കുട്ടികളുടെ അശ്ലീല ദൃശ്യം പണം വാങ്ങി  ടെലിഗ്രാമിലൂടെ വിറ്റിരുന്നതായി പോലീസ്

പത്തനംതിട്ട- ഓപ്പറേഷന്‍ പി ഹണ്ടില്‍ അറസ്റ്റ്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി കാഞ്ഞിരവേലി സ്വദേശി വിഷ്ണു എസ് നായരെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. വിഷ്ണുവിന്റെ കയ്യില്‍ ഉണ്ടായിരുന്ന രണ്ട് ഫോണില്‍ നിന്ന് കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കണ്ടെത്തി. ഇത് ടെലഗ്രാം വഴി പണം വാങ്ങി വില്പന നടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ മാസം ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ 133 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 449 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. റെയ്ഡില്‍ ഐടി ജീവനക്കാരടക്കം എട്ട് പേര്‍ പിടിയിലായി. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ അടങ്ങിയ 212 ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെടുത്തു.
അഞ്ച് വയസ്സ് മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളാണ് പിടിച്ചെടുത്ത ഉപകരണങ്ങളിലുള്ളത്. പിടിയിലായവര്‍ക്ക് കുട്ടിക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളതിന്റെ സൂചനകളും ലഭിച്ചിരുന്നു. ഇവരെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും സൈബര്‍ ഡോം മേധാവി ഐജി പി പ്രകാശ് അറിയിച്ചു.
സംസ്ഥാന പോലീസും സൈബര്‍ ഡോമും ചേര്‍ന്ന് മാസങ്ങളായി സംസ്ഥാനത്ത് നടത്തുന്ന സൈബര്‍ ഓപ്പറേഷനാണ് ഓപ്പറേഷന്‍ പി-ഹണ്ട്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സൈബര്‍ കണ്ണികള്‍ക്ക് വിരിച്ച വലയാണ് പി-ഹണ്ട്. ഇതിന്റെ വിവിധ ഘട്ടത്തിലായി നൂറുകണക്കിന് പേരാണ് വലയിലായത്. അശ്ലീല വിഡിയോകളും ഫോട്ടോകളും സ്മാര്‍ട് ഫോണുകളിലും ലാപ്ടോപ്പുകളിലും സൂക്ഷിക്കുകയോ, അത് സൈബര്‍ ഇടത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്കോ ഇനി അതിവേഗം കുരുക്ക് മുറുകും. പൊലീസ് ഇത്തരക്കാരെ നിരീക്ഷിച്ച് എവിടെയാണെങ്കിലും കയ്യോടെ പിടികൂടുന്ന തരത്തിലാണ് പി ഹണ്ടിന്റെ ഒരോഘട്ടവും പുരോഗമിക്കുന്നത്.

Latest News