ന്യൂദല്‍ഹി- ഇന്ത്യയിലെ ബലാത്സംഗ കേസുകളില്‍ 95 ശതമാനം പ്രതികളും മുസ്്‌ലിംകളാണെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍.സി.ആര്‍.ബി)യെ ഉദ്ധരിച്ച് ആള്‍ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ട് എന്ന പേരിലാണ് ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഈ വ്യാജ വര്‍ത്ത പ്രചരിപ്പിച്ചിരുന്നത്. ഇന്ത്യയിലെ 84,734 കേസുകളില്‍ 81,000 ബലാത്സംഗങ്ങളും നടത്തിയത് മുസ്്‌ലിംകളാണെന്നായിരുന്നു വാര്‍ത്ത. 96 ശതമാനം ഇരകളും മുസ്്‌ലിംകളല്ലാത്തവരാണെന്നും ഹിന്ദിയില്‍ പ്രചരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്്‌ലിം ജനസംഖ്യ കൂടുന്നതിനനുസരിച്ച് ബലാത്സംഗങ്ങള്‍കൂടുമെന്ന ആശങ്കയും പങ്കുവെച്ചു.
2016 മുതലുള്ള കണക്കെന്നു പറഞ്ഞാണ് സമൂഹമാധ്യമങ്ങളില്‍ ഈ റിപ്പോര്‍ട്ട് വ്യാപകമായി പ്രചരിപ്പിച്ചത്. ഫെയ്ക് ന്യൂസ് വെബ്‌സൈറ്റായി അറിയപ്പെടുന്ന പോസ്റ്റ്കാര്‍ഡ് ന്യൂസിന്റെ സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്‌ഡേയും ഇതു പ്രചരിപ്പിച്ചവരില്‍ ഉള്‍പ്പെടുന്നു. എന്‍.സി.ആര്‍.ബിയെ ഉദ്ധരിക്കാതെ ഇദ്ദേഹം പോസ്റ്റ് ചെയ്ത ട്വീറ്റ് നൂറുകണക്കിനാളുകളാണ് റിട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി നേരന്ദ്ര മോഡി ഫോളോ ചെയ്യുന്നയാള്‍ കൂടിയാണ് ഹെഗ്‌ഡെ.
ട്വിറ്ററിനു പുറമെ, ഫെയ്‌സ് ബുക്കിലും പ്രകോപനപരമായ ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്.
മുസ്്‌ലിംകളെ ബലാത്സംഗ വീരന്മാരായി ചിത്രീകരിച്ചുകൊണ്ടുള്ള വ്യാജ പ്രചാരണത്തിന്റെ ലക്ഷ്യം ഹിന്ദു മനസ്സുകളില്‍ ഭയം ജനിപ്പിക്കുകയാണ്. അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കയാണ്.
ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ കണക്ക് ശേഖരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന ദേശീയ ഏജന്‍സിയാണ് എന്‍.സി.ആര്‍.ബി. 2016 ലെ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ക്രൈം ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടാണ് എന്‍.സി.ആര്‍.ബി അവസാനമായി പുറത്തുവിട്ടത്. ഈ റിപ്പോര്‍ട്ടില്‍ മതം അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് ബ്യൂറോ നടത്തിയിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലെ ബലാത്സംഗ കേസുകള്‍ക്കാണ് റിപ്പോര്‍ട്ടില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഇരകളുടെ പ്രായവും പ്രതികള്‍ക്ക് അവരുമായുള്ള ബന്ധവും ഈ റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഇരകളെ വേര്‍തിരിച്ചിടത്ത് സ്ത്രീകളുടെ മതം പരിഗണിച്ചിട്ടില്ല. ഇരകളുടെ പരിചയക്കാര്‍, അല്ലാത്തവര്‍ എന്നിങ്ങനെ രണ്ട് വിശാലാടിസ്ഥാനത്തിലാണ് ഇരുകളുമായുള്ള ബന്ധം വേര്‍തിരിച്ചിരിക്കുന്നത്. ക്രൈം ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടില്‍ മതത്തിന്റെ കോളമില്ലതാനും.
ഇരകളുടെയോ പ്രതികളുടെയോ കണക്ക് മതാടിസ്ഥാനത്തില്‍ ശേഖരിക്കാറില്ലെന്നും ഇത് വസ്തുതകളെ പൂര്‍ണമായും വളച്ചൊടിച്ച അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടാണന്നും എന്‍.സി.ആര്‍.ബി ആള്‍ട് ന്യൂസിനു നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. അധികൃതര്‍ നടപടി സ്വീകരിക്കണെന്നും പൗരന്മാര്‍ വസ്തുതകള്‍ മനസ്സിലാക്കി ജാഗ്രത പാലിക്കണമെന്നും എന്‍.സി.ആര്‍.ബി വ്യക്തമാക്കുന്നു.
മുന്‍ധാരണയും വിദ്വേഷവും പ്രചരിപ്പിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തുടരുകയാണ്. അസത്യങ്ങളും വിദ്വേഷ പ്രസ്താവനകളും പ്രചരിപ്പിച്ച് വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്ന നിരവധി ഗ്രൂപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്.






