Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സി.പി.എം കോട്ടയില്‍ വിദ്യയുടെ ഒളിജീവിതം,  പോലീസ് സുരക്ഷിത കാവലൊരുക്കി 

കോഴിക്കോട്- കേസ് രജിസ്റ്റര്‍ ചെയ്ത് പതിനഞ്ചുദിവസത്തിനുശേഷം വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ വിദ്യയെ അറസ്റ്റുചെയ്‌തെങ്കിലും അവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെക്കുറിച്ചുള്ള ഒരുവിവരവും പുറത്തുവിടാതെ പോലീസ്. അത്യന്തം നാടകീയ നീക്കങ്ങള്‍ക്കുശേഷമായിരുന്നു അറസ്റ്റ്. വിദ്യ എവിടെയാണെന്ന് പോലീസിന് നേരത്തേ തന്നെ വ്യക്തമായിരുന്നു. എന്നാല്‍ പിടികൂടാനുള്ള ഒരു നീക്കവും ഉണ്ടായില്ല. ഒടുവില്‍ അതീവ രഹസ്യമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
സി പി എമ്മിന് വ്യക്തമായ സ്വാധീനമുള്ള പ്രദേശത്തുനിന്നാണ് വിദ്യയെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ഒളിത്താവളം പോലീസിനും പാര്‍ട്ടി നേതാക്കള്‍ക്കും അറിയാമായിരുന്നു എന്ന സംശയം ശക്തമാവുകയാണ്. കേരളത്തില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഒരു കേസായിട്ടും അതിലെ പ്രതിയെ കസ്റ്റഡിയിലെടുക്കുന്ന ഒരു ചിത്രം പോലും പുറത്തുവരാതിരിക്കാന്‍ പോലീസ് ശ്രമിക്കുകയും ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് പോലും അറസ്റ്റു കഴിഞ്ഞതിനുശേഷമാണ് വിവരം അറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. വിദ്യയെ പിടികൂടിയത് പോലീസിന്റെ നാടകമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെത്തന്നെ ആരോപിച്ചിരുന്നു. തെളിവ് നശിപ്പിക്കാനുള്ള എല്ലാ അവസരവും പൊലീസ് വിദ്യയ്ക്ക് നല്‍കിയെന്നും സി പി എം നേതാക്കളുടെ അറിവോടയായിരുന്നു അറസ്റ്റെന്നും അദ്ദേഹം പറഞ്ഞിരുന്നു. കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തിയ പോലീസ് മഹാരാജാസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സുഹൃത്തിന്റെ കോഴിക്കോട് പേരാമ്പ്ര കുട്ടോത്ത് വീട്ടില്‍ നിന്നാണ് ഇന്നലെ വിദ്യയെ പിടികൂടിയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായതെന്ന് പോലീസ് പറയുന്നു. മേപ്പയൂരില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ  പേരാമ്പ്രയ്ക്ക് സമീപം കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിലായിരുന്നുവിദ്യ. ഇവിടെ നിന്ന് പുറത്തേക്ക് വന്ന സമയത്താണ് കസ്റ്റഡിയിലെടുത്തതെന്നാണ് അവകാശവാദം. 


 

Latest News