Sorry, you need to enable JavaScript to visit this website.

യു.എ.ഇ സന്ദര്‍ശക വിസയുടെ കാലാവധി 120 ദിവസം വരെ നീട്ടാം  

അബുദാബി- പ്രവാസികള്‍ക്ക് രാജ്യത്തിന് പുറത്തു പോകാതെ തന്നെ സന്ദര്‍ശക വിസ പുതുക്കാമെന്നറിയിച്ച് യുഎഇ. 30 മുതല്‍ 60 ദിവസം വരെ കാലാവധിയുള്ള വിസകളുള്ള വിദേശികള്‍ക്ക് രാജ്യത്ത് തന്നെ തുടര്‍ന്നുകൊണ്ട് കാലാവധി 30 ദിവസത്തേയ്ക്ക് കൂടി നീട്ടാന്‍ സഹായിക്കുന്നതാണ് പുതിയ നടപടി. കൂടാതെ ഒരു സന്ദര്‍ശക വിസയുടെ കാലാവധി പരമാവധി 120 ദിവസം വരെ നീട്ടാമെന്നും അധികൃതര്‍ അറിയിച്ചു.
ഒരു മാസത്തേയ്ക്ക് വിസ നീട്ടി ലഭിക്കാന്‍ പ്രവാസികള്‍ക്ക് 1150 ദിര്‍ഹമാണ് ചെലവ് വരുന്നത് എന്നാണ് ട്രാവല്‍ ഏജന്‍സികള്‍ അറിയിക്കുന്നത്. രാജ്യത്തിന് പുറത്ത് പോകാതെ വിസ പുതുക്കാനായുള്ള സൗകര്യം യുഎഇയില്‍ മുന്‍പ് നിലവിലുണ്ടായിരുന്നു. ഇത് പിന്‍വലിച്ചത് സന്ദര്‍ശക വിസയില്‍ ബന്ധുക്കളെ രാജ്യത്തെത്തിച്ച പ്രവാസികള്‍ക്ക് തിരിച്ചടിയായിരുന്നു. നടപടി പുനരുജ്ജീവിപ്പിച്ചത് അനാവശ്യമായ ചെലവില്‍ നിന്നും സമയനഷ്ടത്തില്‍ നിന്നും പ്രവാസികളെ കരകയറ്റും.
അതേസമയം കഴിഞ്ഞ ഏപ്രിലിലാണ് രാജ്യത്ത് വിസിറ്റ് വിസയിലെത്തുന്നവര്‍ക്കായി പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പാടാക്കിയത്. യുഎഇയില്‍ അടുത്ത ബന്ധുക്കളുള്ളവര്‍ക്ക് മാത്രമാണ് വിസ അനുവദിക്കുക എന്നതായിരുന്നു നിലവില്‍ വന്ന നിയന്ത്രണം. ഏതെങ്കിലും യുഎഇ പൗരന്റെ അടുത്ത ബന്ധുവിനോ സുഹൃത്തിനോ മാത്രമേ വിസ അനുവദിക്കു എന്ന നിയമം വിദേശികളുടെ സന്ദര്‍ശനവും താമസവും കൂടുതല്‍ നിയന്ത്രിക്കാനായാണ് നടപ്പിലാക്കിയത്.
 

Latest News