തിരുവനന്തപുരം - സ്ത്രീത്വത്തെ അപമാനിച്ച് വാർത്ത അവതരിപ്പിച്ചുവെന്ന പരാതിയിൽ മറുനാടൻ മലയാളി ഓൺലൈൻ പോർട്ടലിൽ ഈയിടെ അവതാരകരനായെത്തിയ സുദർശ് നമ്പൂതിരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെ മറുനാടൻ മലയാളിയുടെ തിരുവനന്തപുരം പട്ടത്തെ ഓഫിസിലെത്തിയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തതെന്നാണ് വിവരം.
സുദർശ് നമ്പൂതിരി മുമ്പ് ജോലി ചെയ്ത ഭാരത് ലൈവ് എന്ന സ്ഥാപനത്തിൽ വച്ച് പീഡന കേസിലെ ഇരയായ പെൺകുട്ടിയെ അപമാനിച്ചും ഭീഷണിപ്പെടുത്തിയും വാർത്ത ചെയ്തുവെന്നാണ് പരാതി. ഇരയുടെ ചിത്രവും പേരും വെളിപ്പെടുത്തിയെന്നും ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും കൊച്ചി ഇൻഫോ പാർക്ക് പോലീസ് പറഞ്ഞു. സുദർശ് നമ്പൂതിരി ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളുകയായിരുന്നു.
ക്രൈം എഡിറ്റര് ടി.പി നന്ദകുമാറിനെതിരെ പരാതി നല്കിയ യുവതിക്കെതിരെയായിരുന്നു ഭാരത് ലൈവിലെ വാർത്ത. കേസിൽ പ്രതികളായ സുദർശ് നമ്പൂതിരി, സുമേഷ് മാർക്കോപോളോ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി, വാർത്ത നല്കും മുമ്പ് സത്യമെന്തെന്ന് അന്വേഷിക്കാൻ ഓൺലൈൻ ചാനലുകൾക്ക് കടമയുണ്ടെന്ന് ഓർമിപ്പിച്ചിരുന്നു. ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളിലുള്ള വിശ്വാസം തകർക്കണോയെന്ന് ഇത്തരം ചാനലുകൾ ആത്മപരിശോധന നടത്തണമെന്നും കോടതി പറഞ്ഞു.
അതിനിടെ, മറുനാടൻ മലയാളി അടച്ചുപൂട്ടിക്കുമെന്ന് പറഞ്ഞ പി.വി അൻവർ എം.എൽ.എയുടെ പകപോക്കൽ നടപടിയുടെ ഭാഗമാണ് സുദർശന്റെ അറസ്റ്റെന്ന് മറുനാടൻ മലയാളി പ്രതികരിച്ചു. 'ഭാരത് ലൈവ് എന്ന സ്ഥാപനത്തിൽ ജോലിചെയ്ത സമയത്തെ വാർത്തയുടെ പേരിൽ കൊച്ചി ഇൻഫോപാർക്ക് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സുദർശ് നമ്പൂതിരിയെ കസ്റ്റഡിയിലെടുത്തത്. കേസിന് ആധാരമായ വാർത്ത വായിച്ചത് സുദർശ് നമ്പൂതിരിയായിരുന്നില്ല. സുമേഷ് മാർക്കോപ്പോളോ എന്നയാളാണ് കേസിലെ ഒന്നാം പ്രതി. ഇയാൾക്കെതിരെ പോലീസ് ഇതുവരെ നടപടി സ്വീകരിച്ചില്ല. കേസിൽ പ്രതിസ്ഥാനത്തുള്ളവരുടെ മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഏതാനും ആഴ്ച മുമ്പാണ് സുദർശ് നമ്പൂതിരി മറുനാടനിൽ ചേർന്നത്. സ്റ്റേറ്റ്‌മെന്റ് എടുക്കാനെന്ന് പറഞ്ഞാണ് പോലീസ് കൊണ്ടുപോയത്. പി.വി അൻവറിന്റെ നുണകൾ പൊളിച്ച് സുദർശ് നമ്പൂതിരി വാർത്ത അവതരിപ്പിച്ചതിന്റെ പ്രതികാരമായാണ് ഇപ്പോഴത്തെ പോലീസ് നടപടിയെന്നും മറുനാടൻ മലയാളി ചൂണ്ടിക്കാട്ടി.






