ദുബായ് - സൗദി നിക്ഷേപകനെ കബളിപ്പിച്ച് 70 ലക്ഷം ദിര്‍ഹം തട്ടിയെടുത്ത സിറിയക്കാരനെയും ജോര്‍ദാനിയെയും ദുബായ് ക്രിമിനല്‍ കോടതി ശിക്ഷിച്ചു. സിറിയക്കാരന് രണ്ടു വര്‍ഷം തടവും ജോര്‍ദാനിക്ക് അഞ്ചു വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരെയും നാടുകടത്തിനും കോടതി വിധിച്ചു. ഏതാനും കാര്‍ ഷോറൂമുകള്‍ സ്വന്തമായുള്ള വ്യവസായികളാണെന്ന് അവകാശപ്പെട്ട് കുറഞ്ഞ വിലക്ക് കാറുകള്‍ നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് പ്രതികള്‍ സൗദി നിക്ഷേപകനെ കബളിപ്പിച്ചത്. സൗദി നിക്ഷേപകന്റെ വിശ്വാസം നേടിയെടുക്കുന്നതിന് നിരവധി വ്യാജ രേഖകള്‍ സംഘം കാണിച്ചുകൊടുത്തിരുന്നു.
വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തത് തെളിയിക്കുന്ന വ്യാജ കസ്റ്റംസ് രേഖകള്‍ ഹാജരാക്കി 50 കാറുകളുടെ വില സൗദി നിക്ഷേപകനില്‍ നിന്ന് സംഘം കൈക്കലാക്കി. ഒരാഴ്ചക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി കാറുകള്‍ കൈമാറുമെന്നും ഈ ഇടപാട് പൂര്‍ത്തിയായ ശേഷം കുറഞ്ഞ നിരക്കില്‍ 450 കാറുകള്‍ കൂടി വില്‍ക്കുമെന്നും സംഘം സൗദി നിക്ഷേപകനോട് വാഗ്ദാനം ചെയ്തു. പണം കൈപ്പറ്റിയ ജോര്‍ദാനിയും സിറിയക്കാരനും പിന്നീട് മുങ്ങുകയും ഫോണ്‍ കോളുകള്‍ അറ്റന്റ് ചെയ്യാതാവുകയുമായിരുന്നു. ഇതോടെ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് ബോധ്യമായ സൗദി പൗരന്‍ ദുബായ് പോലീസില്‍ പരാതി നല്‍കി. വൈകാതെ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിന് ദുബായ് പോലീസിന് സാധിച്ചു.






