കണ്ണൂര്‍ - കെ.എസ്.യുവും എം.എസ്.എഫും തമ്മിലുള്ള പടലപ്പിണക്കം തീര്‍ക്കാന്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി ഇരുപക്ഷവുമായി നടത്തിയ ചര്‍ച്ച വിജയം. ഇതോടെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അടക്കം യു.ഡി.എസ്.എഫ് മുന്നണിയില്‍ കെ.എസ്.യുഎം.എസ്.എഫ് സഖ്യം ഒന്നിച്ച് മത്സരിക്കാന്‍ തീരുമാനമായി. അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച് ഒന്നിച്ച് പ്രവര്‍ത്തിക്കാനും അതിനായി ഇരു സംഘടനകളുടെയും കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാനും ധാരണയായി.
കെ. സുധാകരന്റെ നേതൃത്വത്തില്‍ രാവിലെ 11ന് കണ്ണൂര്‍ ഡി.സി.സി ഓഫിസിലാണ് ചര്‍ച്ച നടത്തിയത്. ഇരു സംഘടനകളിലെയും സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു. സംസ്ഥാനതലത്തില്‍ ഇരുസംഘടനകളും തമ്മിലുള്ള പ്രശ്‌നത്തിന് ഇതോടെ പരിഹാരമായി. പ്രാദേശികതര്‍ക്കങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാനാണ് തീരുമാനം. കണ്ണൂര്‍ സര്‍വകലാശാലാ യൂനിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യുവും എം.എസ്.എഫും വെവ്വേറെ മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രശ്‌നപരിഹാരത്തിന് സുധാകരന്‍ ഇടപെട്ടത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞദിവസം അവസാനിച്ചപ്പോള്‍ എല്ലാ സീറ്റിലേക്കും കെ.എസ്.യുവും എം.എസ്.എഫും വെവ്വേറെ പത്രികകള്‍ സമര്‍പ്പിക്കുകയായിരുന്നു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വിഷയം സുധാകരനുമായി സംസാരിച്ചിരുന്നു.