മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്ക് വീണ്ടും തിരിച്ചടി; അറസ്റ്റ് തടയണമെന്ന മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി - പി.വി ശ്രീനിജൻ എം.എൽ.എയുടെ പരാതിയിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്‌കറിയക്ക് വീണ്ടും തിരിച്ചടി. ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കഴിഞ്ഞദിവസം ഷാജൻ സ്‌കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് അറസ്റ്റ് തടയണമെന്ന ഷാജൻ സ്‌കറിയയുടെ ആവശ്യം ഇന്ന് കോടതി തള്ളിയത്.
 വ്യാജ വാർത്തയുണ്ടാക്കി വ്യക്തി അധിക്ഷേപം നടത്തുന്നുവെന്ന എം.എൽ.എയുടെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ 31 (ആർ), 31 (യു) വകുപ്പുകളനുസരിച്ചും ഐ.ടി ഇന്ത്യൻ ശിക്ഷാനിയമങ്ങളിലെ വിവിധ വകുപ്പുകളനുസരിച്ചുമാണ് എളമക്കര പോലീസ് ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്തത്. എഡിറ്റർ ഷാജൻ സ്‌കറിയയെ കൂടാതെ സി.ഇ.ഒ ആൻ മേരി ജോർജ്, കോ-ഓര്ഡിനേറ്റിംഗ് എഡിറ്റർ ജെ റിജു എന്നിവരെയും പ്രതികളാക്കിയാണ് കേസ്. 


 

Latest News