കൊച്ചി- ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ സാമൂഹ്യ സേവന വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്സ് ഒറ്റപ്പെട്ട ഇടങ്ങളിൽ കഴിയുന്നവർക്ക് ചികിത്സയെത്തിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ ആരംഭിച്ചു. കേരളത്തിലെയും തമിഴ്നാട്ടിലെയും വിദൂരഗ്രാമങ്ങളിൽ കഴിയുന്നവരിലേക്ക് ഉന്നത നിലവാരമുള്ള ചികിത്സയെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തൃശൂർ ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്കായുള്ള മൊബൈൽ ക്ലിനിക് ഉൾപ്പെടെ കേരളത്തിലെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ആറാമത്തെ സംരംഭമാണിത്. തമിഴ്നാട്ടിൽ ചെന്നൈയും രാമനാഥപുരം ജില്ലയും കേന്ദ്രീകരിച്ച് രണ്ട് ബസുകളാണ് പ്രവർത്തനം തുടങ്ങുന്നത്.
കേരളത്തിൽ ഫ്‌ളോറ ഗ്രൂപ്പ് ഓഫ് ഹോട്ടൽസും ശാന്തിഭവൻ പാലിയേറ്റിവ് ഹോസ്പിറ്റലുമായി ചേർന്നാണ് അത്യാധുനിക വാഹനം ഒരുക്കിയിരിക്കുന്നത്. തമിഴ്നാട്ടിൽ അശോക് ലെയ്ലാൻഡ്, ആൽബൺ എയർ, തണൽ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി യാഥാർഥ്യമാകുന്നത്. ഈ ബസുകളിൽ പ്രാഥമിക ഘട്ടത്തിൽ ആവശ്യമുള്ള ചികിത്സ സംവിധാനങ്ങളും പരിശോധനകളും ഉൾപ്പെടെ എല്ലാ സേവനങ്ങളും ഉറപ്പു വരുത്തും. ദൂരെയുള്ള ആശുപത്രിയിലുള്ള വിദഗ്ധ ഡോക്ടറുമായി സംസാരിക്കുവാനും സൗകര്യമൊരുക്കും. നൂതനമായ ടെലി ഹെൽത്ത് സംവിധാനത്തിലൂടെയാണ് ഇത് സാധിക്കുന്നത്.
കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിലാണ് തൃശൂരിലേക്കുള്ള മൊബൈൽ ക്ലിനിക്കിന്റെ ഫ്‌ളാഗ് ഓഫ് നടന്നത്. ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീൻ, ഫ്‌ലോറ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.എ. ഹസൻ, ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രിയുടെ സിഇഒ ഫാദർ ജോയ് കൂത്തൂർ എന്നിവർ ചേർന്നാണ് മൊബൈൽ ക്ലിനിക് ഫ്‌ളാഗ് ഓഫ് ചെയ്തത്. ചെന്നൈയിലെയും രാമനാഥപുരത്തെയും സർവീസുകൾക്കും ഔദ്യോഗികമായി തുടക്കമിട്ടു.
ആശുപത്രികളിൽ നിന്ന് ഏറെ അകലെ താമസിക്കുന്നവർക്ക് സഞ്ചരിക്കുന്ന ഈ ക്ലിനിക്കുകൾ വലിയ ആശ്വാസമാകുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. അടിസ്ഥാന ജീവിത സൗകര്യങ്ങൾ പോലും ലഭ്യമല്ലാത്ത ഇടങ്ങളിൽ ജീവിക്കുന്ന പാവപ്പെട്ടവരിലേക്ക് ഉന്നത നിലവാരമുള്ള ചികിത്സയെത്തിക്കാൻ ഈ പ്രോജക്ടിന് കഴിയും. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കിടയിലും മെച്ചപ്പെട്ട ചികിത്സയെത്തിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ആദിവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും ആവശ്യമായ ചികിത്സ നൽകുന്നതിനായി മെഡിക്കൽ ക്യാമ്പുകൾ നടത്താനും ഉദ്ദേശ്യമുണ്ട്. രോഗനിർണയം കഴിഞ്ഞാൽ സൗജന്യമായോ ഏറ്റവും കുറഞ്ഞ നിരക്കിലോ അവശ്യ ചികിത്സ ഉറപ്പാക്കും. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഫാർമസിസ്റ്റ് എന്നിവരടങ്ങുന്ന സംഘം ഓരോ യൂനിറ്റിലും ഉണ്ടാകും.