ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ സംഘർഷമെന്നത് പുതിയ കാര്യമല്ല. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ ഭരണാധികാരി ഇന്ദിരാഗാന്ധിയുടെ കാലഘട്ടത്തിൽ പഞ്ചാബായിരുന്നു ഏറ്റവും വലിയ തലവേദന. താരതമ്യേന ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെയാണ് പ്രധാന മന്ത്രി നരേന്ദ്രമോഡി ഒമ്പത് വർഷമായി ഇന്ത്യ ഭരിച്ചത്. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദിവസങ്ങൾ തമ്പടിച്ച് തിരിച്ചു പോയപ്പോഴും മണിപ്പൂരിലെ പ്രശ്‌നങ്ങൾ അവസാനിച്ചില്ലെന്നാണ് ഏറ്റവും ഒടുവിലത്തെ സംഭവ വികാസങ്ങൾ തെളിയിക്കുന്നത്.
ചുരാചന്ദ്പൂർ ജില്ലയിൽ കുക്കി വിഭാഗത്തിൽപെട്ട 22 കാരനെ കഴിഞ്ഞ ദിവസം അക്രമികൾ വെടിവെച്ചു കൊന്നു. മെയ്തി വിഭാഗക്കാരാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. സമാധാനം പുനഃസ്ഥാപിക്കാൻ മണിപ്പൂർ ഗവർണർ അനസൂയ യു.കെ ചുരാചന്ദ്പൂർ ജില്ലയിലെ ലംക സന്ദർശിച്ചതിന് പിന്നാലെയാണ് സംഘർഷം തുടങ്ങിയത്.
മണിപ്പൂരിൽ സമാധാനവും സമൃദ്ധിയും കൊണ്ടുവരുന്നതിനാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നതെന്ന് അടുത്തിടെ സംസ്ഥാനം സന്ദർശിച്ച അമിത് ഷാ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ സമാധാനം തകർക്കുന്ന കലാപകാരികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കാനും അദ്ദേഹം നിർദേശിച്ചു. മണിപ്പൂർ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ, സിഎപിഎഫ്, ഇന്ത്യൻ സൈന്യം. എന്നിവരുമായി ചേർന്ന് മണിപ്പൂരിലെ സാഹചര്യങ്ങൾ അദ്ദേഹം വിലയിരുത്തി.
കഴിഞ്ഞ ദിവസം യുവാവ് കൊല്ലപ്പെട്ട ചുരചന്ദ്പൂർ അമിത് ഷാ സന്ദർശിച്ചിരുന്നു. ഇവിടെയാണ് കലാപം അതിരൂക്ഷമായി അനുഭവപ്പെട്ടത്. കുക്കി നേതാക്കളുമായി ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കാനാണ് അമിത് ഷാ ഹെലികോപ്റ്ററിൽ എത്തിയത്. ഒപ്പം ഐബി മേധാവിയും ഹോം സെക്രട്ടറിയുമുണ്ടായിരുന്നു. അമിത് ഷാ സഭ നേതാക്കളെയും ബുദ്ധിജീവികളെയും സമാധാന ശ്രമങ്ങളുടെ ഭാഗമായി കണ്ടിട്ടുണ്ട്. കുക്കി വിഭാഗത്തെ കണ്ട് അവരുടെ പ്രശ്നങ്ങൾ അറിയാൻ ശ്രമിച്ചു. മെയ്തികളെയും കുക്കികളെയും പരമാവധി അനുനയിപ്പിക്കാനാണ് അമിത് ഷാ ശ്രമിച്ചത്.
എസ്ടി പദവി അനുവദിക്കണമെന്ന മെയ്തേയ് വിഭാഗത്തിന്റെ ആവശ്യമാണ് മണിപ്പൂരിനെ അശാന്തിയുടെ കൊടുമുടിയിലേക്ക് എത്തിച്ചത്. മെയ്തേയ് വിഭാഗത്തിന്റെ ഹരജിയിൽ കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന് ശുപാർശ അയക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു. ഒരു ദശാബ്ദത്തിലേറെയായി എസ്ടി പദവിക്കായി പോരാടുന്ന മെയ്തേയ് വിഭാഗക്കാരുടെ വിജയമായിരുന്നു ഈ നീക്കം. ഇതിന് പിന്നാലെയാണ് മണിപ്പൂർ അശാന്തമായി തുടങ്ങുന്നത്. സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും രാഷ്ട്രീയ സംഘടനകളും ഒരു പ്രത്യേക സമുദായത്തെ സർക്കാരിന്റെ സംവരണ വിഭാഗ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത് രാജ്യത്ത് പുതിയ സംഭവമല്ല. ഉത്തർപ്രദേശിലെ നിഷാദുകൾ അവരെ എസ്‌സി ലിസ്റ്റിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെടുന്നുണ്ട്. പല സംസ്ഥാനങ്ങളിലെയും ജാട്ടുകൾ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു.
മഹാരാഷ്ട്രയിലെ ധനഗറുകൾ എസ്ടി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്. എസ്ടി പദവിക്ക് വേണ്ടിയുള്ള മെയ്‌തേയ്കളുടെ ഈ ആവശ്യവും സമാനമാണ്. എന്നാൽ മണിപ്പൂരിന്റെ പ്രത്യേക സാമൂഹിക ഘടനയാണ് അതിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. രാജ്യത്ത് എസ്‌സി, എസ്ടി, ഒബിസി എന്നിങ്ങനെ പിന്നോക്ക സമുദായങ്ങളെ വേർതിരിച്ചിട്ടുണ്ട്. മണിപ്പൂരിലെ സാഹചര്യമെടുത്താൽ മെയ്തേയ് വിഭാഗത്തിലെ ചില ഗ്രൂപ്പുകൾ ഇതിനോടകം എസ്‌സി, ഒബിസി ലിസ്റ്റുകളിൽ സ്ഥാനമുള്ളവരാണ് എന്നതാണ് യാഥാർത്ഥ്യം.
എന്നാൽ മെയ്തേയ് സമുദായത്തെ മുഴുവൻ എസ്ടിയായി കണക്കാക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ഈ ആവശ്യത്തിനും ഇതിനെതിരായ എതിർപ്പിനും മണിപ്പൂരിലെ മലയോര-താഴ്്‌വര വിഭജനവുമായി ബന്ധമുണ്ട്.
നാഗാ, കുക്കി വിഭാഗക്കാരുടെ ആകെയുള്ള എണ്ണത്തേക്കാൾ കൂടുതലാണ് മെയ്തേയ്ക്കാരുടെ ജനസംഖ്യ. താഴ്്‌വരക്ക് ഏകദേശം 10% വിസ്തീർണമേയുള്ളൂവെങ്കിലും ജനസംഖ്യയുടെ ഭൂരിഭാഗവും അവിടെയാണ് താമസിക്കുന്നത്. നൂറ്റാണ്ടുകളായി മണിപ്പൂർ ഭരിച്ചിരുന്ന നിങ്തൗജ രാജവംശത്തിന് (മെയ്‌തേയ് വിഭാഗക്കാർ) താഴ്്‌വരയിൽ നേരിട്ട് സ്വാധീനമുണ്ടായിരുന്നു. ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകൾ കാരണം താഴ്‌വര മലയോര മേഖലയേക്കാൾ സമ്പന്നമാണ്.
അതിനാലാണ് ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂനിയൻ പോലുള്ള ഗ്രൂപ്പുകൾ മെയ്തേയ്കൾക്ക് എസ്ടി പദവി നൽകേണ്ടതില്ലെന്ന് വാദിക്കുന്നത്. മെയ്തേയ്കളുടെ മാതൃഭാഷയായ മണിപ്പൂരിയാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ. ഇന്ത്യയിലെ 22 ഷെഡ്യൂൾഡ് ഭാഷകളിൽ ഒന്നുമാണിത്. നിയമസഭയിലും മെയ്തേയ്കൾ ആധിപത്യം പുലർത്തുന്നു. 60 അംഗ നിയമസഭയിൽ 40 എംഎൽഎമാരും താഴ്്‌വരയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരാണ്. 20 പേരാണ് മലയോര മേഖലയിൽ നിന്നുള്ളവർ. നിലവിലെ മുഖ്യമന്ത്രി പോലും മെയ്തേയ് വിഭാഗക്കാരനാണ്. 1950 കളിൽ കേന്ദ്ര സർക്കാർ പട്ടികജാതി പട്ടിക തയാറാക്കിയപ്പോൾ എസ്ടി പദവിക്കായുള്ള മാനദണ്ഡങ്ങൾ മെയ്തേയ് വിഭാഗം പാലിച്ചിരുന്നില്ല എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ 1949 സെപ്റ്റംബർ 21 ന് മണിപ്പൂർ നാട്ടുരാജ്യത്തെ ഇന്ത്യൻ യൂനിയനിൽ ലയിപ്പിക്കുന്നതിന് മുമ്പ്, കൊളോണിയൽ ഗവൺമെന്റ് ഈ സമുദായത്തെ ഒരു ഗോത്രമായി പട്ടികപ്പെടുത്തിയിരുന്നു എന്നാണ് മെയ്തേയ് പ്രവർത്തകരുടെ അവകാശവാദം.
മെയ് മൂന്നിന് ആദിവാസി ഐക്യദാർഢ്യ മാർച്ചിന് ശേഷമാണ് മണിപ്പൂരിൽ കലാപം ആളിക്കത്തിയത്. മെയ്തി വിഭാഗത്തിനു പട്ടികവിഭാഗം പദവി നൽകിയതുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷങ്ങൾ.
മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികളുടെ ഭാഗമായി ഇന്റർനെറ്റ് നിരോധന തീരുമാനം നീട്ടിയിരിക്കുകയാണ്. ജൂൺ 15 വരെ നിരോധനം തുടരും. ഒരു മാസത്തിൽ ഏറെയായി മണിപ്പൂരിൽ ഇന്റർനെറ്റ് വിഛേദിച്ചിരിക്കുകയാണ്.
മണിപ്പൂർ നിവാസികളായ രണ്ട് പേർ തുടർച്ചയായ ഇന്റർനെറ്റ് നിരോധനത്തിനതെിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഉടനടി ഈ വാദങ്ങൾ കേൾക്കാനാവില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. മെയ് മൂന്ന് മുതലാണ് ഇന്റർനെറ്റ് നിരോധനം സംസ്ഥാനത്ത് നിലവിൽ വന്നത്. സോഷ്യൽ മീഡിയയിലൂടെ വിദ്വേഷം പടർത്താൻ സാമൂഹ്യ വിരുദ്ധർ ശ്രമിക്കുന്നുണ്ടെന്നാണ് കേന്ദ്രം ആരോപിക്കുന്നത്. മണിപ്പൂരിലെ സംഘർഷത്തെ തുടർന്ന് അര ലക്ഷം ആളുകൾക്കാണ് വീട് അടക്കം നഷ്ടപ്പെട്ടത്. ഇപ്പോൾ ദുരിത്വാശ്വാസ ക്യാമ്പിലാണ് ഉള്ളത്. 349 ക്യാമ്പുകളാണ് സംസ്ഥാനത്താകെയുള്ളത്. ഇതുവരെ നൂറോളം പേർ സംഘർഷത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. 310 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
മണിപ്പൂരിലെ നിലവിലെ അക്രമങ്ങൾക്ക് പ്രേരണയായത് മെയ്തേയ്കൾക്ക് എസ്ടി പദവി നൽകുന്നതിനെതിരായ എതിർപ്പാണെങ്കിലും സർക്കാരിനും ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പിന്മാറാനാകില്ല. അനുമതിയില്ലാതെ നിർമിച്ചതാണെന്നാരോപിച്ച് ഏപ്രിലിൽ സംസ്ഥാന സർക്കാർ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ മൂന്ന് ക്രിസ്ത്യൻ പള്ളികൾ തകർത്തിരുന്നു.
മെയ്തേയ്കൾ കൂടുതലും ഹിന്ദുക്കളാണ് എങ്കിലും മലയോര ഗോത്രങ്ങളിൽ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. അതിനാൽ തന്നെ പള്ളികൾക്കെതിരായ നടപടി നാഗ, കുക്കി വിഭാഗക്കാർക്ക് എതിരായ നീക്കമാണ് എന്ന വ്യാഖ്യാനത്തിനും തിരികൊളുത്തിയിട്ടുണ്ട്.
പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടെത്തി സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാനുള്ള നീക്കങ്ങൾ നടത്തിയത്. കൊലപാതകങ്ങൾ അവസാനിച്ചില്ലെന്നത് അത്ര ആശ്വാസകരമല്ല. മണിപ്പൂരിലെ സംഘർഷം ഇത്രയേറെ രൂക്ഷമായതിന് പിന്നിൽ ഇന്റലിജൻസ് വീഴ്ചയും പ്രധാനമാണ്.






