കൊച്ചി- തെലുങ്ക് ചിത്രം 'ആര്‍.എക്സ് 100'ന്റെ സംവിധായകന്‍ അജയ് ഭൂപതിയുടെ പുതിയ പാന്‍ ഇന്ത്യന്‍ ചിത്രം 'ചൊവ്വാഴ്ച്ച'യുടെ ചിത്രീകരണം പൂര്‍ത്തിയായി. മുദ്ര മീഡിയ വര്‍ക്ക്സ്, എക്രിയേറ്റീവ് വര്‍ക്ക്‌സ് എന്നീ ബാനറുകളില്‍ സ്വാതി റെഡ്ഡി ഗുണുപതി, സുരേഷ് വര്‍മ്മ എം, അജയ് ഭൂപതി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അജയ് ഭൂപതിയുടെ ആദ്യ നിര്‍മ്മാണ സംരംഭമായ ഈ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷാകളിലായി പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് ഒരുക്കുന്നത്. പായല്‍ രജ്പുട്ട് ആണ് ചിത്രത്തിലെ നായിക. നേരത്തെ ഈ ചിത്രത്തിലെ 'ശൈലജ' എന്ന ഫസ്റ്റ് ലുക്ക് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും വളരെയധികം ശ്രദ്ധയും കൈയ്യടിയും നേടിയിരുന്നു. അജയ് ഭൂപതിയുടെതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും.
നീണ്ട 99 ദിവസത്തെ ഷൂട്ടിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയ ടീം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് നീങ്ങുകയാണ്.
'ചൊവ്വാഴ്ച്ച'യെ കുറിച്ച് ചോദിച്ചപ്പോള്‍ സംവിധായകന്‍ പറഞ്ഞതിങ്ങനെ, 'ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ പരീക്ഷിക്കാത്ത ഒരു വിഭാഗത്തില്‍ പെട്ടതാണ് ഈ സിനിമ. സിനിമ കാണുമ്പോള്‍ തലക്കെട്ടിന് പിന്നിലെ യുക്തി നിങ്ങള്‍ക്ക് മനസ്സിലാകും. കഥയില്‍ ആകെ 30 കഥാപാത്രങ്ങളുണ്ട്. ഓരോ കഥാപാത്രത്തിനും ഒരു പ്രത്യേക സ്ഥാനം ലഭിച്ചിട്ടുണ്ട്. സിനിമയുടെ സ്‌കീം തന്നെ ഓരോ കഥാപാത്രവും പ്രസക്തവും പ്രാധാന്യമുള്ളതുമാണ്'.
'കാന്താര' ഫെയിം അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന്റെ സംഗീതം. അഭിനേതാക്കളുടെ വിവരങ്ങള്‍ ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഛായാഗ്രാഹകന്‍: ദാശരധി ശിവേന്ദ്ര, കലാസംവിധാനം: രഘു കുല്‍ക്കര്‍ണി, എഡിറ്റര്‍: മാധവ് കുമാര്‍ ഗുല്ലപ്പള്ളി, സംഭാഷണ രചന: താജുദ്ദീന്‍ സയ്യിദ്, കല്യാണ്‍ രാഘവ്, പി. ആര്‍. ഒ: പി. ശിവപ്രസാദ്, പുളകം ചിന്നരായ.






