ഏക സിവില്‍ കോഡ്; മതസംഘടനകളുടെ നിലപാടുകള്‍ തേടി ലോ കമ്മീഷന്‍

ന്യുദല്‍ഹി- രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ആവശ്യമാണോ എന്ന വിഷയത്തില്‍ നടപടികളുമായി വീണ്ടും നിയമ കമ്മീഷന്‍. പൊതുജനങ്ങളില്‍നിന്നും മത സംഘടനകളില്‍നിന്നും ഇക്കാര്യത്തില്‍ അഭിപ്രായം തേടുകയാണെന്ന് ലോ കമ്മീഷന്‍ അറിയിച്ചു. 2018 ഓഗസ്റ്റില്‍ കാലാവധി അവസാനിച്ച 21 ാമത് നിയമ കമ്മീഷന്‍ രണ്ടു തവണ ഈ സങ്കീര്‍ണ വിഷയത്തില്‍ അഭിപ്രായം തേടിയിരുന്നു. ഇതിനു പിന്നാലെ 2018 ല്‍ കുടുംബ നിയമങ്ങളില്‍ പരിഷ്‌കാരത്തിനുള്ള കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തിറക്കുകയും ചെയ്തു.
ഈ കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ കാലഹരണപ്പെട്ടിരിക്കെ,  വിവിധ കോടതി ഉത്തരവുകള്‍  കണക്കിലെടുത്താണ് രാജ്യത്തിന്റെ 22ാമത് ലോ കമ്മീഷന്‍ അഭിപ്രായങ്ങള്‍ തേടുന്നത്.
ലോ കമ്മീഷന്‍ കാലാവധി അടുത്തിടെ മൂന്ന് വര്‍ഷത്തേക്ക് നീട്ടിയിരുന്നു. കേന്ദ്ര നിയമ,നീതി മന്ത്രാലയം നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഏകീകൃത സിവല്‍ കോഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിച്ചു തുടങ്ങിയത്.
ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് അംഗീകൃത മത സംഘടനകളുടേയും പൊതുജനങ്ങളുടേയും കാഴ്ചപ്പാടുകളും ആശയങ്ങളും സ്വീകരിക്കാനാണ് കമ്മീഷന്‍ വീണ്ടും തീരുമാനിച്ചിരിക്കുന്നതെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
താല്‍പ്പര്യമുള്ളവര്‍ക്ക് നോട്ടീസ് ലഭിച്ച തീയതി മുതല്‍ 30 ദിവസത്തിനകം തങ്ങളുടെ അഭിപ്രായങ്ങള്‍ ലോ കമ്മീഷനില്‍ അവതരിപ്പിക്കാം.

 

Latest News