നിങ്ങൾക്ക്, നിങ്ങളായ് തുടരാം. ഒരു പ്രതീക്ഷയുമില്ലാതെ വിധിയെ പഴിച്ച്, അങ്ങനെ അവസാനിപ്പിക്കേണ്ടതല്ല ജീവിത യാത്ര.
ജീവിതം എന്നത് നിങ്ങൾ ചിന്തിക്കുന്നതിനപ്പുറമുള്ള സമുദ്രമാണ്.
പ്രതീക്ഷകളും സ്വപ്നങ്ങളുമുള്ള ലോകത്തേക്ക് ഉറച്ച കാലുകളോടെ സഞ്ചരിക്കാൻ തീരുമാനിച്ചാൽ നിങ്ങളുടെ പേര് ഈ ലോകം മാറ്റിവിളിക്കും.
എവറസ്റ്റ് കീഴടക്കാൻ യാത്രയായ ജോർജ് മെലറിയോട് നാട്ടുകാർ ചോദിച്ച ഒരു ചോദ്യമുണ്ട്.
'ഏയ് മനുഷ്യ, ഇങ്ങനെ ആരുംകയറാത്ത ഒരു മല കീഴടക്കുമ്പോൾ നിങ്ങൾക്ക് എന്താണ് കിട്ടുന്നത്?
മറുപടി ഇങ്ങനെയായിരുന്നു.
''ആ മല അവിടെ ഉള്ളതുകൊണ്ട് ഞാനത് കയറാനും കീഴടക്കാനും ഇഷ്ടപ്പെടുന്നൂ. എനിക്ക് എവറസ്റ്റ് കീഴടക്കിയാൽ സ്വർണമോ പണമോ ഒന്നും കിട്ടില്ല. പക്ഷേ അത് കീഴടക്കുകയാണ് എന്റെ സന്തോഷം. നാളെ, ഞാൻ എവറസ്റ്റ് കീഴടക്കി തിരിച്ചുവന്നാൽ ഈ ലോകത്തുള്ള എല്ലാ മനുഷ്യർക്കും അഭിമാനത്തോടെ പറയാനും പറ്റും എവറസ്റ്റിനെ കീഴടക്കിയവനാണ് ആ മനുഷ്യൻ എന്ന്. ഞങ്ങൾക്ക് അസാധ്യമായ ഒന്നുമില്ലെന്ന്.
എനിക്ക് അത്രയേയുള്ളൂ, ആ ആഗ്രഹം മാത്രമേയുള്ളൂ.
യുവാക്കളാണ് ഒരു നാടിന്റെ പ്രതീക്ഷ. പ്രതീക്ഷക്കൊത്തുയരുന്ന ഒരു പറ്റം യുവാക്കളുടെ നല്ല മനസ്സ് ഒരു നാട്ടുകൂട്ടായ്മയാകുമ്പോൾ വിപ്ലവമുണ്ടാകും. അവരോടൊപ്പം ചേർന്ന് നിൽക്കാൻ നാട്ടുകാരണവന്മാരുമുണ്ടെങ്കിൽ സ്വപ്നങ്ങൾ കിഴടക്കാൻ മറ്റൊന്നും ചിന്തിക്കേണ്ട. മാറ്റങ്ങൾ ഉൾക്കൊണ്ട് ധാർമിക മൂല്യങ്ങൾ കാത്ത് സൂക്ഷിച്ച് ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൈമുതലാക്കിയവരുടെ കൂട്ടായ്മയാണ് മലപ്പുറം മക്കരപ്പറമ്പ് മേലേ കാളാവിലെ പി.എസ്.സി കോച്ചിംഗ് ക്ലബ്.
മൊബൈൽ ഫോണിൽ കളിച്ചിരുന്ന് സമയം കൊല്ലുന്ന പുതുതലമുറക്ക് മാതൃകയായി മേലേ കാളാവ് മദ്രസയിലെ പി.എസ്.സി കോച്ചിംഗ് ക്ലബ് വീണ്ടും ശ്രദ്ധ നേടുന്നു.
നാടും നഗരവും അടച്ചിട്ട കോവിഡ് കാലത്ത മദ്രസ ഹാൾ പി.എസ്.സി പരിശീലനത്തിനായി ഉപയോഗിച്ച യുവ കൂട്ടായ്മയുടെ വിജയം നാടിന് മാതൃകയായി. ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൈമുതലാക്കിയവരുടെ ഇടയിലേക്ക് വീണ്ടും മൂന്നാമത്തെ ജോലി നിയമനവും വന്നെത്തി. കൂട്ടിലങ്ങാടി മൊട്ടമ്മൽ കടപ്പുറത്തെ കാവുങ്ങത്തൊടി അലവിയുടെയും കാളാവ് പുതുക്കുടി ഫാത്തിമ സെയ്തയുടെയും മകൻ ഷാഹിദാണ് പുലാമന്തോൾ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഓഫീസ് അറ്റൻഡറായി കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ചത്.
മദ്രസ - മസ്ജിദ് പരിപാലന സമിതി രക്ഷാധികാരി പുതുക്കുടി അബൂബക്കർ മൗലവിയുടെ മകളുടെ മകനാണ് ഷാഹിദ്.
മേലേ കാളാവ് മൻബഉൽ ഉലൂം മദ്രസ, മസ്ജിദ് പരിപാലന സമിതിയുടെ സഹായത്തോടെയാണ് കോവിഡ് കാലത്ത് മദ്രസ ഹാളിൽ പി.എസ്.സി പരിശീലനം ആരംഭിക്കുന്നത്. അടച്ചിട്ട മസ്ജിദിലെ ദൈനംദിന പ്രാർത്ഥനക്ക് നിയന്ത്രണ വിധേയമായി നേതൃത്വം നൽകിയിരുന്നത് മദ്രസാധ്യാപകൻ കൂടിയായ വള്ളിക്കാടൻ ഷറഫുദ്ദീനും സഹോദരൻ ഷംസുദ്ദീൻ വാഫിയുമായിരുന്നു. ഇവരുടെ നേതൃത്വത്തിലുള്ള യുവാക്കളാണ് മദ്രസ ഹാളിൽ മൽസര പരീക്ഷ പരിശീലനം തുടങ്ങുന്നത്. രണ്ടര വർഷത്തെ അധ്വാനം, ഒരു വർഷത്തെ കാത്തിരിപ്പുകൾക്കിടയിൽ നിരവധി കുട്ടികൾ റാങ്ക് ലിസ്റ്റിൽ ഇടം നേടി, ഇരട്ടി മധുരമായി വടക്കാങ്ങര പിലാപ്പറമ്പിലെ ബീരാൻ പുതിയ പറമ്പത്തിന്റെ മകൻ ഷഫീഖ് കുറുവ വില്ലേജ് ഓഫീസിൽ എൽ.ഡി.സി യായിട്ടും അയൽവാസി കൊങ്ങംപാറ ഹനീഫയുടെ മകൻ സുഹൈൽ ആതവനാട് ഗവ. ഹൈസ്കൂൾ ക്ലർക്കായിട്ടും ഏതാനും മാസം മുമ്പ് നിയമിതനായിരുന്നു. വിവിധ റാങ്ക് ലിസ്റ്റിൽ ഇടം നേടിയവരാകട്ടെ, ഇനിയുമുണ്ട്.






