ന്യൂദല്‍ഹി-കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കാം എന്ന നിലപാടാണ് ഹൈക്കമാന്റിനുള്ളതെന്നാണ് വിവരം.
കോണ്‍ഗ്രസ് പ്രസിഡന്റുമായി മുകുള്‍ വാസ്‌നിക് നടത്തിയ ചര്‍ച്ചയില്‍ കേരളത്തിലെ സംഘടനാ വിഷയങ്ങളും തീരുമാനം വൈകിപ്പിക്കരുതെന്നതും വിഷയമായി. എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, നിലവിലെ പിസിസി പ്രസിഡന്റ് എം.എം. ഹസന്‍ തുടങ്ങിയവരുമായി പല തവണ ചര്‍ച്ച നടത്തിയതിനാല്‍ ഇനി തീരുമാനം എടുക്കുകയാണ് പ്രധാനമെന്നാണ് മുകുള്‍ വാസ്‌നിക് അറിയിച്ചത്.
മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രൊഫ. കെ.വി. തോമസ്, കെ. സുധാകരന്‍ എന്നിവരാണ് പുതിയ കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് പരിഗണയില്‍ ഉള്ളത്. കൊടിക്കുന്നില്‍ സുരേഷ്, വി.ഡി. സതീശന്‍, കെ. മുരളീധരന്‍ തുടങ്ങിയവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.
വി.എം. സുധീരന്‍ രാജിവെച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി വന്ന് ഒരു വര്‍ഷമായി തുടരുന്ന കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ തുടരുന്നതും ചര്‍ച്ചയിലുണ്ട്. നിര്‍ണായകമായ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കാനും നയിക്കാനും പാര്‍ട്ടിക്കകത്തും പുറത്തും എല്ലാവരെയും സമന്വയിപ്പിക്കാനും കഴിയുന്ന നേതാവിനെയാണ് വേണ്ടതെന്നാണ് എഐസിസി നേതൃത്വം വിലയിരുത്തുന്നത്. സാമുദായിക പരിഗണനകള്‍ സ്വാഭാവികമാണെങ്കിലും അതു മാത്രം പരിഗണിച്ച് നിയമിക്കേണ്ടതില്ലെന്നാണ് രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദേശം. തനി ഗ്രൂപ്പുകളികളും അനുവദിക്കില്ല.
കെപിസിസി പ്രസിഡന്റിനോടൊപ്പം വര്‍ക്കിംഗ് പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍ തുടങ്ങിയ കാര്യങ്ങളില്‍ കൂടി തീരുമാനം എടുത്തേക്കും. പാര്‍ട്ടിയിലും യുഡിഎഫിലും പൊതുസമൂഹത്തിലും സമ്മതനും പാര്‍ട്ടിയിലെ എല്ലാവരെയും വിവിധ സമുദായങ്ങളെയും കൂട്ടിച്ചേര്‍ത്തു കൊണ്ടുപോകുക, സംഘടനയെ ശക്തിപ്പെടുത്തുക, ഫണ്ട് സ്വരൂപണം അടക്കമുള്ള കാര്യങ്ങളിലെ മികവ്, പ്രവര്‍ത്തന പരിചയം, സീനിയോറിറ്റി തുടങ്ങിയവയും ഹൈക്കമാന്‍ഡ് കണക്കിലെടുക്കും. നിയമസഭാ കക്ഷി നേതാവായി രമേശ് ചെന്നിത്തല തുടരുന്നതിനാല്‍ ഇതര സമുദായത്തില്‍ നിന്നൊരാളെ പിസിസി പ്രസിഡന്റാക്കണമെന്ന പൊതു അഭിപ്രായവും ശക്തമാണ്.