നോവക് ജോകോവിച്ച് എന്ന ടെന്നിസ് താരത്തിന്റെ പ്രതിഭയെക്കുറിച്ച് ആർക്കും സംശയമില്ല. പ്രത്യേകിച്ച് ഫ്രഞ്ച് ഓപൺ ഫൈനലിൽ കാസ്പർ റൂഡിനെ നേരിട്ടുള്ള സെറ്റുകളിൽ തോൽപിച്ച് ഇരുപത്തിമൂന്നാമത്തെ ഗ്രാന്റ്സ്ലാം കിരീടം നേടിയ ശേഷം. ചരിത്രത്തിൽ ഒരു പുരുഷ താരത്തിനും സാധിക്കാത്ത നേട്ടം. വനിതകളിൽ ഓപൺ യുഗത്തിൽ സെറീന വില്യംസിന് മാത്രം സാധിച്ച കാര്യം. നിശ്ചയദാർഢ്യമാണ് നോവക്കിനെ നയിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാവണമെന്ന കരളുറപ്പ്. വിവാദങ്ങളിലൂടെയാണ് എന്നും നോവക്കിന്റെ യാത്ര.
റഫായേൽ നദാലിന്റെ 22 ഗ്രാന്റ്സ്ലാമുകളെന്ന റെക്കോർഡ് മറികടക്കുകയെന്നത് മുപ്പത്താറുകാരന് ജന്മാഭിലാഷമായിരുന്നു. കാരണം ചരിത്രത്തിലെ തന്റെ സ്ഥാനത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ട് സെർബിയൻ താരത്തിന്. നാല് ഗ്രാന്റ്സ്ലാമുകളിലോരോന്നും മൂന്നു തവണയെങ്കിലും നേടിയ ഒരു കളിക്കാരനേയുള്ളൂ ചരിത്രത്തിൽ. നോവക്കിന്റെ ഓൾറൗണ്ട് മികവിന്റെ വിളംബരമാണ് അത്. നദാലിന് ക്ലേയും റോജർ ഫെദരർക്ക് ഗ്രാസുമാണ് പഥ്യം.
ഓരോ ചെറുപ്പക്കാരനോടും പറയാനുണ്ട്, ഞാൻ വിംബിൾഡണും ലോക ഒന്നാം നമ്പറും സ്വപ്‌നം കണ്ടിരുന്ന ഏഴു വയസ്സുകാരനായിരുന്നുവെന്ന് -23 ാം ഗ്രാന്റ്സ്ലാം നേടിയ ശേഷം നോവക് പറഞ്ഞു. സ്വന്തം ഭാഗധേയം നിർണയിക്കാൻ കരുത്തുള്ള വ്യക്തിയാണ് ഞാൻ. ആ വിശ്വാസം എന്റെ ഓരോ കോശത്തിലുമുണ്ട്. ഈ നിമിഷത്തിലാണ് ഞാൻ ജീവിക്കുന്നത്, ഭൂതകാലത്തിലല്ല. നിങ്ങൾക്ക് വേണ്ടത് നല്ല ഭാവിയാണെങ്കിൽ, നിങ്ങൾ അത് സൃഷ്ടിക്കുകയാണ് വേണ്ടത് -നോവക് പറയുന്നു.
നദാലും ഫെദരറും എപ്പോഴും ആദരിക്കപ്പെടുന്നവരാണ്. എന്നാൽ നോവക്കിനോട് ചിലർക്ക് അടങ്ങാത്ത അഭിനിവേശമാണ്, മറ്റു ചിലർക്ക് അടങ്ങാത്ത വെറുപ്പും.
കളിക്കളത്തിലെ അതുല്യ നേട്ടങ്ങൾക്കൊപ്പം പുറത്തെ വിവാദങ്ങളിലൂടെയുമാണ് നോവക് ജീവിച്ചത്. ഫ്രഞ്ച് ഓപണിൽ തന്നെ ആദ്യ റൗണ്ടിൽ ബാൾക്കൻ രാഷ്ട്രീയത്തിൽ അനാവശ്യമായി കൈ കടത്തി നോവക്. കോസൊവൊ എന്നാൽ സെർബിയയുടെ ഹൃദയമാണെന്ന് പ്രഖ്യാപിച്ചു. നൂറോളം രാജ്യങ്ങൾ അംഗീകരിച്ച സ്വതന്ത്ര രാഷ്ട്രത്തെയാണ് സെർബിയയുടെ ഭാഗമാക്കാൻ നോവക് ശ്രമിച്ചത്.
സെമിഫൈനലിൽ എതിരാളി കാർലോസ് അൽകാരസ് പേശിവേദനയുമായി എഴുന്നേറ്റു നിൽക്കാൻ വിഷമിക്കുമ്പോൾ മുഷ്ടി ചുരുട്ടി കരുത്തുകാട്ടിയത് റോളാങ്ഗാരോയിലെ കാണികൾക്ക് ഇഷ്ടപ്പെട്ടില്ല. ഇതെനിക്ക് പ്രശ്‌മേയല്ല, ഇത് ആദ്യത്തേതല്ല, അവസാനത്തേതും, ഞാൻ ജയിച്ചു കൊണ്ടിരിക്കും -ഇതായിരുന്നു അവരോടുള്ള നോവക്കിന്റെ പ്രതികരണം.
കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ വിസമ്മതിച്ചതാണ് ഏറ്റവും വലിയ വാർത്ത സൃഷ്ടിച്ചത്. 2022 ലെ ഓസ്‌ട്രേലിയൻ ഓപണിന് കോവിഡ് വാക്‌സിൻ സ്വീകരിക്കാതെ എത്തിയ നോവക്കിനെ ഓസ്‌ട്രേലിയ നാടു കടത്തി. ഈ വർഷം വാക്‌സിനടിക്കാതെ തന്നെ വന്ന് നോവക് ചാമ്പ്യനായി. ഇതേ കാരണത്താൽ അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിലക്ക് ലഭിച്ചു. യു.എസ് ഓപൺ കളിക്കാനായില്ല.
2020 ലെ യു.എസ് ഓപൺ വനിത ലൈൻ ജഡ്ജിക്കു നേരെ പന്തടിച്ചതിന് നോവക്കിന് വിലക്ക് ലഭിച്ചു. നോവക്കിന്റെ പല വിശ്വാസങ്ങളും അബദ്ധജടിലമാണ്. പോസിറ്റിവ് ചിന്തയിലൂടെ വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും മിശ്രണം മാറ്റാമെന്നതാണ് ഒന്ന്. ബോസ്‌നിയയിലെ ഒരു പർവതത്തിന് ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശേഷിയുണ്ടെന്നതാണ് മറ്റൊന്ന്. അസാധ്യമാണ് ആ ഭക്ഷണ രീതി. റബർ പോലെയുള്ള ശരീരം വെറുതെയുണ്ടായതല്ല.
ജർമനിയിൽ മ്യൂണിക്കിൽ ടെന്നിസ് പരിശീലനത്തിനായി പന്ത്രണ്ടാം വയസ്സിൽ ബെൽഗ്രേഡിലെ വീട് വിട്ടതാണ് നോവക്. അക്കാലത്ത് ബെൽഗ്രേഡിൽ നാറ്റൊ ബോംബാക്രമണം തുടരുകയായിരുന്നു.
2008 ലെ ഓസ്‌ട്രേലിയൻ ഓപണിലാണ് ആദ്യ ഗ്രാന്റ്സ്ലാം ജയിച്ചത്. 15 കോടി പ്രൈസ് മണിയെന്ന കടമ്പ ആദ്യം കടന്നത് നോവക്കായിരുന്നു. 2011 ൽ മൂന്ന് ഗ്രാന്റ്സ്ലാമുകൾ ജയിച്ച് ലോക ഒന്നാം നമ്പറായി. ഇപ്പോഴും നോവക്കിന് തളർച്ചയില്ല. 30 കഴിഞ്ഞ ശേഷം നേടിയത് 11 ഗ്രാന്റ്സ്ലാമുകളാണ്. ഇനിയും ഒരുപാട് നേടാനിരിക്കുന്നു.