വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റും വിദ്യാഭ്യാസ തകർച്ചയും

വിദ്യ എന്ന യുവതി വ്യാജ ജോലി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് ലക്ചറർ ജോലി നേടാൻ ശ്രമിച്ചത് വലിയ വാർത്തയായിരിക്കുകയാണല്ലോ. ഈ യുവതി കോളേജ് അധ്യാപികയാവാൻ ആവശ്യമായ യോഗ്യതയുള്ള ആളാണ് എന്നാണ് അവരെക്കുറിച്ച് വന്ന വാർത്തകളിൽ നിന്ന് മനസ്സിലാവുന്നത്. എസ്.എഫ്.ഐയുടെ നേതാവായ ഈ യുവതി സംഘടനയിൽ പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. രണ്ടു കോളേജുകളിൽ ഇവർ ഇതിനകം ഗസ്റ്റ് ലക്ചറർ ആയി ജോലിയും ചെയ്തു. അവിടെയൊന്നും ഒരു സംശയവും കൂടാതെ ഇവർ തെരഞ്ഞെടുക്കപ്പെടുകയും ജോലി ചെയ്യുകയും ചെയ്തു. കണ്ണൂർ സർവകലാശാലയുടെ മൂല്യനിർണയ ക്യാമ്പിലും വിദ്യ ഉണ്ടായിരുന്നു.
ഇതാദ്യമല്ല സർവകലാശാല വിദ്യാഭ്യാസ രംഗം, വിശേഷിച്ചും അധ്യാപന രംഗം അഴിമതി ആരോപണങ്ങൾക്ക് വിധേയമാകുന്നത്. ഒന്നും കാര്യമായി തിരുത്തപ്പെട്ടില്ല. കാലം കഴിഞ്ഞപ്പോൾ മറന്നുപോയി എന്ന് മാത്രം. അധ്യാപകരുടെ തെരഞ്ഞെടുപ്പ്, നിയമനം, റിസർവേഷൻ അട്ടിമറിക്കൽ, മാർക്ക് കൂട്ടൽ, കുറക്കൽ, യോഗ്യത കൂട്ടൽ, കുറക്കൽ എന്നിങ്ങനെ വിവിധങ്ങളായ അട്ടിമറികൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാര്യമായ തിരുത്തപ്പെടൽ ഉണ്ടായില്ല. ഇതോടൊപ്പം ഓർക്കേണ്ടത് ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരത്തകർച്ചയാണ്. ഗവേഷണ പ്രബന്ധങ്ങളിലെ അബദ്ധങ്ങളെ സംബന്ധിച്ച് ട്രോളുകളുടെ ഘോഷയാത്രകളായിരുന്നു.
ഇത്തരം ആരോപണങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്ന ആഘാതങ്ങൾ കൂടി കാണേണ്ടതുണ്ട്. വിദ്യാഭ്യാസം വിമോചനത്തിനുള്ള വഴിയായി കാണുന്ന സമൂഹമാണ് നമ്മുടേത്. ആ വിമോചന മാർഗം ഇവിടെ സംശയത്തിന്റെ നിഴലിലായി. ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ സ്വപ്‌നമാണ് തകർന്നു പോകുന്നത്. ജീവിതമാണ് പ്രതിസന്ധിയിൽ ആകുന്നത്. കാനഡയിലേക്കും യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറാൻ കഴിയാത്ത ചെറുപ്പക്കാരാണ് പഠിച്ചു ഇവിടത്തെ സ്ഥാപനങ്ങളിൽ ജോലി തേടി ജീവിതം പച്ചപിടിപ്പിക്കാൻ കഠിനമായി പാടുപെടുന്നത്. അവരെയാണ് നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിടുന്നത്. കൂടാതെ ഇവിടത്തെ വിദ്യാഭ്യാസ രംഗത്തെ വില കുറക്കുന്ന ഇത്തരം സംഭവങ്ങൾക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ്. വിദേശങ്ങളിലോ അന്യ സംസ്ഥാനങ്ങളിലോ പോകുമ്പോൾ ഇത്തരം വിവാദ സർവകലാശാലകളിലെ ബിരുദങ്ങൾ സംശയത്തിന്റെ നിഴലിലാകുന്നു.
വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റ്  കണ്ടെത്തിയ അട്ടപ്പാടിയിലെ കോളേജ് അധികൃതർ പോലീസിൽ ഒരു പരാതി നൽകാൻ പോലും ആദ്യ ഘട്ടത്തിൽ ഭയക്കുന്നതായാണ് കണ്ടത്. ഇത്തരം സംഭവങ്ങളിൽ വൈകിയ പരാതിയും പരാതി ഇല്ലായ്കയും എല്ലാം അനീതിയെ അടിച്ചുറപ്പിക്കുകയാണ്. കൂടാതെ വിദ്യയുടെ പിഎച്ച്.ഡി പ്രവേശനം തന്നെ വൈസ് ചാൻസലറുടെ പ്രത്യേക ഇടപെടലിലൂടെയാണെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. അതിലേറെ പ്രധാനം, അത് റിസർവേഷൻ അട്ടിമറിച്ചാണ് എന്നതാണ്. യഥാർത്ഥത്തിൽ എസ്.സി, എസ്.ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമാണ് വൈസ് ചാൻസലർ ചെയ്തത്. എസ്.സി, എസ്.ടി സെല്ലിന്റെ റിപ്പോർട്ട് അവഗണിച്ചുകൊണ്ട് തന്റെ അധികാരം ദുർവിനിയോഗം ചെയ്യുകയായിരുന്നു വി.സി. അത് ഒരു വിദ്യക്ക് ഗവേഷണത്തിനു പ്രവേശനം നൽകുന്നതിലപ്പുറം മാനങ്ങളുള്ള ഒരു വലിയ കുറ്റകൃത്യമാണ്. 
ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതാണെന്ന വാദം ഉണ്ട്. പക്ഷേ നിരവധി സംഭവങ്ങൾ പല തലങ്ങളിൽ ആവർത്തിക്കുമ്പോൾ അത് ഒറ്റപ്പെട്ടതല്ലാതെവുകയാണല്ലോ. മാത്രമല്ല, ഇത്തരം കുറ്റകൃത്യങ്ങൾ അധികാര കേന്ദ്രങ്ങളുടെ തന്നെ പ്രവർത്തനമാവുമ്പോൾ  വലിയ സാമൂഹ്യ മാനങ്ങൾ ഉണ്ടാവുന്നു. എന്നു മാത്രമല്ല, ഒരു തരത്തിലുള്ള അന്വേഷണവും ഇല്ലാതെ പോവുകയും ചെയ്യുന്നു. കേവലം ഭരണ, പ്രതിപക്ഷ തർക്കത്തിനപ്പുറം സാമൂഹ്യമായ ഒരു ഇടിത്തീ തന്നെയായി ഈ അഴിമതികൾ മാറുന്നു. ഭരണപക്ഷ സംഘടനകൾ എടുക്കുന്ന ഇല്ലാത്ത അധികാരം ഇതിൽ ഒരു പ്രധാന ഘടകമാണ്. ഇത്തരം സംഘടനകളുടെ നിലവാരത്തകർച്ച ഊഹിക്കാവുന്നതിനുമപ്പുറമാണ്.
നീതിയിൽ വിശ്വാസം നഷ്ടപ്പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തോട് ചെയ്യുന്ന ദ്രോഹങ്ങളുടെ ആഴം വളരെ ഏറെയാണ്. ജനാധിപത്യത്തിൽ സാമൂഹ്യ നീതി ചില പ്രത്യേക സമയത്ത് പൊതിഞ്ഞുകൊടുക്കുന്ന ഒരു വസ്തുവല്ല. അത് സാമൂഹ്യ പ്രക്രിയകളിൽ ഉടനീളം നിഴലിക്കുന്ന ഒന്നാണ്. അതുപോലെ സുതാര്യത സാമൂഹ്യ നീതി ഉറപ്പ് വരുത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. ഈയിടെയായി റിപ്പോർട്ട് ചെയ്ത പല സംഭവങ്ങളിലും ഒരാൾക്ക് ഒരു പദവി കൊടുത്ത ശേഷം അയാൾക്കുള്ള അർഹത  സാധൂകരിക്കുന്ന രീതിയാണ് കണ്ടത്. അതുപോലെ നടപടിക്രമങ്ങളെ അട്ടിമറിക്കുകയും   മാറ്റിമറിക്കുകയും പേരിനു മാത്രമാക്കുകയും ചെയ്യുകയാണ്. 
ഭരണഘടന സംരക്ഷിക്കാൻ പറയുമ്പോൾ അകലെയുള്ള ഒരു വലിയ നിയമസംഹിത സംരക്ഷിക്കുക എന്നത് മാത്രമല്ല, രാജ്യത്തെ ഏറ്റവും ചെറിയ സംവിധാനത്തിലും ഭരണഘടന ഉറപ്പു വരുത്തുന്ന തുല്യതയും അവസര സമത്വവും മറ്റു മൂല്യങ്ങളും സംരക്ഷിച്ചുകൊണ്ട് പ്രവർത്തിക്കുക എന്നതാണ്. നമ്മുടെ യുവാക്കളെ നിരാശപ്പെടുത്തുന്ന തരത്തിൽ നമ്മുടെ അധികാര രൂപങ്ങൾ മാറുമ്പോൾ ആ സമൂഹം വലിയ തകർച്ച നേടുകയാണ്. കേരളത്തിൽ ഇത്തരം കാര്യങ്ങൾ അർത്ഥവത്തായി ചർച്ച ചെയ്യപ്പെടുന്നില്ല എന്നുള്ളതും നിർഭാഗ്യകരമാണ്. 
ഭരണ, പ്രതിപക്ഷങ്ങൾക്കപ്പുറത്ത് ഇത് നിരീക്ഷിക്കുന്ന പൗരസമൂഹങ്ങൾ ദുർബലമാണ്. പ്രതികരണം ചോദിച്ചു വാങ്ങേണ്ട ഒന്നല്ല, അത് തനിയെ ഉണ്ടാവേണ്ടതാണ്. ഇവിടത്തെ ബുദ്ധിജീവികളും എഴുത്തുകാരും ചില സന്ദർഭങ്ങളിൽ മാത്രം പ്രതികരിക്കുന്നവരാണ് എന്നത് ഒരു പുതിയ കാര്യമല്ല. 
എങ്കിലും ഭരണകൂടത്തിൽ നിന്നുള്ള ഗുണഫലം മോഹിച്ചു നിൽക്കുന്ന ഒരു കൂട്ടം പുരോഗമനക്കാരും എഴുത്തുകാരും ബുദ്ധിജീവികളും സമൂഹത്തിനു ഒന്നും നൽകുന്നില്ല. മാത്രമല്ല, ഭരണകൂടത്തിന്റെ തെറ്റുകൾ വിമർശനത്തിനതീതമാണെന്ന ഒരു ധാരണയുമുണ്ടാക്കുന്നു.

Latest News