യുദ്ധകാലത്തെ ടെന്നിസ്

അൽഹസൻ ഇസ്ഹാഖും കോച്ചും ദോഹയിൽ

ഏതാനും ദിവസം മുമ്പ് ഖത്തറിലെ ഫ്‌ളഡ്‌ലിറ്റ് ടെന്നിസ് കോർട്ടിൽ കാലെടുത്തുവെച്ചപ്പോൾ അതിശയം കൊണ്ട് നാവിറങ്ങിപ്പോയി അൽഹസൻ ഇസ്ഹാഖിന്. ടെന്നിസ് ചാമ്പ്യനാവുകയെന്ന സ്വപ്നം കുഞ്ഞുന്നാൾ മുതൽ മനസ്സിലേറ്റി നടക്കുന്ന പതിമൂന്നുകാരന് ഖത്തറിലെ ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയെന്നത് സ്വപ്ന സാഫല്യമായിരുന്നു. യെമനിൽ മാസങ്ങളായി പരിശീലനം നടത്തിയതും ഖത്തറിലേക്ക് യാത്ര ചെയ്തതും കുടുംബം നുള്ളിപ്പെറുക്കിയുണ്ടാക്കിയ സമ്പാദ്യത്തിന്റെ വലിയ പങ്ക് ചെലവിട്ടാണ്. 
മാതാപിതാക്കൾ ചെലവിട്ട പണം ഇസ്ഹാഖ് വെറുതെയാക്കിയില്ല. യോഗ്യതാ റൗണ്ട് വിജയകരമായി കടന്ന ഇസ്ഹാഖ് പ്രധാന ടൂർണമെന്റിൽ പ്രി ക്വാർട്ടറിലേക്ക് മുന്നേറി. ഈ പ്രകടനം ഏഷ്യൻ അണ്ടർ-14 റാങ്കിംഗിൽ ഇസ്ഹാഖിനെ 126 ാം സ്ഥാനത്തേക്കുയർത്തി. യുദ്ധ വാർത്തകളുടെ ദുരന്തം പേറുന്ന യെമനി പത്രങ്ങളിൽ പതിമൂന്നുകാരൻ നീല ടി ഷർടണിഞ്ഞ് ദോഹയിൽ പൊരുതുന്നതിന്റെ ചിത്രങ്ങൾ പ്രതീക്ഷയുടെ പ്രകാശം ചൊരിഞ്ഞു. രണ്ടു വർഷമായി പോരാട്ടവും ക്ഷാമവും കലുഷിതമാക്കിയ നാടിന് നേരിയ ആശ്വാസമായിരുന്നു ഇസ്ഹാഖിന്റെ പ്രകടനം. ആയിരഞ്ഞിയഞ്ഞൂറോളം കുട്ടികളുൾപ്പെടെ 10,000 പേർക്കെങ്കിലും യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടാവുമെന്നാണ് കണക്ക്. ആയിരങ്ങളാണ് രാജ്യം വിട്ടത്. കായികരംഗത്ത് ഉയരങ്ങൾ തേടാൻ ഈ സാഹചര്യത്തിൽ ഒരു കുട്ടി ആഗ്രഹിക്കുന്നുവെങ്കിൽ അവന്റെ നിശ്ചയദാർഢ്യം അത്രയും ഉറച്ചതായിരിക്കണം.


യുദ്ധവും അത് സൃഷ്ടിക്കുന്ന ദുരിതവും അവഗണിക്കാനാവാത്ത വിധം യാഥാർഥ്യമാണെങ്കിലും ഏകാഗ്രത പാലിക്കാതെ നിവൃത്തിയില്ലെന്ന് ഇസ്ഹാഖ് പറയുന്നു. മത്സരങ്ങൾ ജയിക്കുക എന്നത് എന്റെ അടങ്ങാത്ത ആഗ്രഹമായിരുന്നു. സത്യസന്ധമായി ടെന്നിസിൽ പൂർണ ശ്രദ്ധ പതിപ്പിക്കുകയായിരുന്നു ഞാൻ -യുവ താരം പറഞ്ഞു. 
യെമൻ തലസ്ഥാനമായ സൻആയിൽനിന്ന് നേരിട്ട് ഖത്തറിലേക്ക് വിമാനം കയറാൻ ഇസ്ഹാഖിന് സാധിക്കില്ല. 2015 ൽ സൻആ വിമാനത്താവളം ബോംബാക്രമണത്തിൽ തകർന്നിരുന്നു. ഇസ്ഹാഖും കോച്ച് ഉസാമ അൽ മഖലീഹും 21 മണിക്കൂർ ബസിൽ യാത്ര ചെയ്ത് കിഴക്കൻ നഗരമായ സിയൂനിലെ വിമാനത്താവളത്തിലെത്തിയാണ് ദോഹയിലേക്ക് വിമാനം കയറിയത്. 
സമീപകാലം വരെ അൽഖാഇദ ഭീകരരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഗ്രാമങ്ങളിലെ കത്തിക്കരിഞ്ഞ വീടുകൾക്കും കടകൾക്കും ആരാധനാലയങ്ങൾക്കുമിടയിലൂടെയായിരുന്നു അവർ ബസിൽ സഞ്ചരിച്ചത്. ഹൂത്തികൾ വഴി നീളെ അവരുടെ ബസ് തടഞ്ഞുനിർത്തുകയും ബാഗുകൾ പരിശോധിക്കുകയും ചെയ്തു. ആയുധം ഉപയോഗിക്കുന്നവരാണോയെന്നറിയാൻ കൈകൾ പരിശോധിക്കുക വരെ ചെയ്തുവെന്ന് ഇസ്ഹാഖ് വെളിപ്പെടുത്തി. ഒരു യാത്രക്കാരനെ ബസിൽനിന്ന് ഇറക്കിക്കൊണ്ടു പോയി. അയാൾ തിരിച്ചുവന്നില്ല. സൻആയിലേക്ക് നീളുന്ന മലനിരകൾ പിന്നിട്ട് ബസ് മആരിബ് പ്രവിശ്യയിലേക്ക് തിരിഞ്ഞു. മആരിബിലാണ് വിപ്രവാസ സർക്കാരിന് പിന്തുണ നൽകുന്ന ഗൾഫ് അറബ് സേന നിലയുറപ്പിച്ചിരിക്കുന്നത്. 


യുദ്ധം യെമനിലെ കായികരംഗത്തെ താറുമാറാക്കിയിരിക്കുകയാണ്. അയ്ബാൻ പ്രവിശ്യയിലെയും മധ്യ യെമനിലെ ഇബ്ബിലെയും സ്റ്റേഡിയങ്ങൾ നാമാവശേഷമായി. 2015 ൽ ഒരു മീൻപിടിത്ത ബോട്ടിൽ തിക്കിത്തിരക്കിയിരുന്ന് യെമനിലെ ഫുട്‌ബോൾ കളിക്കാർ ഏദൻ കടലിടുക്കിലൂടെ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാൻ പോയത് വലിയ വാർത്തയായിരുന്നു. ഇസ്ഹാഖ് കളിച്ചിരുന്ന സൻആയിലെ കോർട്ടും യുദ്ധത്തിന്റെ കെടുതികൾ ഏറ്റുവാങ്ങി. നല്ല കാലത്തു തന്നെ യെമനിലെ ടെന്നിസ് അത്ര എടുത്തു പറയാനൊന്നുമുള്ളതല്ല. പവർകട്ടുകളും മണൽക്കാറ്റുകളും പലപ്പോഴും കളികൾ തടസ്സപ്പെടുത്തും. കോർട്ടുകൾ പലതും കുണ്ടും കുഴിയുമാണ്. ഫുൾടൈം കോച്ചുകൾ അപൂർവം. സർക്കാർ സഹായം പേരിനു പോലുമില്ല. ഇസ്ഹാഖും ഏതാനും ജൂനിയർ താരങ്ങളും രാജ്യാന്തര ടെന്നിസ് ഫെഡറേഷന്റെ സഹായത്തോടെയാണ് പിടിച്ചുനിൽക്കുന്നത്. ആയിരക്കണക്കിന് കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന, നൂറുകണക്കിന് കുട്ടികൾ തോക്കെടുത്ത് പൊരുതുന്ന ഒരു രാജ്യത്ത് ടെന്നിസ് ആഡംബരമാണ്. 
ബോംബിംഗിന്റെ ചെവി തുളക്കുന്ന ശബ്ദങ്ങൾക്കിടയിലാണ് പലപ്പോഴും കുട്ടികൾ കളിക്കുന്നത്. പെട്ടെന്ന് കോർട്ടിൽനിന്ന് രക്ഷപ്പെട്ട് വീട്ടിലേക്കോടേണ്ടി വരും. എങ്കിലും കുട്ടികൾ പിറ്റേന്ന് കൃത്യസമയത്ത് പരിശീലനത്തിനെത്തുമെന്ന് കോച്ച് മഖലീഹ് പറയുന്നു. 

Latest News