മുംബൈ-തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാരംഗങ്ങളില്‍ കഴിഞ്ഞ 18 വര്‍ഷമായി നിറഞ്ഞുനില്‍ക്കുന്ന അഭിനേത്രിയാണ് തമന്ന. ജീ കര്‍ദ എന്ന തന്റെ ആദ്യത്തെ വെബ് സീരീസിന്റെ പ്രമോഷനുമായി തിരക്കിലാണ് തമന്നയിപ്പോള്‍. കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ താരം കല്യാണത്തെക്കുറിച്ചുള്ള തന്റെ സങ്കല്‍പ്പങ്ങളും പങ്കുവെയ്ക്കുകയുണ്ടായി.
'ഒരു വ്യക്തിയ്ക്ക് കല്യാണംകഴിക്കാന്‍ തോന്നുമ്പോഴാണ് അയാള്‍ കല്യാണം കഴിക്കേണ്ടത്. വിവാഹം ഒരു പാര്‍ട്ടിയോ ആഘോഷമോ അല്ല, വലിയ ഒരു ഉത്തരവാദിത്വമാണ്, ധാരാളം പ്രയത്‌നം ആവശ്യപ്പെടുന്ന ഒരു ഉത്തരവാദിത്വം. ഒരു ചെടി നട്ടുപരിപാലിക്കുന്നതും നായ്ക്കുട്ടിയെ വളര്‍ത്തുന്നതും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതുമെല്ലാം ഇതുപോലെ അദ്ധ്വാനമര്‍ഹിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. ഏത് കാര്യത്തിനും ഉത്തരവാദിത്വം ആവശ്യമാണ്. അത്തരം ഉത്തരവാദിത്വത്തിന് താന്‍ തയ്യാറാണെന്ന് ഒരു വ്യക്തിക്ക് തോന്നുമ്പോഴാണ് അയാള്‍ കല്യാണം കഴിക്കേണ്ടത്. അല്ലാതെ, ചുറ്റുമുള്ളവരെല്ലാം കല്യാണം കഴിക്കുന്നു, എന്തുകൊണ്ട് തനിക്കായിക്കൂടാ എന്ന തോന്നലില്‍ ആരും വിവാഹത്തിലേക്ക് ഇറങ്ങിപ്പുറപ്പെടരുത്'.- തമന്ന പറയുന്നു.
താന്‍ കരിയറിലേക്ക് പ്രവേശിച്ച സമയത്ത് ഒരു നടിയുടെ അഭിനയകാലാവധി എന്നത് പരമാവധി എട്ട് മുതല്‍ 10 വര്‍ഷം വരെയായിരുന്നു. 30 വയസ്സൊക്കെ എത്തുമ്പോഴേക്കും താന്‍ ജോലി അവസാനിപ്പിച്ച് കല്യാണവും കഴിച്ച് രണ്ട് കുട്ടികളുടെയെങ്കിലും അമ്മയാകും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ തനിക്ക് 30 വയസ്സെത്തിയപ്പോള്‍ ഒരു പുനര്‍ജന്മം ലഭിച്ച പ്രതീതിയായിരുന്നു. സത്യത്തില്‍ താന്‍ ജനിച്ചതേയുള്ളൂവെന്നാണ് അപ്പോള്‍ തോന്നിയത്. ഇന്ന് നമ്മള്‍ എല്ലാക്കാര്യങ്ങളും ചോയ്‌സ് അനുസരിച്ചാണ് ചെയ്യുക. അങ്ങനെ ചോയ്‌സ് അനുസരിച്ച് തെരഞ്ഞെടുക്കുമ്പോഴാണ് നമുക്ക് ആ തീരുമാനത്തെക്കുറിച്ച് മതിപ്പുണ്ടാവുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ ഏറ്റവും പുതിയ ചിത്രമായ 'ലസ്റ്റ് സ്റ്റോറീസ് 2' വിലെ നടന്‍ വിജയ് വര്‍മയുമായി പ്രണയത്തിലാണെന്ന് നടി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഫിലിം കമ്പാനിയന് നല്‍കിയ ഇന്റര്‍വ്യൂവില്‍ തമന്ന വിജയ് വര്‍മയെ തന്റെ ഹാപ്പി പ്ലേസ് ആയാണ് വിശേഷിപ്പിച്ചത്. ഒരു സിനിമയില്‍ ഒന്നിച്ചഭിനയിച്ചതുകൊണ്ട് മാത്രം ആര്‍ക്കും ആരോടും ഇഷ്ടം തോന്നില്ലെന്നും അങ്ങനെയാണെങ്കില്‍ താന്‍ ധാരാളം നടന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഒരു വ്യക്തിയോട് ആകര്‍ഷണം തോന്നുന്നത് അയാളും നമ്മളും ചെയ്യുന്ന ജോലിയിലെ സാമ്യത മൂലമല്ല, മറിച്ച് ആ വ്യക്തിയിുടെ പേഴ്‌സണലായ സവിശേഷതകള്‍ മൂലമാണെന്നും തമന്ന കൂട്ടിച്ചേര്‍ത്തു.