സംവിധായകനെതിരെ പൊട്ടിത്തെറിച്ച്  ഉപ്പും മുളകിലെ നായിക 

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പര ഉപ്പും മുളകിന്റെ സംവിധായകനെതിരെ ആരോപണങ്ങളുമായി നടി നിഷാ സാരംഗ്. 
മലയാളത്തിലെ ജനപ്രിയ പരിപാടിയാണ് നര്‍മത്തില്‍ ചാലിച്ച ഉപ്പും മുളകും. ഒരു കുടുംബത്തിനുള്ളില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഇതില്‍ ചിത്രീകരിക്കുന്നത്. സീരിയലിലെ എല്ലാ കഥാപാത്രവും മലയാളി പ്രക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. നായിക നീലിമയുടെ കഥാപാത്രമാണ് നിഷ അവതരിപ്പിക്കുന്നത്. വളരെ  ജനപ്രീതിനേടിയ കഥാപാത്രമാണിത്. 
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരെ നിഷയുടെ തുറന്ന് പറച്ചില്‍. സംവിധായകനില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇനി താന്‍ ഉപ്പും മുളകും സീരിയലില്‍ അഭിനയിക്കില്ലെന്നും നിഷ വ്യക്തമാക്കി. വിലക്കിയിട്ടും ഉപ്പും മുളകിന്റെ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണന്‍ തന്നോട് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ട്. പലതവണ താക്കീത് നല്‍കിയിട്ടും അയാള്‍ ആവര്‍ത്തിക്കുകയായിരുന്നുവെന്നും നിഷ  അഭിമുഖത്തില്‍ പറഞ്ഞു. ഫ്‌ളവേഴ്‌സ് ചാനലിന്റെ എം ഡി ശ്രീകണ്ഠന്‍ നായരോട് താന്‍ പലവട്ടം പരാതി പറഞ്ഞിട്ടുണ്ട്. അദ്ദേഹം സംവിധായകനെ ശാസിച്ചിരുന്നു. പക്ഷെ ഉണ്ണികൃഷ്ണന്‍ അതൊന്നും വകവെച്ചിരുന്നില്ലയെന്ന് നിഷ വെളിപ്പെടുത്തി.  നിഷ സാരംഗ് കല്യാണം കഴിച്ചിട്ടില്ലെന്നും,ഒരാളുമായി ലിവിംഗ് ടുഗതര്‍ ആണെന്നും ചില മാധ്യമങ്ങള്‍ എഴുതിയിരുന്നു.  ഇത് നിഷേധിച്ച് നിഷ തന്നെ രംഗത്തെത്തിയിരുന്നു. വീട്ടുകാരുടെ അനുവാദത്തോടെ വിവാഹം കഴിച്ചയാളാണ് താനെന്ന് നിഷ വ്യക്തമാക്കി. ഈ വ്യാജ പ്രചരണത്തിന് പിന്നിലും സംവിധായകനാണെന്നാണ് നിഷ ആരോപിക്കുന്നത്. താന്‍ ലിവിങ് ടുഗതര്‍ ആണെന്ന് സെറ്റില്‍ പറഞ്ഞ് പരത്തി അപമാനിക്കാന്‍ ശ്രമം നടന്നതായും നിഷ വെളിപ്പെടുത്തി. മദ്യപിച്ച് സെറ്റില്‍ തന്റെ ശരീരത്തില്‍ അനുവാദമില്ലാതെ ഉണ്ണികൃഷ്ണന്‍ സ്പര്‍ശിച്ചിട്ടുണ്ട്. അത് എതിര്‍ത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. മദ്യപിച്ചാണ് പലപ്പോഴും ഇയാള്‍ സെറ്റിലെത്തുന്നത്. സെറ്റിലുള്ള മറ്റ് അഭിനേതാക്കളെയും മോശമായ രീതിയിലാണ് ഇയാള്‍ അഭിസംബോധന ചെയ്യുന്നതെന്നും നിഷ ആരോപിക്കുന്നു. ആത്മ സംഘടന തനിക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നിഷ പറഞ്ഞു. സംവിധായകനോട് പറയാതെ അമേരിക്കയില്‍ പോയി എന്ന കാരണം പറഞ്ഞാണ് തന്നെ ഉപ്പും മുളകില്‍ നിന്ന് ഒഴിവാക്കിയതെന്ന് നിഷ പറഞ്ഞു. എന്നാല്‍ സംവിധായകന്റെയും എം ഡി ശ്രീകണ്ഠന്‍ നായരുടെയും അനുമതിയോടെയാണ് അമേരിക്കന്‍ പരിപാടിക്ക് പോയത്. അനുവാദം ചോദിച്ച് ശ്രീകണ്ഠന്‍ നായര്‍ക്ക് അയച്ച മെയിലും അദ്ദേഹത്തിന്റെ മറുപടി മെയിലും ഇതിന് തെളിവായുണ്ടെന്ന് നിഷ പറയുന്നു. സീരിയില്‍ നിന്ന് പുറത്താക്കിയ വിവരം സംവിധായകനോ ബന്ധപ്പെട്ടവരോ തന്നെ അറിയിച്ചിട്ടില്ലെന്നും നിഷ പറഞ്ഞു. 
 തനിക്കെതിരെയുള്ള ദേഷ്യം കഥാപാത്രത്തോടാണ് സംവിധായകന്‍ പ്രകടിപ്പിക്കുന്നതെന്നും നിഷ ആരോപിക്കുന്നു. നീലുവെന്ന കഥാപാത്രം മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയതായാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ഒരു വ്യക്തിയോടുള്ള പക സംവിധായകന്‍ കഥാപാത്രത്തോട് തീര്‍ക്കുകയാണെന്നും നിഷ ആരോപിക്കുന്നു. 
സീരിയല്‍ രംഗത്ത് തിരക്കുള്ള താരമാണ് നിഷ. നിരവധി മലയാള ചിത്രങ്ങളിലും അവര്‍ വേഷമിട്ടിട്ടുണ്ട്. അഭിമുഖത്തില്‍ പലപ്പോഴും നിഷ പൊട്ടിക്കരയുന്നുണ്ടായിരുന്നു. 
 

Latest News