ഫാറൂഖ് കോളേജ് ആരംഭിച്ച് 75 വർഷം കഴിഞ്ഞാണ് ഒരു വനിത അവിടെ പ്രിൻസിപ്പൽ ആയതെങ്കിൽ 23 വർഷത്തിനുള്ളിൽ ഒരു വനിതയെ പ്രിൻസിപ്പൽ സ്ഥാനത്തേക്ക് കൊണ്ടുവന്നു എന്ന് കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് സ്ഥാപിച്ച ഏറനാട് മുസ്ലിം എജ്യൂക്കേഷണൽ അസോസിയേഷന് അഭിമാനിക്കാം. കഴിവും യോഗ്യതയുമുള്ള വനിതകൾക്ക് ഉന്നത ഉദ്യോഗ മേഖലകളിലേക്ക് കടന്നുവരാനുള്ള അവസരം സൃഷ്ടിക്കാൻ മുസ്ലിം മാനേജുമെന്റുകൾക്കും സംഘടനകൾക്കും ഇനിയും സാധിക്കേണ്ടതുണ്ട്.
1948 ൽ ആരംഭിച്ച ഫാറൂഖ് കോളേജിന്റെ 13 ാമത് പ്രിൻസിപ്പലായി ഡോ. കെ.എ. ഐഷ സ്വപ്ന നിയമിതയായത് ഒരു ചരിത്ര സംഭവമായി വിവിധ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ആഘോഷിക്കുകയാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റുള്ള ഐഷ സ്വപ്നയുടെ പുതിയ സ്ഥാനലബ്ധിയിൽ അവരെ അനുമോദിക്കുന്നു. പുതിയ കാലഘട്ടത്തിൽ ഏതൊരു സ്ത്രീയും വിശിഷ്യാ പിന്നോക്ക മുസ്ലിം സമുദായത്തിൽ നിന്നുള്ള ഒരു വനിത ഉയരങ്ങൾ കീഴടക്കുന്നത് ഏറെ സന്തോഷത്തോടെയല്ലാതെ നോക്കിക്കാണാൻ കഴിയില്ല. അതേസമയം കേരളീയ മുസ്ലിം നവോത്ഥാന ശതാബ്ദി ആഘോഷിക്കുമ്പോൾ പോലും ഉന്നത പദവികളിലേക്ക് മുസ്ലിം സ്ത്രീകൾ എത്തുന്നില്ല എന്ന സത്യവും ഇതോടൊപ്പം വെളിപ്പെടുന്നു എന്നതും ഒരു യാഥാർഥ്യമാണ്. ഫാറൂഖ് കോളേജ് പോലുള്ള ഒരു ഉന്നത കലാലയത്തിൽ ഇത്രയും കാലം ഒരു മുസ്ലിം വനിത പ്രിൻസിപ്പൽ പദവി അലങ്കരിച്ചില്ല എന്നത് സമുദായത്തെയും മുസ്ലിം സ്ഥാപനങ്ങളെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.
ഡോ. ഐഷ സ്വപ്നയെ ഫാറൂഖ് കോളേജിന്റെ ആദ്യത്തെ വനിത പ്രിൻസിപ്പൽ എന്ന് വിശേഷിപ്പിക്കാമെങ്കിലും അവർ കേരളത്തിലെ ആദ്യത്തെ മുസ്ലിം വനിത പ്രിൻസിപ്പലല്ല. അവർക്ക് മുമ്പ് എത്രയോ മുസ്ലിം വനിതകൾ പ്രിൻസിപ്പൽ പദവിയിൽ എത്തിയിട്ടുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന മെഡിക്കൽ കോളേജുകൾ, എൻജിനീയറിംഗ് കോളേജുകൾ, ഗവർമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, എയ്ഡഡ് കോളേജുകൾ, അറബിക്, സംസ്കൃതം കോളേജുകൾ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള ഉന്നത കലാലയങ്ങളിൽ മുസ്ലിം വനിതകൾ പ്രിൻസിപ്പൽമാരായിട്ടുണ്ട്.
17 വർഷങ്ങൾക്ക് മുമ്പ് തന്നെ മുസ്ലിം മാനേജ്മെന്റിൽ പ്രവർത്തിക്കുന്ന മറ്റൊരു കോളേജിൽ ഒരു വനിത പ്രിൻസിപ്പൽ പദവിയിലെത്തിയിട്ടുണ്ട്. കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിലായിരുന്നു അത്. വിദ്യാഭ്യാസ വിചക്ഷണനും മുസ്ലിം ലീഗ് നേതാവുമായിരുന്ന അരീക്കോട് എൻ.വി. ഇബ്രാഹിം മാസ്റ്ററുടെ മകൾ പ്രൊഫ. എൻ.വി. സുആദയായിരുന്നു എയ്ഡഡ് കോളേജുകളിലെ ആദ്യത്തെ മുസ്ലിം വനിത പ്രിൻസിപ്പൽ. 2006 ലാണ് അവർ ഇ.എം.ഇ.എ കോളേജിന്റെ പ്രിൻസിപ്പലായത്. എന്നാൽ അതിനും മുമ്പ് ഗവൺമെന്റ് കോളേജുകളിൽ മുസ്ലിം വനിതകൾ പ്രിൻസിപ്പൽമാരായിട്ടുണ്ട്. തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിന്റെ പ്രിൻസിപ്പൽ ആയി പ്രൊഫ. സൈബുന്നീസ ബീഗം സ്ഥാനമേറ്റത് 2004 ൽ ആയിരുന്നു. 2006 ൽ പട്ടാമ്പി ശ്രീനീലകണ്ഠ ഗവ. സംസ്കൃത കോളേജിന്റെ പ്രിൻസിപ്പലായി ഡോ. ഖൈറുന്നീസ ബീഗവും പ്രവർത്തിച്ചിട്ടുണ്ട്.
എയ്ഡഡ് കോളേജുകൾക്കും ഗവൺമെന്റ് കോളേജുകൾക്കും മുമ്പ് അറബിക് കോളേജുകളിൽ മുസ്ലിം വനിതകൾ പ്രിൻസിപ്പൽ പദവിയിലെത്തിയിട്ടുണ്ട്. മോങ്ങം അൻവാറുൽ ഇസ്ലാം അറബിക് കോളേജിന്റെ പ്രിൻസിപ്പലായിരുന്ന പ്രൊഫ. എം. സുഹ്റാബി 1986 മുതൽ 2011 വരെ 25 വർഷം തുടർച്ചയായി മോങ്ങം കോളേജിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച് ചരിത്രം സൃഷ്ടിച്ച വനിതയാണ്. 1997 മുതൽ 2002 വരെ പ്രൊഫ. കെ. ഫാത്തിമ അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജിന്റെ പ്രിൻസിപ്പലായിട്ടുണ്ട്. പ്രൊഫ. എം. ജമീല 2010-2016 കാലയളവിൽ കുനിയിൽ അൻവാറുൽ ഇസ്ലാം അറബിക് കോളേജിന്റെ പ്രിൻസിപ്പലായിരുന്നു.
1866 ൽ സ്ഥാപിതമായ പ്രശസ്തമായ പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളേജിലും രണ്ട് മുസ്ലിം വനിതകൾ പ്രിൻസിപ്പൽ പദവിയിൽ ഇരുന്നിട്ടുണ്ട്. ഡോ. പി.എം. സക്കീന (2014), ഡോ. എ. സഫിയ ബീവി (2018) എന്നിവരായിരുന്നു അവർ. 2012 ൽ ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളേജിന്റെ പ്രിൻസിപ്പലായിരുന്നു പ്രൊഫ. പി.കെ. ഐഷ ബീവി. 2015 ൽ ഡോ. എം. ലൈല കൊണ്ടോട്ടി ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജിന്റെ പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടുണ്ട്. 2022 മുതൽ മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിന്റെ പ്രിൻസിപ്പലായി ഡോ. ഹസീന സാബിറും പ്രവർത്തിച്ചു. 2012 ൽ ഡോ. പി.എ. ഫാത്തിമ പ്രിൻസിപ്പലായ പൊന്നാനി എം.ഇ.എസ് കോളേജിൽ ഇപ്പോൾ എഴുത്തുകാരി കൂടിയായ ഡോ. വി.യു. അമീറ ഐഷ ബീഗമാണ് പ്രിൻസിപ്പൽ. മലപ്പുറം ഗവൺമെന്റ് കോളേജിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പലും ഒരു മുസ്ലിം വനിതയാണ് -ഡോ. പി. ഖദീജ.
മുസ്ലിം വനിതകൾ പല കാലങ്ങളിൽ ഉന്നത കലാലയങ്ങളുടെ പ്രിൻസിപ്പൽമാരായി പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് ഇതെല്ലം വ്യക്തമാക്കുന്നത്. പി.എസ്.സി വഴി സർക്കാർ സർവീസിൽ കയറുന്നവർ അവരുടെ യോഗ്യതക്കനുസരിച്ച് സർക്കാർ കോളേജുകളുടെ പ്രിൻസിപ്പൽ പദവിയിൽ എത്തിച്ചേരുന്നത് സ്വാഭാവികമാണ്. പുരോഗമന പാതയിൽ സഞ്ചരിക്കുന്നു എന്നവകാശപ്പെടുന്ന ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ സ്ഥാപനങ്ങളിൽ ഇരുന്നൂറ് വർഷം കഴിഞ്ഞിട്ടും ഒരു വനിതക്ക് പ്രിൻസിപ്പൽ പദവിയിലെത്താൻ കഴിയുന്നില്ല എങ്കിൽ അതൊരു പോളിസി മാറ്റർ ആവാൻ മാത്രമേ തരമുള്ളൂ.
ഫാറൂഖ് കോളേജ് ആരംഭിച്ച് 75 വർഷം കഴിഞ്ഞാണ് ഒരു വനിത അവിടെ പ്രിൻസിപ്പൽ ആയതെങ്കിൽ 23 വർഷത്തിനുള്ളിൽ ഒരു വനിതയെ പ്രിൻസിപ്പൽ സ്ഥാനത്തേക്ക് കൊണ്ടുവന്നു എന്ന് കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് സ്ഥാപിച്ച ഏറനാട് മുസ്ലിം എജ്യൂക്കേഷണൽ അസോസിയേഷന് അഭിമാനിക്കാം. കഴിവും യോഗ്യതയുമുള്ള വനിതകൾക്ക് ഉന്നത ഉദ്യോഗ മേഖലകളിലേക്ക് കടന്നുവരാനുള്ള അവസരം സൃഷ്ടിക്കാൻ മുസ്ലിം മാനേജുമെന്റുകൾക്കും സംഘടനകൾക്കും ഇനിയും സാധിക്കേണ്ടതുണ്ട്.






