിളിച്ചറിയിക്കുകയും ചെയ്തു. മനസ്സിലെ നന്‍മ കൊണ്ടൊന്നുമല്ല കള്ളന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. സ്‌കൂട്ടര്‍ മോഷ്ടിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വളരെ വ്യക്തമായിത്തന്നെ  സിസിടിവിയില്‍ പതിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പിടിക്കപ്പെടാന്‍ വലിയ കാലതാമസമൊന്നും ഉണ്ടാകില്ലെന്ന് അറിയാമായിരുന്നത് കൊണ്ടാണ് കള്ളന്‍ ഈ ' സദ്പ്രവര്‍ത്തിയില്‍ ' ഏര്‍പ്പെട്ടത്.  ചൊവ്വാഴ്ചയാണ് താമരശേരി പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നും സ്‌കൂട്ടര്‍ മോഷണം പോയത്. ഇന്നലെ രാത്രി എട്ടരയോടെ ഉടമ അബ്ബാസിന് ഒരു ഫോണ്‍ കോള്‍ വരികയായിരുന്നു, നിങ്ങളുടെ വാഹനം തിരികെ അവിടെ കൊണ്ടുപോയി വച്ചിട്ടുണ്ടെന്നാണ് ഫോണ്‍ കോളില്‍ പറഞ്ഞത്. പിന്നാലെ ഉടമ സ്ഥലത്തെത്തിയപ്പോള്‍ സ്‌കൂട്ടര്‍ അവിടെയുണ്ടായിരുന്നു. ഇയാള്‍ വിളിച്ച ഫോണ്‍ കോള്‍ റെക്കോര്‍ഡ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അബ്ബാസ് താമരശേരി പൊലീസിന് കൈമാറിയിട്ടുണ്ട്. വാഹനം തിരികെ കിട്ടിയെങ്കിലും പോലീസ് കേസുമായി മുന്നോട്ട് പോകും.

 

 

 

 

Latest News