'എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ' എന്ന് ഒരു സിനിമ ഗാനഭാഗമുണ്ട്. യൂത്ത് കോൺഗ്രസിലെ തെരഞ്ഞെടുപ്പിനെ ദീർഘദൃഷ്ടിയോടെ കണ്ടിട്ടാകണം തമ്പി അതു രചിച്ചത്. എ-ഐ ഗ്രൂപ്പുകൾ ഏറ്റുമുട്ടുന്ന തീപ്പാറുന്ന മത്സരത്തിന്റെ ഉഗ്രൻ താപനില നീലേശ്വരം മുതൽ പാറശാല വരെ റണ്ണിംഗ് കമന്ററിക്കു വക നൽകുന്നു. അതു താങ്ങാൻ ശേഷിയില്ലാത്ത അതീവ സീനിയർ നേതാക്കൾ മറ്റു സംസ്ഥാന പ്രസിഡന്റ് സ്ഥാനാർഥി 7500 രൂപ കെട്ടിവെക്കണം. ഇതിനേക്കാൾ ഭേദം പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ ആയിരുന്നു എന്നു ചിന്തിച്ചവർ ജീവനും കൊണ്ടു പിൻവാങ്ങി. എന്നിട്ടും 14 പേർ രംഗത്ത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു നിരക്കിൽ ചില്ലക്കാശ് കുറവില്ല. 220 പേർ രണ്ടും കൽപിച്ച് ഗോദയിൽ. ജില്ല പ്രസിഡന്റ്, സെക്രട്ടറി സ്ഥാനമോഹികൾ മൂവായിരം അടച്ചാൽ മതിയാകും. കക്ഷി കോൺഗ്രസായതിനാൽ വഞ്ചിക്കപ്പെടാം; രസീത് കൃത്യമായി വാങ്ങുന്നത് അത്യുത്തമം. 'അഞ്ഞൂറിന്റെ ഒരു ഗാന്ധി'യുണ്ടെങ്കിൽ ഏതു മണ്ടനും നിയോജക മണ്ഡലത്തിലേക്കു മത്സരിക്കാം. ഇത്രയേറെ കഷ്ടപ്പെട്ട് അധികാരമില്ലാത്ത ഈ പഞ്ഞകാലത്ത് മത്സരിക്കുന്നത് വെറുതെയല്ല. 'ആപത്തുകാലത്തു പണമങ്ങിറക്കിയാൽ അധികാര കാലത്ത് ആവോളം നേരിടാം' എന്നൊരു ചൊല്ലുണ്ട്; പാർട്ടിക്കകത്തു മാത്രം പ്രചാരത്തിലുള്ളതാണെന്നു മാത്രം. 'ലക്ഷം ലക്ഷം പിന്നാലെ' എന്ന സ്ഥാനത്തു 'കോടി'കളാകും. കേരളം ഇന്ത്യക്കു മാതൃകയാകും.
**** **** ****
19 ചെറുകിട പാർട്ടികൾ കഴിഞ്ഞ മാസവും ഒന്നിച്ചു അണിചേർന്നിരുന്നു. ഒരു സീറ്റില്ലാത്തവരും ഒപ്പം കൂടി; 'അങ്കവും കാണാം, താളിയുമൊടിക്കാം' എന്ന മട്ടിൽ. മറ്റൊരു രാജ്യത്തും ഇത്തരം പ്രതിഭാസം ഭൂതക്കണ്ണാടി വെച്ചുനോക്കിയാലും കാണില്ല. പണമുള്ളവർ രംഗത്ത്. മറ്റുള്ളവർ അതിവേഗം വീടു പുതുക്കുക. അതാണല്ലോ ജനാധിപത്യം!
ഐക്യരാഷ്ട്ര അസംബ്ലി പോലും 'ചെറുധാന്യങ്ങളുടെ' വർഷം ആചരിക്കുന്ന കാലമാണ് എന്ന് ഓർക്കണം.
തന്റെ ഭരണത്തിനെതിരെ അടിവെച്ചടിവെച്ചു നീങ്ങുന്ന കൊച്ചു കൊച്ചു പാർട്ടികളെ വീക്ഷിച്ച പ്രധാൻമന്ത്രിജിക്ക് ഉള്ളിൽ ഒരു ഗാനം മൂളണമെന്നു തോന്നിയില്ലെങ്കിലാണ് അദ്ഭുതം. 'ഗ്രാമി' പുരസ്‌കാര ജേതാവ് ഫാൽഗുനിഷായും ഹസ്ബന്റും പിന്നെ മോഡിയും ചേർന്നൊരു ഗാനം രൂപപ്പെടുത്തി. ചിന്ന പാർട്ടികൾ 'ചലോ ദില്ലി' പാടി ഗുസ്തി താരങ്ങളെയും മറ്റും കാണാൻ ആയാസപ്പെട്ടു നടക്കുന്നതു കണ്ട് മനസ്സലിഞ്ഞിട്ടാണോ, അതോ പരിഹാസം തോന്നിയിട്ടാണോ ഗാനമുണ്ടായത് എന്നു നിരൂപകൻ വിലയിരുത്തട്ടെ. 2024 ൽ പെയ്യാൻ പോകുന്ന മഴക്ക് ഇപ്പോഴേ കുട നിവർത്തണോ എന്നാണ് കുഴിമടിയന്മാർ അന്വേഷിക്കുന്നത്. അതത്രേ, ദില്ലി, ബംഗാൾ, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങി 'എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം ദുശ്ശകുനങ്ങൾ മാത്രമാകുന്നതിനു കാരണം. മമതയും ചന്ദ്രശേഖര റാവുവും കോൺഗ്രസിനെ വിരട്ടുന്നതു കണ്ടാൽ ഹൃദയമുള്ളവർ സഹിക്കില്ല. സട കൊഴിഞ്ഞാൽ പിന്നെന്തു സിംഹം? ദില്ലി നിരീക്ഷകരായ ജനങ്ങൾക്ക് ഒറ്റച്ചോദ്യമേയുള്ളൂ- പൂച്ചക്കാര് മണികെട്ടും?
**** **** ****
'വിഭാഗീയത' പിടിപെടാത്ത ഒരു ജില്ലയുമില്ല. ഡെങ്കിപ്പനിയും വിഭാഗീയതയും തമ്മിലാണ് ഒന്നാം സ്ഥാനത്തിനായുള്ള മത്സരയോട്ടം. പാലക്കാടും എറണാകുളവും പിന്നീട് ആലപ്പുഴയിലെത്തി സ്വീകരണങ്ങൾ ഏറ്റുവാങ്ങുകയാണ്. 'വിഭാഗീയത' അതിനെ നിലത്തു നിർത്താതെ ഓടിച്ചു വിടാൻ മുൻ കായികാധ്യാപകനായ എം.വി. ഗോവിന്ദൻ ചൂരൽകഷായവുമായി പിന്നാലെയുണ്ട്. എന്നാലെന്ത്, കവിഭാവനക്കു വേലി കെട്ടാനൊരുക്കമോ? അതു ഫാസിസമാകില്ലേ? ഇംഗ്ലീഷ്-മലയാളം കവി ജി. സുധാകരൻ പ്രായപരിധിയെക്കുറിച്ച് വീണ്ടും പൊട്ടിച്ച പടക്കം ഏറ്റില്ല; നനഞ്ഞുപോയി! ഏതായാലും ആലപ്പുഴ കഴിഞ്ഞു പത്തനംതിട്ടയിലേക്കും കൊല്ലത്തേക്കും വ്യാപിക്കാതിരുന്നാൽ വല്യേട്ടൻ പാർട്ടിക്കു നന്ന്. ഇന്ത്യയിലെ സ്വന്തം ആരോഗ്യനില മറക്കരുത്.
**** **** ****
ഇ.പി. ജയരാജൻ സഖാവ് ഒരു മാധ്യമ ജീവിയായി മാറാനുള്ള നീക്കമാണോ? എം.എ. ബേബി, ബാലൻ, തോമസ് ഐസക് ഡോക്ടർ എളമര കരീം തുടങ്ങിയവർ പിൻവാങ്ങിയ ലക്ഷണമാണ്. റഹീമും രാജേഷും കളിക്കാനിറങ്ങിയെങ്കിലും ഗോളടിക്കുന്നില്ല. പിന്നെ സീനിയർ സഖാവ് തന്നെയാകാം. സംസ്ഥാന കമ്മിറ്റി, തൃക്കാക്കര തോൽവി അന്വേഷണ കമ്മിറ്റി, ആ കമ്മിറ്റി, ഈ കമ്മിറ്റി തുടങ്ങിയ പല യോഗങ്ങളിലും ജയരാജൻ സഖാവ് എത്തിയിട്ടില്ല. വള്ളം കളിയിൽ 'ആർപ്പോ' വിളി ഇല്ലാത്ത അവസ്ഥയായിപ്പോയി. സ്വത്ത് സമ്പാദനം ആരോപിച്ച ചോരച്ചെങ്കതിരോൻ സഖാവിനോടു പോലും ക്ഷമിച്ച ശേഷം പല ശാരീരിക അസ്വസ്ഥതകളും ഉണ്ടെന്നാണ് കേൾവി. മന്ത്രിയായിരുന്നെങ്കിൽ വിജയേട്ടനോടൊപ്പം ക്യൂബയിലെങ്കിലും പോകാമായിരുന്നു. എന്തു ചെയ്യാം, കാലക്കേടിന് മുന്നണി കൺവീനർ മാത്രമായിപ്പോയി. പണ്ടു ജയിലിൽ ഒപ്പം കഴിഞ്ഞപ്പോൾ 'അണ്ണനും തമ്പിയും' ആയിരുന്ന കാലം പോലും മുഖ്യമന്ത്രി ഓർത്തില്ല. അമേരിക്കൻ മുതലാളിത്തത്തിൽ ഡോക്ടറേറ്റ് നേടാനുള്ള തിരക്കിനിടയിൽ മറന്നതാകാം. എം.വി. ഗോവിന്ദൻ സഖാവ് നാടുനീളെ ഓട്ടപ്രദക്ഷിണം നടത്തുന്നതാണ് ഒരു ആശ്വാസം. നമുക്ക് പണി കുറഞ്ഞു.
**** **** ****
ചാനൽ പ്രവർത്തകക്ക് എതിരേ കേസ്, പ്രതിപക്ഷ നേതാവിനെതിരെ കേസ്, കെ.പി.സി.സി പ്രസിഡന്റിനെതിരെ കേസ്.... അങ്ങനെയങ്ങനെ തലങ്ങും വിലങ്ങും കേസ് തന്നെ. ഇക്കണക്കിനു പോയാൽ ഫാസിസം കാലവർഷത്തിനു മുമ്പേ എത്തുമെന്ന കാര്യം ഉറപ്പ്. മേൽപടി പീഡിതരോടെല്ലാം ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 140 സാംസ്‌കാരിക പ്രവർത്തകരുടെ ഒരു ഭീമൻ ഹരജി (അതോ പ്രസ്താവന വഴിയുള്ള വിരട്ട് മാത്രമേ?) കോൺഗ്രസ് സംഘടിപ്പിച്ചുവത്രേ! സംസ്ഥാന സമീപ ജില്ലകളായ മംഗലാപുരത്തും കന്യാകുമാരിയിലും നിന്നു കൂടി ആളെ കൂട്ടിയിരിക്കാ. 'വാട്‌സ് ആപ്പി' നെ വിശ്വസിക്കാൻ കഴിയില്ല. കോൺഗ്രസ് നിറയെ 'ആപ്പാ'ണ്.
സമൂഹ മാധ്യമങ്ങൾ നിറയെ ഇടതു 'കാപ്‌സ്യൂളു'കൾ വീണ്ടും പ്രത്യക്ഷപ്പെടാൻ പോകുന്നു. അവ പെറ്റുപെരുകുന്ന സീസനാണ്.
**** **** ****
വേദന സംഹാരിക്കു ക്ഷാമമാണെന്നും അതിനാൽ അനേക ലക്ഷം പേർ കഷ്ടപ്പെടുന്നുവെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. അക്കൂട്ടത്തിൽ ഒന്ന് ശ്രേയാംസ്‌കുമാറും മറ്റൊന്ന് സുധാകര ഗുരുക്കളും ആണോ എന്നറിയാനുണ്ട്. ബിഹാറിലെ കാലിത്തീറ്റ ഫെയിം ലാലുപ്രസാദ് യാദവനുമായി ലോക്ദൾ ലയനം നടത്തേണ്ടി വരുമോ എന്ന വേദന ശ്രേയാംസിന്. പുരാവസ്തു നിർമാണ വിദഗ്ധൻ മോൻസൻ കാവുങ്കലിനൊപ്പം കഴിച്ച കാപ്പിയും പഴംപൊരിയും തൊണ്ടയിൽ കുരുങ്ങിയതിന്റെ വേദന ഗുരുക്കൾക്ക്. എന്തുകൊണ്ടും മുഖ്യമന്ത്രിയൊഴികെ മറ്റെല്ലാ നേതാക്കൾക്കും വേദന സംഹാരി ആവശ്യമുള്ള കാലമാണിത്. അരിക്കൊമ്പനും ചക്കക്കൊമ്പനും മറ്റു മാങ്ങ-തേങ്ങ കൊമ്പന്മാരും പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിൽ കാസർകോട് മുതൽ കൊച്ചി വരെയുള്ള യൂനിവേഴ്‌സിറ്റികളുടെ വേദന ഒന്നു കുറഞ്ഞേനേ. വല്ലാത്ത മാധ്യമ വേട്ടയല്ലേ? കെ. വിദ്യ പുതിയൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ്ധതിയാണെന്നു പറഞ്ഞാൽ ലോകം വിശ്വസിക്കേണ്ട? എന്തൊരു വല്ലാത്ത ലോകമാണപ്പാ!






