നിഹാലിനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം-  തെരുവ് നായയുടെ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ നിഹാല്‍ മരിക്കാനിടയായ സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി 15 ദിവസത്തിനകം സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു. ജൂലൈയില്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.. കണ്ണൂര്‍ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് ഇന്നലെ സംഭവം നടന്നത്. നിഹാല്‍ നൗഷാദ് ആണ് തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭിന്നശേഷിക്കാരനായ നിഹാലിന് സംസാര ശേഷി ഇല്ല. ഇന്നലെ വൈകിട്ട് 5 മണിയോടെ ആണ് വീട്ടില്‍ നിന്ന് കുട്ടിയെ കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ വീടിനു അരകിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ ആണ് ചോരവാര്‍ന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ അരയ്ക്ക് കീഴോട്ടുള്ള ഭാഗം തെരുവു നായ്ക്ക്ള്‍ കടിച്ചു കീറിയ നിലയിലായിരുന്നു.

 

Latest News