ജിദ്ദ - സംഘാടകരുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളാണ് റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയില്‍ അടുത്ത വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടിക്കുള്ള ലൈസന്‍സ് റദ്ദാക്കുന്നതിന് കാരണമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി വ്യക്തമാക്കി.
സൗദി നൈറ്റ് എന്ന് പേരിട്ട പരിപാടി സംഘടിപ്പിക്കുന്നതിന് എക്‌സിബിഷന്‍, കോണ്‍ഫറന്‍സ് സംഘാടന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് ലൈസന്‍സ് നല്‍കിയിരുന്നു. നിയമ ലംഘനങ്ങള്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് സ്ഥാപനത്തിന് നല്‍കിയ ലൈസന്‍സ് റദ്ദാക്കുന്നതിന് നിര്‍ബന്ധിതമാവുകയായിരുന്നു.
പരിപാടിയുടെ പ്രൊമോഷന്‍, ടിക്കറ്റ് വില്‍പന എന്നിവയുമായി ബന്ധപ്പെട്ട് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുമായി മുന്‍കൂട്ടി ഏകോപനം നടത്തണമെന്നത് അടക്കമുള്ള ലൈസന്‍സ് വ്യവസ്ഥകളാണ് സ്ഥാപനം ലംഘിച്ചത്. നിയമ ലംഘനങ്ങള്‍ അവസാനിപ്പിച്ച് പദവി ശരിയാക്കണമെന്ന് ആവശ്യപ്പെട്ട് മുന്നറിയിപ്പ് നല്‍കിയിട്ടും ഇത് അവഗണിച്ച് സ്ഥാപനം നിയമ ലംഘനങ്ങള്‍ ആവര്‍ത്തിച്ചു.
ലോക പ്രശസ്തരായ സംഗീത പ്രതിഭകളുടെ സംഗീത പരിപാടികള്‍ സൗദിയില്‍ സംഘടിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും അതോറിറ്റി സമീപ കാലത്ത് ചെയ്തുകൊടുത്തിരുന്നു. രാജ്യത്ത് എമ്പാടും സംഗീത വിരുന്നുകള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ച പശ്ചാത്തലത്തില്‍ ലൈസന്‍സ് വ്യവസ്ഥകള്‍ പരിപാടികള്‍ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇതിനകം വില്‍പന നടത്തിയ ടിക്കറ്റുകളുടെ തുക ഉപയോക്താക്കള്‍ക്ക് സ്ഥാപനം തിരിച്ചുനല്‍കണമെന്നും ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ആവശ്യപ്പെട്ടു.






