കൊച്ചി - ഭക്ഷ്യയെണ്ണ വിലക്കയറ്റം തടയാൻ കേന്ദ്രം കടുംവെട്ടിനിറങ്ങിയത് നാളികേര മേഖലയെ തകർക്കും. ഏലം സീസൺ മുന്നിൽ കണ്ട് സ്റ്റോക്ക് ഇറക്കാൻ മധ്യവർത്തികൾ രംഗത്ത്. വയനാടൻ കാപ്പി പുതിയ ഉയരങ്ങൾ കീഴടക്കുന്നു. കുരുമുളകിന് പുതിയ ദിശ കണ്ടെത്താനായില്ല. സ്വർണ വില താഴ്ന്നു. പാചകയെണ്ണ വിലക്കയറ്റം തടയാൻ എല്ലാ അടവുകളും പയറ്റുന്ന തിരക്കിലാണ് ഭക്ഷ്യ മന്ത്രാലയം. കളം മറന്നുള്ള പയറ്റിനിടയിൽ ദക്ഷിണേന്ത്യൻ നാളികേര കർഷകർ ഞെട്ടറ്റ് വീഴുന്നത് വടക്ക് ഇരിക്കുന്നവർ അറിയുന്നില്ല.
കൊപ്രയ്ക്ക് താങ്ങ് വിലയായ 10,860 രൂപ തലക്ക് മുകളിൽ നിൽക്കുമ്പോൾ കേവലം 7600 രൂപയ്ക്ക് ചരക്ക് കൈമാറാൻ പോലും ക്ലേശിക്കുന്നു ഉൽപാദകർ. മറുവശത്ത് വിദേശ കർഷകർക്ക് വിപണി കണ്ടെത്താൻ കേന്ദ്രം ഇറക്കുമതി തീരുവ പരമാവധി ഇടിച്ചു. സൂര്യകാന്തി, സോയ എണ്ണകളുടെ ഇറക്കുമതി ഡ്യുട്ടി വാരമധ്യം അഞ്ച് ശതമാനം കുറച്ച് 17 ൽ നിന്നും 12 ശതമാനമാക്കി. ഇതിന്റെ പ്രത്യാഘാതം വെളിച്ചെണ്ണയിൽ പ്രതിഫലിക്കാൻ ഇരിക്കുന്നതേയുള്ളൂ.
കഴിഞ്ഞ മാസം 13,000 രൂപയിൽ വ്യാപാരം നടന്ന വെളിച്ചെണ്ണയിപ്പോൾ 2023 ഏറ്റവും താഴ്ന്ന വിലയായ 12,200 ലാണ്, കാങ്കയത്ത് 10,550 രൂപയും. വിപണിയിലെ കടുത്ത മത്സരം മുൻനിർത്തി ചെറുകിട മില്ലുകാർ കൊപ്ര ശേഖരിക്കുന്നത് കുറച്ചു. മാസാരംഭം 8000 രൂപയിൽ വ്യാപാരം നടന്ന കൊപ്രയ്ക്ക് 400 രൂപ ഇടിഞ്ഞു. നഷ്ടങ്ങളുടെ കണക്ക് പുസ്തകത്തിൽ താളുകൾ കുറഞ്ഞതോടെ മില്ലുകാരും നക്ഷത്രമെണ്ണുകയാണ്.
ബക്രീദ് ആഘോഷങ്ങൾക്ക് ഇനി അധിക ദിവസമില്ലെങ്കിലും അതിനു മുന്നേ പരമാവധി ഏലക്ക വാങ്ങി കൂട്ടുകയാണ് ഇടപാടുകാർ.
ആഭ്യന്തര മാർക്കറ്റിൽ ഉൽപന്നത്തിന് ഡിമാന്റ് പിന്നിട്ട രണ്ട് വർഷങ്ങളെ അപേക്ഷിച്ച് ഉയരുമെന്ന ഉറച്ച വിശ്വാസം ഏലം വിപണിയുടെ അടിത്തറ ശക്തമാക്കുന്നു. ഓഫ് സീസണിലെ ഉയർന്ന വില പ്രതീക്ഷിച്ച് ശേഖരിച്ച ഏലക്ക പലരും വിൽപ്പനയ്ക്ക് ഇറക്കുന്നു. വാരാന്ത്യം മികച്ചയിനങ്ങൾ കിലോ 1695 രൂപ ശരാശരി ഇനങ്ങൾ 1160 രൂപയിലുമാണ്.
ആഗോള വിപണിയിൽ നറുമണം പരത്തി ഇന്ത്യൻ കാപ്പി വിപണിയിൽ പതഞ്ഞ് പൊങ്ങുന്നു. ഉൽപാദനം കുറഞ്ഞതാണ് കാപ്പിയെ പുതിയ ഉയരങ്ങളിലേയ്ക്ക് നയിക്കുന്നത്. ഒരു വ്യാഴവട്ടത്തിനിടയിലെ ഏറ്റവും ഉയർന്ന തലത്തിലാണ് റോബസ്റ്റയുടെ വ്യാപാരം നടന്നത്. ബ്രസീൽ, കൊളംബിയ, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതി ചുരുങ്ങിയത് വാങ്ങൽ താൽപര്യം ആഗോള തലത്തിൽ ഉയർത്തി. വയനാടൻ വിപണിയിൽ കാപ്പി വില ക്വിന്റലിന് സർവകാല റെക്കോഡായ 24,500 രൂപയിലെത്തി. ഉണ്ട കാപ്പി ചാക്കിന് 7500 രൂപ.
കുരുമുളക് വിപണി പുതിയ ദിശ കണ്ടെത്താനുള്ള ശ്രമത്തിലാണ്. എതാനും ആഴ്ചകളായി ഉൽപന്ന വിലയിൽ മാറ്റമില്ല. കൊച്ചിയിൽ പോയ വാരം വരവ് 116 ടണ്ണിൽ ഒരുങ്ങി. ഇതാവട്ടെ പൂർണമായി നാടൻ ചരക്കുമല്ലായിരുന്നു, ഇറക്കുമതി മുളക് കലർത്തി വിൽപനയ്ക്ക് ഇറക്കുന്നവർ രംഗത്തുണ്ട്. നേരത്തെ മൂല്യവർധിതമാക്കാൻ ഇറക്കുമതി നടത്തിയ പലരും ചരക്ക് തിരിച്ചു കയറ്റേണ്ട ആവശ്യത്തിനുള്ള വാങ്ങലിലാണ്. അൺ ഗാർബിൾഡ് മുളക് 48,800 ൽ തുടരുകയാണ്.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 6350 ഡോളർ. ബ്രസീൽ 3600 ഡോളറിനും വിയറ്റ്നാം 3725 ഡോളറിനും ഇന്തോനേഷ്യ 3900 ഡോളറിനും ക്വട്ടേഷൻ ഇറക്കി. ശ്രീലങ്കൻ മുളക് വില 5200 ഡോളറാണ്. അവരുടെ വിനിമയ നിരക്ക് മെച്ചപ്പെടുന്ന സാഹചര്യത്തിൽ നിരക്ക് താഴ്ത്തി ക്വട്ടേഷൻ ഇറക്കാൻ ശ്രമം നടത്താം.
സംസ്ഥാനത്ത് സ്വർണ വില താഴ്ന്നു. ആഭരണ കേന്ദ്രങ്ങളിൽ പവൻ 44,400 ൽ നിന്നും 560 രൂപ കുറഞ്ഞ് രണ്ട് മാസത്തെ താഴ്ന്ന നിലവാരമായ 43,760 ലേയ്ക്ക് വാരമധ്യം ഇടിഞ്ഞു. മെയ് ആദ്യം രേഖപ്പെടുത്തിയ സർവകാല റെക്കോർഡ് വിലയിൽ നിന്നും പവന് 2000 രൂപയാണ് ഈ അവസരത്തിൽ കുറഞ്ഞത്. എന്നാൽ വാരാന്ത്യം വില അൽപം ഉയർന്ന് 44,080 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണം ട്രോയ് ഔൺസിന് 1958 ഡോളർ. ഇന്ത്യയിൽ നിന്നുള്ള സ്വർണ കയറ്റുമതിയിൽ കഴിഞ്ഞ മാസം പത്ത് ശതമാനം ഇടിഞ്ഞു. മേയിലെ ആഭരണ കയറ്റുമതി 22,693.41 കോടി രൂപയിൽ ഒതുങ്ങി.