ട്രെയിന്‍ യാത്രയ്ക്കിടെ പണം നഷ്ടപ്പെട്ടാല്‍  റെയില്‍വേ നഷ്ടപരിഹാരം നല്‍കേണ്ടതില്ല 

ന്യൂദല്‍ഹി-  ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാരുടെ വസ്തുവകകള്‍ മോഷ്ടിക്കപ്പെട്ടാല്‍ അത് റെയില്‍വേയുടെ സേവനത്തിലെ പോരായ്മയായി കണക്കാക്കാന്‍ ആകില്ലെന്ന് സുപ്രീംകോടതി. യാത്രക്കാര്‍ സ്വന്തം വസ്തുക്കള്‍ സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം റെയില്‍വേയ്ക്കു മേല്‍ ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു. ട്രെയിന്‍ യാത്രയ്ക്കിടെ ഒരു ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ട സുരേന്ദര്‍ ഭോല എന്ന വ്യാപാരിക്ക് റെയില്‍വേ ഒരു ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ (എന്‍.സി.ഡി.ആര്‍.സി.) ഉത്തരവ് അസാധുവാക്കി കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
2005 ഏപ്രില്‍ 27-ന് കാശി വിശ്വനാഥ് എക്‌സ്പ്രസില്‍ ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സുരേന്ദറിന്റെ ഒരു ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെടുന്നത്. തുണികൊണ്ട് അരയില്‍ കെട്ടിയായിരുന്നു ഇദ്ദേഹം പണം സൂക്ഷിച്ചിരുന്നത്. റിസര്‍വ്ഡ് ബെര്‍ത്തിലായിരുന്നു സുരേന്ദറിന്റെ യാത്ര. പുലര്‍ച്ചെ മൂന്നരയ്ക്ക് ഉണര്‍ന്നു നോക്കുമ്പോള്‍ തുണി ബെല്‍റ്റും പണവും കാണാനില്ലായിരുന്നെന്നും ട്രൗസറിന്റെ വലതുഭാഗം കീറിയ നിലയില്‍ ആയിരുന്നെന്നും സുരേന്ദര്‍ പറയുന്നു. 2005 മേയ് 28-ന് ഡല്‍ഹിയിലെ ഗവണ്‍മെന്റ് റെയില്‍വേ പോലീസിലും സുരേന്ദര്‍ പരാതി നല്‍കിയിരുന്നു.
വ്യാപാര ഇടപാടുകളുണ്ടായിരുന്ന കടയുടമകള്‍ക്ക് കൊടുക്കാനായിരുന്നു സുരേന്ദര്‍ പണം കൈവശം വെച്ചിരുന്നത്.  പണം മോഷ്ടിക്കപ്പെട്ടതിനെ തുടര്‍ന്ന് റെയില്‍വേയോട് നഷ്ടപരിഹാരം തേടി ഇദ്ദേഹം ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എന്‍.സി.ഡി.ആര്‍.സി. ഉത്തരവിട്ടു. ഇതിനെതിരേ റെയില്‍വേ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ വിക്രം നാഥ്, അഹ്‌സാനുദ്ദിന്‍ അമാനുല്ല എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

Latest News