വിദ്യാര്‍ഥികളുടെ യോഗ നൃത്തം; റിയാദില്‍ അന്താരാഷ്ട്ര യോഗ ദിനാചരണം ശ്രദ്ധേയമായി

റിയാദ്- ഒമ്പതാമത് അന്താരാഷ്ട്ര യോഗാദിനാഘോഷം ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ റിയാദ് അല്‍മാദി പാര്‍ക്കില്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും സ്‌കൂള്‍ കുട്ടികളും അധ്യാപകരും ഇന്ത്യന്‍ സമൂഹ പ്രതിനിധികളും സൗദി പൗരന്മാരും സംബന്ധിച്ച ചടങ്ങിന് ഇന്ത്യന്‍ അംബാസഡര്‍ സുഹൈല്‍ അജാസ് ഖാന്‍ സ്വാഗതം പറഞ്ഞു.
നിത്യജീവിതത്തില്‍ യോഗാഭ്യാസത്തിന് വലിയ പ്രാധാന്യമുണ്ടെന്നും ആരോഗ്യസംരക്ഷണത്തിന് യോഗ ഏറെ പ്രയോജനമുള്ളതാണെന്നും പറഞ്ഞ അദ്ദേഹം ആര്‍ട്ടിക് മുതല്‍ അന്റാര്‍ട്ടിക് വരെ യോഗ, യോഗയുടെ മഹാസമുദ്രവളയം എന്നീ ഇന്ത്യന്‍ സര്‍ക്കാറിന്റെ രണ്ട് പദ്ധതികളെ പരിചയപ്പെടുത്തുകയും ചെയ്തു.
യോഗ പ്രോട്ടോകോള്‍ പ്രകാരമുള്ള പ്രാര്‍ഥനയോടെയാണ് ചടങ്ങ് തുടങ്ങിയത്. പിന്നീട് പ്രാണയാമം അടക്കമുള്ള അഭ്യാസങ്ങളാണ് നടന്നത്. വൈദേഹി നൃത്ത വിദ്യാലയത്തിലെയും ചിലങ്ക ഡാന്‍സ് അക്കാദമിയിലെയും വിദ്യാര്‍ഥികള്‍ യോഗ നൃത്തം അവതരിപ്പിച്ചു.
വ്യാസ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ പദ്മശ്രീ ഗുരുജി എച്ച്.ആര്‍ നാഗേന്ദ്ര, വൈസ് ചാന്‍സലര്‍ ഡോ. മഞ്ജുനാഥ് ശര്‍മ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഇന്ത്യന്‍ അംബാസഡര്‍ സുഹൈല്‍ അജാസ് ഖാനും ഡിസിഎം എന്‍. രാം പ്രസാദും സ്‌പോണ്‍സര്‍മാര്‍ക്കും ഡാന്‍സ് ഗ്രൂപ്പിനും മെഡിക്കല്‍ വിഭാഗത്തിനും യോഗാഭ്യാസികള്‍ക്കും മെമന്റോകള്‍ വിതരണം ചെയ്തു.

 

 

Latest News