പുതിയൊരു നവകേരള സൃഷ്ടിക്കായി പ്രവാസി മലയാളികളെയും ഒപ്പം ചേർക്കുകയെന്ന മഹത്തായ ലക്ഷ്യവുമായി രൂപീകരിച്ച ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന്റെ ഭാഗമായി ചേർന്ന അമേരിക്കൻ മേഖല സമ്മേളനം വിജയകരമായി സമാപിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നായി 250 പ്രതിനിധികളും അമേരിക്കൻ മലയാളികളും പങ്കെടുത്ത സമ്മേളനത്തിൽ തങ്ങൾ നേരിടുന്ന പ്രശ്നങ്ങളും കേരളത്തിന്റെ സമഗ്ര വികസനവും ചർച്ചയായി. പ്രവാസി മലയാളികൾക്കുള്ള അഭിപ്രായങ്ങളും ആശങ്കയും പങ്കിടാനും പരിഹാര മാർഗങ്ങൾ തേടാനും കഴിഞ്ഞുവെന്നത് വർഷങ്ങളായി വിദേശത്ത് കഴിയുന്ന മലയാളികൾക്ക് വലിയ ആശ്വാസമായി.
ന്യൂയോർക്ക് സമ്മേളനത്തിൽ പ്രധാനമായി നാലു വിഷയത്തിലായിരുന്നു ചർച്ച.
മലയാളികളുടെ അമേരിക്കൻ കുടിയേറ്റം, ഭാവിയും വെല്ലുവിളിയും, മലയാള ഭാഷ, സംസ്‌കാരം, പുതുതലമുറ അമേരിക്കൻ മലയാളികളും പ്രചാരണ സാധ്യതകളും, നവകേരളം എങ്ങോട്ട്, അമേരിക്കൻ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും, അമേരിക്കൻ മേഖലയിൽ ലോക കേരള സഭയുടെയും നോർക്കയുടെയും പ്രവർത്തനം, വിപുലീകരണ സാധ്യതകളും വെല്ലുവിളികളും എന്നീ വിഷയങ്ങളിലൂന്നിയായിരുന്നു ചർച്ചയും തീരുമാനങ്ങളും. ഏതു പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള അസാമാന്യ വിഭവശേഷിയാണ് പ്രവാസി കൂട്ടായ്മക്കുള്ളത്. ഈ കൂട്ടായ്മയെ ഊട്ടി ഉറപ്പിച്ചുകൊണ്ടുള്ള കേരളത്തെ പുതിയ കാലത്തിനു ചേരുംവിധം ആധുനികവൽക്കരിച്ചും വികസിപ്പിച്ചും ക്ഷേമസമൂഹവും വികസിത നാടും യാഥാർഥ്യമാക്കുമെന്ന മഹത്തായ
സന്ദേശമാണ് ലോക കേരള സഭ മുന്നോട്ടുവെക്കുന്നത്.
ഇതുകൊണ്ട് പ്രവാസികൾക്ക് എന്ത് പ്രയോജനമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ചിലർ ചോദിക്കുന്നത് കേട്ടു. കഴിഞ്ഞ ലോക കേരള സഭയിൽ ഉണ്ടായത് 67 പ്രായോഗിക നിർദേശമാണ്. ഇതിൽ 11 എണ്ണത്തിന് പരിഹാരം കാണേണ്ടത് കേന്ദ്രമാണ്. അതിനായി അവർക്ക് സമർപ്പിച്ചിട്ടുണ്ട്. 56 ശുപാർശ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. ഇത് കൈകാര്യം ചെയ്യാൻ ഓരോ വകുപ്പിലും ഡെപ്യൂട്ടി, അണ്ടർ സെക്രട്ടറിമാരെ നോഡൽ ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്. റവന്യൂ വകുപ്പിൽ പ്രവാസികളുടെ പ്രശ്നപരിഹാരത്തിന് പ്രവാസി മിത്രം പോർട്ടൽ ആരംഭിച്ചു. പ്രവാസികൾക്കുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും തയാറായി. പ്രവാസികളുടെ വിവര ശേഖരണത്തിന് ഡിജിറ്റൽ പ്ലാറ്റ്ഫോം അവസാന ഘട്ടത്തിലാണ്. പ്രവാസികൾക്കുള്ള സമഗ്ര ഇൻഷുറൻസ് പദ്ധതിയും ഉടൻ നടപ്പാകും. ഇതെല്ലാം കേരള സഭ കൊണ്ട് ഉണ്ടായ നേട്ടങ്ങളാണ്.
എന്നാൽ ഏതൊരു നല്ല കാര്യത്തെയും കെട്ടതായി ചിത്രീകരിക്കാമെന്ന മാനസികാവസ്ഥ കേരളത്തിലുണ്ടായിട്ടുണ്ട്. ഇടതുപക്ഷത്തെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടികൾ അങ്ങനെ ചെയ്യുന്നത് അവരുടെ നിലനിൽപിനു വേണ്ടിയാണെന്ന് സമാധാനിക്കാം. എന്നാൽ ചില മാധ്യമങ്ങൾ ആ വഴിക്ക് തിരിയുന്നത് എന്തുകൊണ്ടാണ്? ഇടതുപക്ഷ സർക്കാരിനോടുള്ള എതിർപ്പും കേരളത്തിന് എതിരാവുന്ന അവസ്ഥയിലേക്ക് അവരെ എത്തിച്ചു.
നട്ടാൽ മുളയ്ക്കാത്ത നുണകൾ പ്രചരിപ്പിച്ച് ലോക മലയാളികളെയും അവർ അവഹേളിച്ചു. മേഖല സമ്മേളനങ്ങൾ ആ പ്രദേശത്തുള്ള ആളുകൾ പണം പിരിച്ചാണ് സംഘടിപ്പിക്കുന്നത്. അതിനെ വക്രീകരിച്ച് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാൻ ലക്ഷങ്ങൾ എന്ന രീതിയിൽ തീർത്തും അസംബന്ധ വാർത്തകൾ പ്രചരിപ്പിച്ചു. സമ്മേളനം നടന്നപ്പോൾ ആളുകൾ മുഖ്യമന്ത്രിക്കൊപ്പം ചുറ്റുംനിന്ന് ഫോട്ടോ എടുക്കുന്ന കാഴ്ചയാണ് കണ്ടത്. അദ്ദേഹത്തോടൊപ്പം പലരും ഇരുന്നിട്ടുമുണ്ട്. അതിൽ ലക്ഷങ്ങൾ മുടക്കി ഇരുന്നത് ആരൊക്കെയാണെന്ന് പറയാൻ ആരോപണം ഉന്നയിച്ച മനോരമയോ മറ്റു മാധ്യമങ്ങളോ തയാറാകണം. കേരള സഭയുടെ കണക്കുകളെല്ലാം സുതാര്യമാണ്. കൃത്യമായ ഓഡിറ്റിന് വിധേയമാകുന്നതുമാണ്. വർഷങ്ങളായി അമേരിക്കയിൽ ജീവിതം നയിക്കുന്ന അതിസമ്പന്നരായ മലയാളികൾ ഉണ്ട്. പലരും ലക്ഷക്കണക്കിന് രൂപ സംഭാവന കൊടുക്കാൻ കഴിയുന്നവരുമാണ്. സ്വന്തം നാടിന്റെ കൂട്ടായ്മക്കു വേണ്ടി അവർ അത് ചെയ്തിട്ടുണ്ടാകും. അതിനെയും ഇല്ലാക്കഥകൾ മെനഞ്ഞ് അപകീർത്തിപ്പെടുത്തുന്നവർ മുഖ്യമന്ത്രി പറഞ്ഞതു പോലെ കുശുമ്പ് നിറഞ്ഞ മാനസികാവസ്ഥയിലുള്ളവരാണ്. എന്തിനും ഏതിനും കേരളത്തെ എതിർക്കുകയെന്ന മനോരോഗം ബാധിച്ചവരാണ്. വരുംതലമുറയുടെ നല്ല ഭാവിക്കു വേണ്ടിയെങ്കിലും തങ്ങളുടെ ദുഷ്ട മനസ്സ് മാറ്റിവെക്കാൻ ഇക്കൂട്ടർ തയാറാകണം.
ലോക കേരള സഭ പ്രവാസി മലയാളികളുടെ ജീവിത ദർപ്പണമാണെന്ന സത്യം വിസ്മരിക്കരുത്. പോരായ്മകളുണ്ടാകാം, പ്രാതിനിധ്യ സ്വഭാവത്തിൽ അപാകം ഉണ്ടായിരുന്നിരിക്കാം. പക്ഷേ മഹത്തായ ഒരു ലക്ഷ്യത്തിലേക്കുള്ള കുതിപ്പിനെ നിസ്സാര കാരണങ്ങളുടെ പേരിൽ അപഹസിക്കാതിരിക്കുക. പ്രവാസികളുടെ നന്മ ഓർത്തെങ്കിലും ഈ കൂട്ടായ്മയുടെ സദുദ്ദേശ്യം തകർത്ത് അതിനെ ഇല്ലായ്മ ചെയ്യാനും ശ്രമിക്കാതിരിക്കുക.






