പാരീസ്-ഇന്ധന വിലയിലുണ്ടായിരുന്ന കുറവ് വിമാന യാത്രക്കാർക്ക് ആശ്വാസം പകരില്ലെന്നാണ് വ്യോമയാന മേഖലയിൽ നിന്നുള്ള സൂചനകൾ. ഇന്ധന വിലയിലുണ്ടാകുന്ന കുറവ് വിമാനക്കമ്പനികളെ നിരക്ക് കുറക്കാൻ പ്രേരിപ്പിക്കുന്നില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആഗോള തലത്തിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനയാണ് കാരണം.
കോവിഡ് കാലത്ത് തകർന്നു പോയ വിമാനക്കമ്പനികൾ ഉയർത്തെഴുന്നേൽക്കുന്നേ ഉള്ളൂവെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട ബിസിനസ് ഏജന്റുമാർ പറയുന്നത്. കോവിഡിന് ശേഷം യാത്രക്കാർ അന്താരാഷ്ട്ര യാത്രകൾ വ്യാപകമായി തുടങ്ങി വരികയാണ്. അത്യാവശ്യക്കാരല്ലാത്തവർ ഇതുവരെ വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ വിദ്യാഭ്യാസം, തൊഴിൽ, ടൂറിസം മേഖലകളിൽ അതിർത്തികൾ കടന്നുള്ള യാത്രകൾ ആരംഭിച്ചിട്ടുണ്ട്. ബിസിനസ് പ്രതിസന്ധി മെല്ലെ മറികടക്കാനുള്ള ശ്രമത്തിലാണ് കമ്പനികൾ. വരുംമാസങ്ങളിൽ യാത്രികരുടെ എണ്ണം വർധിക്കുമെന്നും അവർ കണക്കാക്കുന്നു. കോവിഡിന് മുമ്പുണ്ടായിരുന്ന തിരക്കിലേക്ക് വിമാന യാത്ര മാറുമെന്നാണ് കണക്കുകൂട്ടൽ.
ഏഷ്യ-പസഫിക് മേഖലയിൽ കഴിഞ്ഞ നാലു വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് വിമാന കമ്പനികൾ ഇപ്പോൾ ടിക്കറ്റുകൾ വിൽക്കുന്നത്. 51 ശതമാനം ഉയർന്ന നിരക്കാണിത്. ഫ്രാൻസിൽ വിമാന നിരക്കിൽ ശരാശരി 32.6 ശതമാനത്തിന്റെ വർധനയും ഉണ്ടായി. അമേരിക്കയിൽ കഴിഞ്ഞ നാലു വർഷത്തിനിടെ 11 ശതമാനത്തിന്റെ വർധനയുണ്ടായിട്ടുണ്ട്. എണ്ണ വിലയിൽ വരുംമാസങ്ങളിൽ ഇനിയും ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ അനുകൂല സാഹചര്യം മുതലെടുത്ത് പരമാവധി ലാഭമെടുക്കാനാണ് വിമാനക്കമ്പനികളുടെ ലക്ഷ്യം. ടിക്കറ്റ് നിരക്ക് കുറക്കണമെന്ന യാത്രക്കാരുടെ മുറവിളിക്ക് അവർ ചെവികൊടുക്കുന്നില്ല.






