ഡ്രൈവിംഗിനിടെ ബോധം പോയി; ജീവന്‍ രക്ഷിച്ച് സ്മാര്‍ട്ട് വാച്ച്

റിയാദ് - സൗദി അറേബ്യന്‍ തലസ്ഥാന നഗരിയിലെ റോഡിലൂടെ വാഹനമോടിക്കുന്നതിനിടെ അസുഖം ബാധിച്ച് ബോധം നഷ്ടപ്പെട്ട സൗദി പൗരന്റെ ജീവന്‍ രക്ഷിക്കാന്‍ സ്മാര്‍ട്ട് വാച്ച് സഹായിച്ചു. തന്റെ പരിചയക്കാരില്‍ ഒരാള്‍ക്ക് കാറോടിച്ചുപോകുന്നതിനിടെ അസാധാരമായ ആരോഗ്യ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയായിരുന്നെന്ന് യൂനിവേഴ്‌സിറ്റി അധ്യാപകന്‍ ഡോ. മുഹമ്മദ് അല്‍ഹാരിസി പറഞ്ഞു. ഇതോടെ അദ്ദേഹം കാര്‍ റോഡ് സൈഡില്‍ നിര്‍ത്തി. വൈകാതെ കൈകാലുകള്‍ ചലിപ്പിക്കാന്‍ സാധിക്കാതെ ബോധം നഷ്ടപ്പെടാന്‍ തുടങ്ങി. അല്‍പ സമയത്തിനകം പൂര്‍ണ അബോധാവസ്ഥയിലായി. കാറില്‍ മറ്റാരുമുണ്ടായിരുന്നില്ല.
ഈ സമയത്ത് അദ്ദേഹത്തിന്റെ മകന്റെ മൊബൈല്‍ ഫോണില്‍ ഓട്ടോമാറ്റിക് അറിയിപ്പ് എത്തി. മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉടമക്ക് അപകടം നേരിട്ടതായി അറിയിച്ചും അദ്ദേഹത്തിന്റെ സ്ഥാനം വ്യക്തമാക്കിയുമാണ് സന്ദേശം ലഭിച്ചത്. ഉടന്‍ തന്നെ യുവാവ് സന്ദേശത്തില്‍ പറയുന്ന സ്ഥലത്ത് കുതിച്ചെത്തിയപ്പോള്‍ പിതാവിനെ ഗുരുതരാവസ്ഥയില്‍ കാറിനകത്ത് കണ്ടെത്തുകയായിരുന്നു. മകന്‍ അറിയിച്ചതനുസരിച്ച് എത്തിയ ആംബുലന്‍സില്‍ പിതാവിനെ ആശുപത്രിയിലെത്തിക്കുകയും ജീവന്‍ രക്ഷിക്കുകയുമായിരുന്നു.
കൈയില്‍ ധരിച്ച സ്മാര്‍ട്ട് വാച്ച് ആണ് പരിചയക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത്. വാച്ച് ഉടമയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ സ്മാര്‍ട്ട് വാച്ച് മകന് സന്ദേശം അയക്കുകയായിരുന്നു. ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ഇത്തരം വാച്ചുകള്‍ അനിവാര്യമായി മാറിയിരിക്കുന്നു എന്നാണ് തോന്നുന്നത്. നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ ഇത്തരം വാച്ചുകള്‍ സഹായിച്ചേക്കുമെന്നും ഡോ. മുഹമ്മദ് അല്‍ഹാരിസി പറഞ്ഞു. ആളുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ സ്മാര്‍ട്ട് വാച്ചുകളിലെ എസ്.ഒ.എസ് ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യുകയും അടിയന്തിര സാഹചര്യങ്ങളില്‍ സന്ദേശം എത്തിക്കേണ്ട ആളുകളെ എമര്‍ജന്‍സി ബോക്‌സില്‍ ചേര്‍ക്കുകയും വേണം.

 

Latest News