ജറൂസലം- അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രായേല്‍ സൈനികരും ഫലസ്തീനികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 15 വയസ്സായ ആണ്‍കുട്ടി ഉള്‍പ്പെടെ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് ഇസ്രായേല്‍ വ്യോമസേന ഹെലിക്കോപ്റ്ററില്‍നിന്നാണ് ബോംബ് വര്‍ഷിച്ചത്. ഇസ്രായില്‍ അതിക്രമത്തില്‍ ജെനിന്‍ ക്യാമ്പില്‍ 45 ഫലസ്തീനികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഏറ്റുമുട്ടലിനിടെ ഫലസ്തീന്‍ പോരാളികള്‍ ഇസ്രായില്‍ സൈനിക വാഹനത്തിന് സമീപം റോഡരികില്‍ ബോംബ് സ്‌ഫോടനം നടത്തി. സ്‌ഫോടനത്തില്‍ കുറഞ്ഞത് 45 ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അഞ്ച് പേരുടെ നില ഗുരുതരമാണ്. അത്തിര്‍ത്തിയിലെ പാരാമിലിറ്ററിയിലേയും സൈന്യത്തിലെയും ഏഴ് അംഗങ്ങള്‍ക്ക് നിസ്സാര പരിക്കേറ്റതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
ജെനിനില്‍ റെയ്ഡ് നടത്തിയ സൈന്യത്തിനുനേരെ തിവ്രവാദികള്‍ നിറയൊഴിച്ചുവെന്നും തുടര്‍ന്നാണ് ഫലസ്തീന്‍ തോക്കുധാരികള്‍ക്ക് നേരെ വെടി വെച്ചതെന്നും ഇസ്രായില്‍ സൈന്യം പറഞ്ഞു.
സുരക്ഷാ സേന നഗരത്തില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ ഒരു സൈനിക വാഹനം സ്‌ഫോടനത്തില്‍ തകര്‍ക്കാന്‍ ശ്രമിച്ചു. സൈനികരെ രക്ഷിക്കാനാണ് ഹെലികോപ്റ്ററുകളില്‍നിന്ന് തോക്കുധാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നും ഇസ്രായില്‍ അവകാശപ്പെട്ടു.