കാഞ്ഞങ്ങാട്- പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ പുറത്തിറങ്ങി. രസകരമായ വീഡിയോയില്‍ സുരേശന്റെ പ്രണയനോട്ടങ്ങള്‍ക്ക് പ്രതികരിക്കാന്‍ നായികയെ പരിശീലിപ്പിക്കുന്ന സംവിധായകനെയും തുടര്‍ന്ന് അത് അഭിനയിച്ച് ഫലിപ്പിക്കുന്ന നായികയെയും കാണാം. രാജേഷ് മാധവനും ചിത്രാ നായരുമാണ് സുരേശനെയും സുമലതയെയും അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ഭാഗമായി നേരത്തെ പുറത്തിറങ്ങിയ ഇവരുടെ 'സേവ് ദ ഡേറ്റ്' വീഡിയോയും വൈറലായിരുന്നു. മലയാള സിനിമയിലെ ആദ്യ സ്പിന്‍ ഓഫ് ചിത്രമെന്ന ഖ്യാതിയുമായി ആണ് ഈ ചിത്രം ഒരുങ്ങുന്നത്. ഏതെങ്കിലും ഒരു സിനിമയിലെ നായിക നായകന്മാരല്ലാതെയുള്ള പ്രത്യേക കഥാപാത്രങ്ങളെ വച്ചു ഒരുക്കുന്ന സിനിമകളെയാണ് സ്പിന്‍ ഓഫ് എന്ന് വിളിക്കുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ആയ 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ സുരേശന്റെയും സുമലതയുടെയും കഥാപാത്രങ്ങളാണ് 'ഹൃദയ ഹാരിയായ പ്രണയകഥ 'ലൂടെ തിരികെ എത്തുന്നത്.രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിര്‍മ്മാതാക്കള്‍. രതീഷ് ബാലകൃഷ്ണ പൊതുവാള്‍, ജെയ് കെ, വിവേക് ഹര്‍ഷന്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.