Sorry, you need to enable JavaScript to visit this website.

ശ്രീരാമനും ഹനുമാനും അമേരിക്കൻ സൂപ്പർ ഹീറോകളല്ല, ആദിപുരുഷ് വിമർശത്തിൽ നടി ദീപിക ചിഖാലിയ

മുംബൈ- ശ്രീരാമനും ഹനുമാനും ആരാധനാപുരുഷന്മരാണെന്നും അമേരിക്കൻ സൂപ്പർ ഹീറോകളല്ലെന്നും നടി ദീപിക ചിഖാലിയ. പ്രഭാസ് ചിത്രമായ ആദിപുരുഷിനെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് രാമാനന്ദ് സാ​ഗറിന്റെ രാമായണ സീരിയലിൽ സീതയുടെ വേഷമിട്ട ദീപിക ചിഖാലിയയുടെ പ്രതികരണം. രാമായണം ആരാധനയുടെ ഭാ​ഗമാണെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന് അവർ പറഞ്ഞു. രാമനേയും ഹനുമാനേയും നമ്മുടെ പൂ‍ർവികരായാണ് കാണേണ്ടതെന്നും അവരുടെ ജീവിതങ്ങളിൽനിന്ന് പാഠമുൾക്കൊള്ളണമെന്നും ദീപിക ചിഖാലിയ കൂട്ടിച്ചേർത്തു. സംഘ്പരിവാർ സംഘടനകൾ ഉയർത്തിയ ഭീഷണിക്കും വിമർശനത്തിനും പിറകെ ചലച്ചിത്ര മേഖലയിലുള്ളവരും ആദിപുരുഷിനെതിരെ രം​ഗത്തുവരികയാണ്. സിനിയിലെ വിവാദ സംഭാഷണങ്ങൾ മാറ്റുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞുവെങ്കിലും വിമർശനം കുറഞ്ഞിട്ടില്ല. 
രാമായണത്തെ അവഹേളിച്ച ആദിപുരുഷ് സിനിമാസംഘത്തെ കത്തിക്കണമെന്ന് നടൻ മുകേഷ് ഖന്ന പറഞ്ഞു. സിനിമയിൽ ഉപയോ​ഗിച്ച വസ്ത്രാലങ്കാരവും സംഭാഷണങ്ങളും ഒരിക്കലും മാപ്പർഹിക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമക്കു പിന്നിലുള്ള മൊത്തം സംഘത്തെ 50 ഡി​​ഗ്രി സെൽഷ്യസിൽ കത്തിക്കണമെന്ന് തന്റെ ചാനലിൽ പറഞ്ഞ കാര്യം മുകേഷ് ഖന്ന ആവർത്തിച്ചു. രാമായണത്തെ ക്രൂരമായ തമാശയക്കായിരിക്കയാണ്. നമ്മുടെ വേദങ്ങളെ ഇങ്ങനെ അവഹേളിക്കാൻ ആരാണ് ഇവർക്ക് അധികാരം നൽകിയതെന്ന് മുകേഷ് ഖന്ന ചോദിച്ചു. റിലീസ് ചെയ്ത് ആദ്യ ദിനങ്ങളിലെ കുതിപ്പിനൊടുവിൽ പ്രഭാസ് ചിത്രമായ ആദിപുരുഷ്' ബോക്സോഫീസിൽ കിതച്ചു തുടങ്ങിയെന്നാണ് റിപ്പോർട്ട്. നാലാം ദിവസത്തെ ചിത്രത്തിന്റെ കളക്ഷനിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാല് ദിനം കൊണ്ട് 375 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.

‘ആദിപുരുഷ്’ ആദ്യത്തെ രണ്ട് ദിനങ്ങളിൽ തന്നെ 200 കോടി ക്ലബ്ബിൽ കടന്നിരുന്നു. ലോകമെമ്പാടും 240 കോടിയാണ് രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത്. ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് രണ്ടാംദിനം ആഗോളതലത്തിൽ നേടിയത് 100 കോടി രൂപയാണ്. ആദ്യദിനം 140 കോടിയും.

മൂന്നാം ദിനത്തിലും നാലാം ദിനത്തിലും കളക്ഷനിൽ കാര്യമായ ഇടിവുണ്ടായി. ഓരോ ദിവസവും ചിത്രത്തിന്റെ കളക്ഷൻ കുറഞ്ഞുവരികയാണ്. ചിത്രത്തിലെ ചില സംഭാഷണങ്ങൾ വിമർശനം നേരിട്ടതും നെ​ഗറ്റീവ് റിവ്യൂകളും വി.എഫ്.എക്സിന്റെ പേരിലുള്ള ട്രോളുകളും കളക്ഷനെ ബാധിച്ചുവെന്നാണ് നി​ഗമനം.

Latest News