Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സിറ്റി-ട്രെബിൾ, ട്രബ്ൾ

അസാധാരണമായ സീസണായിരുന്നു ഇത് മാഞ്ചസ്റ്റർ സിറ്റിക്ക്. എഫ്.എ കപ്പും പ്രീമിയർ ലീഗ് കിരീടവും നേടിയ അവർ ചാമ്പ്യൻസ് ലീഗും നേടി യൂറോപ്പ് കീഴടക്കിയത് തിങ്കളാഴ്ച ഡബ്ൾ ഡക്കർ ബസിലേറി ആഘോഷിച്ചു. ചരിത്രത്തിലാണ് സിറ്റി സ്ഥാനം നേടിയത്. 1972 ലെ അയാക്‌സ്, 1999 ലെ മാഞ്ചസ്റ്റർ യുനൈറ്റഡ്, 2009 ലെ ബാഴ്‌സലോണ എന്നീ ടീമുകൾക്കൊപ്പം ചേർത്തുപറയാനാവും 2023 ലെ മാഞ്ചസ്റ്റർ സിറ്റിയെ. 

കാറ്റൊഴിഞ്ഞ ബലൂൺ
പ്രയാസകരമായാണ് ഈ സീസൺ തുടങ്ങിയത് എന്ന് ഇപ്പോൾ ആലോചിക്കാൻ പോലുമാവില്ല. തുടർച്ചയായി രണ്ടു തവണ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായതോടെ കളിക്കാരുടെ ആവേശം അടങ്ങിയെന്ന് ജൂലൈയിലാണ് അസിസ്റ്റന്റുമാരോട് കോച്ച് പെപ് ഗാഡിയോള പരാതി പറഞ്ഞത്. എങ്ങനെ അത് പരിഹരിക്കുമെന്ന് തനിക്ക് അറിയില്ലെന്നും. 
ഒരു ക്ലബ്ബിലും നാലു വർഷത്തിലേറെ ഗാഡിയോള തുടർന്നിട്ടില്ല. ബാഴ്‌സലോണയിൽ പോലും. ഇത്തിഹാദ് സ്‌റ്റേഡിയത്തിൽ ഏഴാം വർഷമായിരുന്നു ഇത്. പക്ഷേ അത്യുജ്വലമായിരുന്നു

ടീമിന്റെ തിരിച്ചുവരവ് 

ഹാളന്റിന് ചുറ്റുംപ്രി സീസണിൽ ചെൽസിയെ 4-0 ന് ആഴ്‌സനൽ തകർത്തത് വരാനിരിക്കുന്നതിന്റെ സൂചനയായിരുന്നു. പ്രീമിയർ ലീഗിന്റെ തുടക്കത്തിൽ കുതിക്കുകയായിരുന്നു ആഴ്‌സനൽ. സിറ്റി ടീമിലേക്ക് പുതുതായി എത്തിയ എർലിംഗ് ഹാളന്റ് തുറന്ന അവസരം പാഴാക്കിയതോടെ കമ്യൂണിറ്റി ഷീൽഡിൽ ലിവർപൂളിനോട് അവർ 1-3 ന് തോറ്റു. മത്സരത്തിനു ശേഷം ഹാളന്റിനെ ഗാഡിയോള അടുത്തേക്ക് വിളിച്ചു. കോച്ച് വാ തുറക്കും മുമ്പെ ഹാളന്റ് സമാധാനിപ്പിച്ചു, ഭയപ്പെടേണ്ട, ഞാൻ ഗോളടിക്കും. അടുത്ത അഞ്ചു കളികളിൽ ഒമ്പതു ഗോളടിച്ചു ഹാളന്റ്. ക്രിസ്റ്റൽ പാലസിനും നോട്ടിംഗാം ഫോറസ്റ്റിനുമെതിരെ ഹാട്രിക് നേടി. 52 ഗോളുകളാണ് സീസണിൽ ആ ബൂട്ടിൽ നിന്നു പിറന്നത്. ഹാളന്റിന്റെ കഴിവിനൊത്ത വിധം സിറ്റി ശൈലി മാറ്റിയെടുക്കാൻ ഗാഡിയോളക്ക് സാധിച്ചു. പന്ത് കിട്ടിയാൽ ആദ്യം ഹാളന്റിനെ നോക്കാൻ ക്രിയേറ്റിവ് കളിക്കാരോട് ഗാഡിയോള നിർദേശിച്ചു. ഹാളന്റ് എങ്ങനെയാണ് ഗ്രൗണ്ടിൽ നീങ്ങുന്നത് എന്നതിന്റെ വീഡിയൊ അവരെ കാണിച്ചു.

കോച്ചിന്റെ കരാർ
ഗാഡിയോള കരാർ പുതുക്കുമോയെന്നായിരുന്നു സീസൺ തുടങ്ങുമ്പോൾ സിറ്റിയുടെ പ്രധാന ആശങ്ക.  ബയേൺ മ്യൂണിക്കിൽ നിന്ന് ജൂലിയൻ നാഗൽസ്മാനെ കൊണ്ടുവരുമായോന്ന ചർച്ച അരങ്ങേറി. ലോകകപ്പ് ഇടവേളയിലാണ് ഗാഡിയോള അബുദാബിയിലെത്തി കരാർ നീട്ടിയത്. 

ഒരേയൊരു റിക്കൊ 
പരിശീലനത്തിൽ പല കളിക്കാരുടെയും ശരീരഭാഷ കോച്ചിനെ ചൊടിപ്പിച്ചു. ജനുവരിയിൽ സൗതാംപ്റ്റനോട് ലീഗ് കപ്പിലും മാഞ്ചസ്റ്റർ യുനൈറ്റഡിനോട് പ്രീമിയർ ലീഗിലും തോറ്റു. ടോട്ടനത്തിനെതിരെ 0-2 ന് പിന്നിലായ ശേഷം 4-2 ന് ജയിച്ചാണ് ഐതിഹാസിക തിരിച്ചുവരവ് ആരംഭിച്ചത്. എന്നിട്ടും ഡ്രസിംഗ് റൂമിൽ ടീനേജ് ഡിഫന്റർ റിക്കൊ ലൂയിസ് ഒഴികെ കളിക്കാരെ അദ്ദേഹം നിർത്തിപ്പൊരിച്ചു. എട്ടാം വയസ്സിൽ സിറ്റി അക്കാദമിയിലെത്തിയതു മുതൽ കോച്ചുമാരുടെ പ്രശംസ പിടിച്ചുപറ്റുന്ന കളിക്കാരനാണ് റിക്കൊ. അഹങ്കാരമില്ലാത്ത അപൂർവം കളിക്കാരിലൊരാളാണ് പതിനെട്ടുകാരനെന്ന് കോച്ച് പുകഴ്ത്തി. റിക്കോയെ കണ്ടാണ് ജനുവരിയിൽ ജോ കാൻസെലോയെ ഗാഡിയോള കൈവിട്ടത്. 

തരംതാഴ്ത്തലിന്റെ വക്കിൽ
ഫെബ്രുവരി ആറ് പൊട്ടിവിടർന്നത് ഞെട്ടിക്കുന്ന വാർത്തയുമായാണ്. പ്രീമിയർ ലീഗിന്റെ സാമ്പത്തികച്ചട്ടങ്ങൾ നൂറിലേറെ തവണ മാഞ്ചസ്റ്റർ സിറ്റി ലംഘിച്ചതായി ഉടമകൾക്ക് നോട്ടീസ് ലഭിച്ചു. 2009 നും 2018 നുമിടയിലുള്ള കണക്കായിരുന്നു ഇത്. കിരീടം റദ്ദാക്കുമെന്നും തരംതാഴ്ത്തുമെന്നുമുള്ള വാർത്തകൾ കളിക്കാരെ അസ്വസ്ഥമാക്കി. ഭയമകറ്റാൻ സിറ്റി അധികൃതർ നേരിട്ട് ഡ്രസിംഗ് റൂമിലെത്തി. ഇതിനകം ശിക്ഷിക്കപ്പെട്ട കാര്യങ്ങളാണ് ഈ പരാതികളെന്നും കളിക്കളത്തിൽ സിറ്റിയെ പ്രതിരോധിക്കണമെന്നും കളിക്കാരെ ഗാഡിയോള പ്രചോദിപ്പിച്ചു. അത് വഴിത്തിരിവായി. ഫെബ്രുവരി ആറിനു ശേഷം സിറ്റി കളിച്ച 28 മത്സരങ്ങളിൽ ഒരെണ്ണം മാത്രമാണ് തോറ്റത്. കിരീടം ഉറപ്പിച്ച ശേഷം മേയിൽ ബ്രന്റ്ഫഡിനോട്. 

ഇത്തിഹാദിലെ വിജയങ്ങൾ
ഏപ്രിലിൽ ആഴ്‌സനലിനേക്കാൾ എട്ട് പോയന്റ് പിന്നിലായിരുന്നു സിറ്റി. കളിക്കാർക്ക് ഗാഡിയോള നൽകിയത് ഒരേയൊരു സന്ദേശമാണ് -തൊട്ടുതൊട്ടു നിൽക്കുക, ബാക്കി  ഇത്തിഹാദ് സ്‌റ്റേഡിയത്തിൽ കാണാം. ആ കളി ഏപ്രിൽ 26 നായിരുന്നു. 
ആഴ്‌സനലിനെ 4-1 ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ തോൽപിച്ചതോടെ സിറ്റി മേൽക്കൈ നേടി. നാലു കളികൾക്കു ശേഷം അവർ കിരീടം നിലനിർത്തി. ആറു വർഷത്തിനിടയിൽ അഞ്ചാം തവണ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി. അവസാനം യൂറോപ്പ് കീഴടക്കി. 
പ്രീമിയർ ലീഗിൽ ഫെബ്രുവരിയായിരിക്കാം വഴിത്തിരിവ്. ചാമ്പ്യൻസ് ലീഗിൽ അതിനു മുമ്പെ തുടങ്ങിയിരുന്നു. 2022 മേയിൽ, കഴിഞ്ഞ സീസണിലെ സെമിയിൽ റയൽ മഡ്രീഡിനോട് തോറ്റതിന് പിന്നാലെ. രണ്ടാം പാദത്തിലെ ഇഞ്ചുറി ടൈം വരെ ആ കളി സിറ്റിയുടേതായിരുന്നു. കരീം ബെൻസീമയാണ് അത് കീഴ്‌മേൽ മറിച്ചത്. അന്ന് തോറ്റതിന് ഒരേയൊരു കാരണം മനക്കരുത്തില്ലായ്മയാണെന്ന് ഗാഡിയോള ആവർത്തിച്ചു. സിറ്റി ഫുട്‌ബോൾ അക്കാദമിയിലെ തന്റെ ഓഫീസിലിരുന്ന് ബെർണബാവുവിലെ ആ കളി വീണ്ടും വീക്ഷിച്ചപ്പോൾ ഒരുക്കൽ കൂടി തങ്ങൾക്ക് റയലിനെ കിട്ടണമെന്ന് ഗാഡിയോള കളിക്കാരോട് പറഞ്ഞു. ഈ കളിക്കാരുടെ മനക്കരുത്തിനെക്കുറിച്ച ചോദ്യചിഹ്നം എന്നെന്നേക്കുമായി നീക്കണമെന്ന് കോച്ച് ആഗ്രഹിച്ചു. അതു തന്നെയാണ് സംഭവിച്ചത്. ബെർബണബാവുവിൽ 1-1 സമനില പാലിച്ച സിറ്റി ഇത്തിഹാദിൽ റയലിനെ  4-0 ന് തുരത്തി. രണ്ടാം പാദം സിറ്റി അടക്കിവാണു. റയൽ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. 

അസാധ്യ സ്വപ്‌നം
സീസണിലുടനീളം സിറ്റിയുടെ ട്രയ്‌നിംഗ് ഗ്രൗണ്ടിൽ മൂന്ന് ട്രോഫികളുടെ ചിത്രമുണ്ടായിരുന്നു -പ്രീമിയർ ലീഗിന്റെയും എഫ്.എ കപ്പിന്റെയും ചാമ്പ്യൻസ് ട്രോഫിയുടെയും. മുകളിൽ ഞങ്ങളുടെ ലക്ഷ്യം എന്ന കുറിപ്പും. പത്രസമ്മേളനങ്ങളിൽ ഗാഡിയോള അതിന്റെ സാധ്യത തള്ളി. അസാധ്യമായ കാര്യമെന്ന് പറഞ്ഞു. ഇംഗ്ലിഷ് ഫുട്‌ബോളിൽ ഒരാൾ മാത്രമേ ഹാട്രിക്  കിരീടം നേടിയിട്ടുള്ളൂ, കാൽ നൂറ്റാണ്ട് മുമ്പ് സർ അലക്‌സ് ഫെർഗൂസൻ. ഇന്റർ മിലാനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ 1-0 ന് തോൽപിച്ചതോടെ ആ ലക്ഷ്യവും പൂവണിഞ്ഞു. രണ്ട് വ്യത്യസ്ത ക്ലബ്ബുകൾക്ക് ഹാട്രിക് കിരീടം നേടിക്കൊടുക്കാൻ ഗാഡിയോളക്ക് സാധിച്ചു. 
മൂന്ന് ട്രോഫികളിൽ സിറ്റി ഏറ്റവും വിയർത്തത് ചാമ്പ്യൻസ് ലീഗിനായിരുന്നു. ഇസ്താംബൂളിലെ അത്താതുർക്ക് ഒളിംപിയത് സ്റ്റേഡിയത്തിൽ അറുപത്തെട്ടാം മിനിറ്റിലെ റോഡ്രിയുടെ ഗോളിനു ശേഷം ഇന്ററിന് പലതവണ തിരിച്ചടിക്കാൻ അവസരം കിട്ടി. ഫൈനലിനു ശേഷം ഒരു മണിക്കൂറോളമാണ് കളിക്കാർ ഗ്രൗണ്ടിൽ ആഘോഷിച്ചത്. 
പുലരും വരെ ഡ്രസിംഗ് റൂമിലും. ഒരുപാട് തവണ കപ്പിനും ചുണ്ടിനുമിടയിൽ കൈവിട്ടുപോയ കിരീടമായിരുന്നു അത്. നിരവധി കളിക്കാർ ഇബിസയിലെ റിസോർട്ടിൽ ദിവസങ്ങളോളം ആഘോഷിച്ചു. ഉയർച്ചതാഴ്ചകൾ, പ്രതിസന്ധികൾ, പരിഹാരങ്ങൾ... ഒടുവിൽ ഗാഡിയോളയുടെ 'അസാധ്യ സ്വപ്‌നം' പൂവണിയുക തന്നെ ചെയ്തു. 

Latest News