കെ ഫോണിന്റെയും കെ പപ്പടത്തിന്റെയും ഉദ്ഘാടനത്തിനും പ്രഖ്യാപനത്തിനുമൊക്കെ ശേഷം മുഖ്യമന്ത്രിയും കൂട്ടരും അമേരിക്കയിൽ ലോക കേരള സഭ മേഖല സമ്മേളനത്തിലാണ്.
പ്രവാസികളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനും കേരളത്തിന്റെ വികസനത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പു വരുത്താനുമൊക്കെയാണ് കേരള നിയമസഭയുടെ ഒരു എക്സ്റ്റൻഷൻ ആയി ലോക കേരള സഭ രൂപം കൊണ്ടത്. കുറെ വിവാദങ്ങൾ സൃഷ്ടിച്ചുവെന്നല്ലാതെ ആ ലക്ഷ്യങ്ങൾ നേടാൻ കാര്യമായൊന്നും ചെയ്യാൻ സഭക്കായിട്ടില്ല എന്നതാണ് വാസ്തവം. അതോടൊപ്പം കെ ഫോൺ മുതൽ കെ പപ്പടം വരെയുള്ള സംരംഭങ്ങൾ സർക്കാർ തന്നെ തുടങ്ങുന്നതാണോ കേരള വികസനം എന്ന ചോദ്യം ഉയർത്തേണ്ട സമയമാണിത്.
ആധുനിക കാലത്ത് ഒരു സർക്കാരിന്റെ ഉത്തരവാദിത്തങ്ങൾ എന്താണെന്ന ചോദ്യം വളരെ പ്രസക്തമാണ്. അത് പരമാവധി പേർക്ക് തൊഴിൽ നൽകലാണെന്നാണ് വലിയൊരു വിഭാഗം ധരിച്ചുവെച്ചിരിക്കുന്നത്. കേരളത്തിൽ ഞങ്ങൾ ഭരിക്കുമ്പോൾ ഇത്ര പേർക്ക് പി.എസ്.സി വഴി ജോലി കൊടുത്തു, അവർ ഭരിക്കുമ്പോൾ എത്ര പേർക്ക് കൊടുത്തു, മറ്റു സംസ്ഥാനങ്ങളിൽ എത്ര പേർക്ക് കൊടുക്കുന്നു, ഞങ്ങൾ ഇത്ര പുതിയ തസ്തികകൾ സൃഷ്ടിച്ചു, നിങ്ങളോ തുടങ്ങിയ ചോദ്യങ്ങളെല്ലാം കേൾക്കുന്നത് അതിന്റെ ഭാഗമാണ്.
സർക്കാരിനെ ഒരു തൊഴിൽ ദായക സ്ഥാപനമായാണ് ഇവരെല്ലാം കാണുന്നത്. അതിന്റെ ഭാഗമായാണ് സർക്കാർ തന്നെ കൊട്ടിഘോഷിച്ച് പുതിയ വ്യവസായങ്ങളും സംരംഭങ്ങളും തുടങ്ങുന്നത്. തികച്ചും തെറ്റായ സമീപനമാണിത്.
സർക്കാരിന്റെ ഉത്തരവാദിത്തം പരമാവധി പേർക്ക് തൊഴിൽ കൊടുക്കലല്ല. സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് അത്യാവശ്യമായത്ര പേർക്ക് മാത്രമാണ് സർക്കാർ നേരിട്ടു തൊഴിൽ നൽകേണ്ടത്. മറുവശത്ത്, സംരംഭകർക്ക് സംരംഭങ്ങൾ തുടങ്ങാനും അതിലൂടെ പരമാവധി പേർക്ക് തൊഴിൽ നൽകാനുള്ള സാഹചര്യം ഒരുക്കുകയുമാണ്.
ഇന്നു സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകൾ എന്തൊക്കെയാണെന്ന് ഏറെക്കുറെ എല്ലാവർക്കും അറിയാം. മദ്യ വിൽപനയും ലോട്ടറിയുമാണ് അതിൽ പ്രധാനം. ഇവ രണ്ടും ഒരു ഭരണകൂടത്തിന് പ്രധാനമായും ആശ്രയിക്കാവുന്ന സ്രോതസ്സുകളോണോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. പല സംസ്ഥാനങ്ങളും ഇവ രണ്ടും നിരോധിച്ചിട്ടുമുണ്ട്. അതുപോലെ സർക്കാരിന്റെ ഖജനാവിൽ നിന്ന്് ചെലവഴിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും പോകുന്നത് സർക്കാർ ജീവനക്കാർക്ക് വേതനത്തിനും പെൻഷനുമായാണ്. ലീവ് സറണ്ടർ, സ്വന്തമായി പെൻഷനുണ്ടെങ്കിലും പങ്കാളി മരിച്ചാൽ ആ പെൻഷൻ തുടരൽ, ആശ്രിത നിയമനം തുടങ്ങി എത്രയോ അനീതികളും ഇവിടെ നടക്കുന്നു.
കോവിഡ് കാലത്ത് ലോകത്ത് എവിടെയും നടക്കാത്ത പോലെ ജീവനക്കാർക്ക് വേതനവും പെൻഷനും വർധിപ്പിക്കലിനും കേരളം സാക്ഷ്യം വഹിച്ചു. കെ.എസ്.ഇ.ബിയെ പോലുള്ള സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന ഭീമമായ വേതന വർധനക്കെതിരെ സി.എ.ജി പോലും രംഗത്ത് വന്നിരിക്കുന്നു. സർക്കാർ ജീവനക്കാരുടെ കാലാവധി 10 വർഷമാക്കണമെന്നും അങ്ങനെ പരമാവധി പേർക്ക് സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ അവസരം നൽകണമെന്നും തുടർന്ന് സംരംഭകരാകാനുള്ള സഹായങ്ങൾ നൽകണമെന്നുമുള്ള നിർദേശം പല സാമ്പത്തിക വിദഗ്ധരും മുന്നോട്ടു വെച്ചിട്ടുണ്ട്. എന്നാൽ ആര് കേൾക്കാൻ? കേട്ടാൽ തന്നെ സംഘടിത ശക്തിയായ ജീവനക്കാർ സമ്മതിക്കുമോ? ഓരോ ഫയലിനു പിറകിലും ഓരോ ജീവിതമുണ്ടെന്നു മറക്കരുതെന്നു മാസത്തിലൊരിക്കലെങ്കിലും കേണു പറയുന്ന മുഖ്യമന്ത്രിയെ നാം കാണുന്നതല്ലേ? മറുവശത്ത് സർക്കാർ വാങ്ങിയ നെല്ലിന്റെ വിലയോ നിരവധി ജീവനക്കാർക്ക് തൊഴിൽ കൊടുക്കുന്ന കോൺട്രാക്ടർമാർക്കുള്ള കുടിശ്ശികകളോ ഒരിക്കലും സമയത്ത് കൊടുക്കാറുമില്ല.
ഇതിനൊക്കെ പുറമേയാണ് സർക്കാർ നേരിട്ടു നടത്തുന്ന സ്ഥാപനങ്ങളുടെ അവസ്ഥ.
പല പൊതുമേഖല സ്ഥാപനങ്ങളും വൻനഷ്ടത്തിലാണ്. കെ.എസ്.ആർ.ടി.സിയിൽ ഓരോ ബസിനും മൂന്നു കോടി കടമാണ്. സ്വകാര്യ ബസുടമകൾ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളെ അംഗീകരിക്കാത്ത സർക്കാർ കെ.എസ്.ആർ.ടി.സിക്ക് വർഷം തോറും എത്രയോ കോടികളാണ് കൊടുക്കുന്നത്. സ്വന്തമായി കുറിക്കമ്പനി പോലും നടത്തുന്നതാണ് നമ്മുടെ സർക്കാർ. അടുത്ത കാലത്തു തന്നെ എത്രയോ സ്ഥാപനങ്ങളാണ് സർക്കാർ തുടങ്ങിയത് അഥവാ തുടങ്ങി എന്നു പ്രഖ്യാപിച്ചത്. സ്വന്തമായി ലാപ്‌ടോപ്, ഓൺ ലൈൻ ടാക്‌സി, ചിക്കൻ, ഒ.ടി.ടി പ്ലാറ്റ് ഫോം, കെ ഫോൺ, കെ പപ്പടം എന്നിങ്ങനെ ആ ലിസ്റ്റ് നീളുന്നു.
ഇവയേതെങ്കിലും വിജയകരമായി നടക്കുന്നുണ്ടോ, നടക്കുമെന്നു പ്രതീക്ഷിക്കാമോ? സാധ്യത കുറവാണ്. ഓരോന്നും സർക്കാരിന് വൻ ബാധ്യത സൃഷ്ടിക്കാനാണ് സാധ്യതയെന്നേ മുൻ അനുഭവങ്ങളിൽ നിന്ന് പറയനാവൂ. മറുവശത്ത് കടമെടുക്കാനുള്ള അവകാശത്തിനായാണ് നാം കേന്ദ്രത്തോട് തർക്കിക്കുന്നത്. അല്ലാതെ യഥാർത്ഥ ഫെഡറൽ ഘടനക്കായല്ല.
വാസ്തവത്തിൽ സർക്കാർ ചിക്കനും പപ്പടവും ലാപ്‌ടോപ്പുമൊക്കെ ഉണ്ടാക്കി വിൽക്കണോ? ബസുകളോടിക്കണോ? കാബിളും ഒ.ടി.ടിയും ടാക്‌സിയുമൊക്കെ നൽകണോ? അതിനായി പണവും ഊർജവും കളയണോ? വേണ്ട എന്നു തന്നെയാണ് മറുപടി.
സംരംഭകത്വത്തെ കുറിച്ച് ദിവസം തോറും ഉരുവിട്ടുകൊണ്ടിരിക്കുന്ന ഒരാളാണല്ലോ നമ്മുടെ വ്യവസായ മന്ത്രി. പി. രാജീവ് പറയുന്ന പോലെ സംരംഭങ്ങൾ തുടങ്ങാനുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുകയാണ് ചെയ്യേണ്ടത്. കൊടുക്കുന്നു എന്ന് പല കണക്കുകളും ഉദ്ധരിച്ച് അദ്ദേഹം പറയുന്നുണ്ടെങ്കിലും എത്രമാത്രം പ്രായോഗികമാണ് എന്നതിൽ സംശയമുണ്ട്.
പ്രത്യേകിച്ച,് കോവിഡിനു ശേഷം എത്രയോ സംരംഭകരും കർഷകരുമൊക്കെ തകർന്ന് ആത്മഹത്യയിലഭയം തേടിയിരിക്കുന്നു.
കൂടാതെ ഗൾഫിലും മറ്റും വർഷങ്ങൾ തൊഴിൽ ചെയ്ത് സ്വരുക്കൂട്ടിയ പണവുമായി ഇവിടെ സംരംഭങ്ങൾ തുടങ്ങാൻ ശ്രമിച്ച്, പ്രതിസന്ധികൾ നേരിട്ട് ജീവിതം പോലും അവസാനിപ്പിച്ചിരിക്കുന്നു. സംരംഭകരെ ഒരു തെറിവാക്ക് പോലെ മുതലാളി, പെറ്റിബൂർഷ്വ തുടങ്ങിയ പദങ്ങളാൽ വിശേഷിപ്പിക്കുന്ന ഒരു സംസ്‌കാരം ഇവിടെ നിലനിൽക്കുന്നു. കച്ചവടത്തെ വളരെ മോശമായ തൊഴിലായി അവതരിപ്പിക്കുന്ന പൊതുബോധവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സംരംഭകരും മുതലാളിമാരും കച്ചവടക്കാരുമൊക്കെ എത്രയോ പേർക്ക് തൊഴിൽ കൊടുക്കുന്നവരാണ് എന്നു പോലും നാം ഓർക്കുന്നില്ല. ലക്ഷങ്ങൾ വേതനം വാങ്ങുന്ന യു.ജി.സിക്കാരൻ നമുക്ക് വിപ്ലവകാരിയും പെട്ടിക്കടക്കാരൻ ബൂർഷ്വാസിയുമാണ്. അതേസമയം കോർപറേറ്റ് സംരംഭകർക്ക് ഒരു പ്രശ്‌നവുമില്ല. നോക്കുകൂലി പോലും അവർക്ക് ബാധകമല്ല.
മെച്ചപ്പെട്ട റോഡുകൾ നിർമിക്കുന്നതൊഴികെ സംരംഭകർക്ക് ഗുണകരമാകുന്ന കാര്യമായ പ്രവർത്തനമൊന്നും കാണുന്നില്ല. ചാനലുകളിൽ വരുന്ന 'നാം മുന്നോട്ട്്' എന്ന സർക്കാർ സ്‌പോൺസേഡ് പരിപാടിയുടെ കഴിഞ്ഞ ലക്കത്തിൽ, സംരംഭകർ തയാറായിട്ടും പലപ്പോഴും നിയമത്തിന്റെ നൂലാമാലകൾ തടസ്സമാകുന്നു എന്നും അവ ലഘൂകരിക്കണമെന്നും ഒരു പഞ്ചായത്ത് പ്രസിഡന്റ് തന്നെ പരാതി പറയുന്നതു കേട്ടു. പക്ഷേ മുഖ്യമന്ത്രി അതിനോട് കാര്യമായി പ്രതികരിച്ചില്ല.
സർക്കാരിന്റെ നിയന്ത്രണത്തിലും സഹായത്താലും സംരംഭകത്വം തുടങ്ങാനും ആരോഗ്യകരമായ മത്സരത്തിന് സാഹചര്യമൊരുക്കാനുമാണ് സർക്കാർ തയാറാകേണ്ടത്. അത്തരം മത്സരം ജനങ്ങൾക്ക് ഏറെ ഗുണകരമാകുമെന്നതിന് എത്രയോ ഉദാഹരണങ്ങൾ നമ്മുടെ മാർക്കറ്റിലുണ്ട്. അത്തരം സമീപനമാണ് തുടരേണ്ടത്. അല്ലാതെ ഖജനാവിനെ കാലിയാക്കി സർക്കാർ തന്നെ മുതലാളിയും തൊഴിൽ ദായകരുമാകലല്ല.
തീർച്ചയായും സ്വകാര്യ മേഖലയെ മാറ്റിനിർത്തി സർക്കാർ നേരിട്ടു നടത്തേണ്ട ചില മേഖലകളുണ്ട്. വിദ്യാഭ്യാസവും ആരോഗ്യവും പോലെ ഒരു സമൂഹത്തെ സംബന്ധിച്ച് സുപ്രധാനമായ മേഖലകൾ. എന്നാൽ ആ മേഖലകളിൽ എന്താണ് നടക്കുന്നതെന്നു വിശദീകരിക്കേണ്ടതില്ലല്ലോ. ആ മേഖലകളിൽ ചെലവഴിക്കേണ്ട പണമാണ് അനാവശ്യമായ മറ്റു പല മേഖലകളിലേക്കും തിരിച്ചുവിട്ട് വർഷം തോറും കടബാധ്യത വർധിപ്പിക്കുന്നത്. ഇത്തരം മേഖലകളിലാകട്ടെ, സ്വകാര്യ സ്ഥാപനങ്ങൾ ജനങ്ങളെ കൊള്ളയടിക്കുന്നു.
മറുവശത്ത് ദുർബല വിഭാഗങ്ങളുടെ ക്ഷേമം സർക്കാരിന്റെ ഉത്തരവാദിത്തമാണ്. വയോധികരെയും ഭിന്നശേഷിക്കാരെയും മറ്റും എന്തു വില കൊടുത്തും സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. എന്നാൽ വൃദ്ധജനങ്ങൾക്ക് തുഛം പെൻഷൻ നൽകി കൈകഴുകുകയാണ് ചെയ്യുന്നത്.
സാമ്പത്തിക പ്രശ്‌നം വന്നാൽ ആദ്യം ഒഴിവാക്കുക ഈ പെൻഷനാണ്. വൃദ്ധജനങ്ങളെയെല്ലാം ഇൻഷുർ ചെയ്യാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. എന്നാൽ ചെയ്യുന്നത് സർക്കാർ ജീവനക്കാരെയാണ്.
ഭിന്നശേഷിക്കാരുടെയും മാറാരോഗികളുടെയും മറ്റും അവസ്ഥയും മഹാകഷ്ടമാണ്. അതിരൂക്ഷമായ പ്രതിസന്ധികൾ നേരിടുന്ന ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, ദളിതർ, ഭിന്നലിംഗ, ലൈംഗിക വിഭാഗങ്ങൾ തുടങ്ങിയ സാമൂഹ്യ വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും ഏറ്റെടുക്കാൻ ഒരു ജനാധിപത്യ സർക്കാർ ബാധ്യസ്ഥമാണ്. അതിനൊന്നും ശ്രമിക്കാതെയാണ് പപ്പടവും ചിക്കനും ലാപ്‌ടോപ്പുമൊക്കെ ഉണ്ടാക്കി വൻ ബാധ്യത ക്ഷണിച്ചു വരുത്തുന്നത്, അതിനായി ലോകം മുഴുവൻ സഞ്ചരിക്കുന്നത്, ലോക കേരള സഭകൾ സംഘടിപ്പിക്കുന്നത്.






