റിയാദ് - ഈ വർഷം ആദ്യ പാദത്തിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചത് 1,05,900 വിസകൾ. ഇക്കാലയളവിൽ സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് 14,352 വിസകളും അനുവദിച്ചു. സർക്കാർ വകുപ്പുകൾക്ക് അനുവദിച്ച വിസകളിൽ 5,920 എണ്ണം വനിതാ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ളതാണ്.
ഈ വർഷം ആദ്യ പാദത്തിൽ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ 2,34,000 ലേറെ പേരുടെ കുറവുണ്ടായിട്ടുണ്ട്. പ്രതിദിനം ശരാശരി 2,602 വിദേശികൾക്ക് വീതം സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടു. സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമായി ഉയർന്നിട്ടുണ്ട്. അറുപതു വയസു പിന്നിട്ട 3,20,000 ലേറെ വിദേശികൾ സൗദിയിൽ ജോലി ചെയ്യുന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കൂട്ടത്തിൽ 1,15,800 പേർ 65 വയസ് പിന്നിട്ടവരാണ്. ഇതിൽ 1,976 പേർ വനിതകളാണ്. അതേസമയം, 65 പിന്നിട്ട 13,400 സൗദികൾ മാത്രമാണ് സൗദിയിൽ ജോലി ചെയ്യുന്നത്.
നിർമാണ മേഖലയിലാണ് ഏറ്റവും കൂടുതൽ വിദേശികൾ ജോലി ചെയ്യുന്നത്. ഈ മേഖലയിൽ 24 ലക്ഷത്തിലേറെ വിദേശ തൊഴിലാളികളുണ്ട്. 2,21,000 സൗദികളും നിർമാണ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഇരുപത്തിനാലു ലക്ഷം വിദേശികൾ നിർമാണ മേഖലയിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലവസരങ്ങൾ കുറവാണെന്ന് സൗദി എൻജിനീയർമാർ പരാതിപ്പെടുന്നു. സാങ്കേതിക മേഖലയിൽ 4,88,000 ലേറെ വിദേശികളും 2,06,000 സൗദികളും ജോലി ചെയ്യുന്നു. മാനേജർ പദവി അടക്കമുള്ള ഉന്നത തസ്തികകളിൽ 1,59,000 ലേറെ പേർ ജോലി ചെയ്യുന്നു. ഈ പദവികളിൽ വിദേശികൾ 65,000 പേർ മാത്രമാണ്.






