​ഉഗാണ്ടയില്‍ സ്‌കൂളിനു നേരെ ഭീകരാക്രമണം; 38 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 41 പേര്‍ കൊല്ലപ്പെട്ടു

കംപാല- ഉഗാണ്ടയില്‍ കോംഗോ അതിര്‍ത്തിയിലുള്ള സെക്കന്‍ഡറി സ്‌കൂളിലുണ്ടായ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. 38 പേര്‍ വിദ്യാര്‍ഥികളാണ്. ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് പോണ്ട്വെ ലുബിറിഹ മേയര്‍ സെല്‍വെസ്റ്റ് മാപോസ് പറഞ്ഞു. 

സംഭവത്തില്‍ എട്ടു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ആറു പേരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കാവല്‍ക്കാരനും രണ്ടു പേര്‍ നാട്ടുകാരുമാണ്. നാട്ടുകാരെ സ്‌കൂളിനു പുറത്തു വെടിവച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. കുട്ടികളെ ഡോര്‍മിറ്ററിക്കു തീവച്ചാണു കൊലപ്പെടുത്തിയത്.

സ്‌കൂളില്‍ കൂട്ടക്കൊല നടത്തിയ ഭീകരര്‍ അതിര്‍ത്തി കടന്നു കോംഗോയിലേക്കു രക്ഷപ്പെട്ടതായാണ് വിവരം. ഭീകര സംഘത്തില്‍ അഞ്ചു പേരാണ് ഉണ്ടായിരുന്നതെന്ന് സൈനിക വക്താവ് ബ്രിഗേഡിയര്‍ ഫെലിക്‌സ് കുലയിഗ്യേ പറഞ്ഞു.

കോംഗോയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാത്രമാണ് സ്‌കൂളിലേക്കുള്ള അകലം. ഭീകരര്‍ തട്ടിക്കൊണ്ടുപോയവരെ രക്ഷപ്പെടുത്താന്‍ ഉഗാണ്ടന്‍ സേനയുടെ ശ്രമം പുരോഗമിക്കുകയാണ്. കോംഗോയിലെ വിറുംഗ നാഷനല്‍ പാര്‍ക്കിന്റെ ഭാഗത്തേക്കാണ് ഇവര്‍ പോയതെന്നാണ് സൈന്യം പറയുന്നത്. 

ഐ. എസുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ് (എ. ഡി. എഫ്) എന്ന സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. സ്‌കൂളുകള്‍ കത്തിക്കുന്നതും വിദ്യാര്‍ഥികളെ കൊല്ലുന്നതും തട്ടിക്കൊണ്ടുപോകുന്നതുമാണ് ഈ സംഘടനയുടെ രീതി. 

Latest News