ഉംറക്കു പോയപ്പോള്‍ ചോദിച്ചതും ദിലീപിനെ കുറിച്ച്- മാമുക്കോയ

ദോഹ-  താന്‍ ഉംറക്ക് പോയപ്പോള്‍ ത്വവാഫ് ചെയ്തുകൊണ്ടിരിക്കെ പെട്ടെന്നൊരാള്‍ കൈപിടിച്ചു ചോദിച്ചത് ദിലീപ് വിഷയം എന്തായി എന്നായിരുന്നുവെന്ന് ചലച്ചിത്ര താരം മാമുക്കോയ.  ചോദ്യങ്ങള്‍ കേട്ടാല്‍ തോന്നും ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നം ദിലീപ് വിഷയമാണെന്നും ദോഹയില്‍ ക്യു മലയാളം സര്‍ഗസായാഹനത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാനുളള തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ല. അത്തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാത്തകളെ കുറിച്ച് തനിക്കറിയില്ലെന്നും മാമുക്കോയ പറഞ്ഞു.
ദിലീപ് വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വളരെ മോശമായ കാര്യങ്ങളാണ്. ദിലീപ് മാത്രമല്ല എതിര്‍ഭാഗത്തുളള നടിയും അമ്മയുടെ അംഗമാണെന്നും അവര്‍ക്കും നീതി കിട്ടേണ്ടതില്ലേ എന്നും മാമുക്കോയ ചോദിച്ചു. സാമാന്യ ന്യായത്തില്‍ ആലോചിച്ചാല്‍ തന്നെ ദിലീപിന്റെ കാര്യത്തില്‍ അമ്മ ഇപ്പോഴെടുത്തുവെന്നു പറയുന്ന തരത്തിലുളള നിലപാട് സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇല്ലെങ്കിലും അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തിരുന്നു. ഊണു കഴിച്ചയുടന്‍ മടങ്ങിയെങ്കിലും ഇപ്പോള്‍ പ്രചരിപ്പിക്കുന്ന തരത്തിലുളള തീരുമാനങ്ങള്‍ അമ്മ സ്വീകരിച്ചിട്ടില്ലെന്ന് മാമുക്കോയ വ്യക്തമാക്കി.
ക്യു മലയാളം സര്‍ഗസായാഹ്നം ഇന്ന് വൈകിട്ട് ആറ് മണിക്ക് ചലച്ചിത്രതാരം മാമുക്കോയ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകിട്ട് നാല് മണിക്ക് ആരംഭിക്കുന്ന പരിപാടി രാത്രി പത്ത് വരെ തുടരും. ഐ.സി.സി അശോകാ ഹാളിലാണ് പരപാടി അരങ്ങേറുക.
ക്യു മലയാളം അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും ഇതോടനുബന്ധിച്ചുണ്ടാകും.  ഒപ്പന, നൃത്തം, തിരുവാതിര, നാടന്‍പാട്ട്, രംഗാവിഷ്‌ക്കാരം, ഹാസ്യ പരിപാടികള്‍ തുടങ്ങി നാല്‍പതോളം ഇനങ്ങളാണ് വേദിയിലെത്തുന്നത്.
ക്യു മലയാളം സാഹിതി പുരസ്‌കാരം ചടങ്ങില്‍ മാമുക്കോയ സമ്മാനിക്കും. സി ജെ ജിതിന്‍ എഴുതിയ ഒരു നനുത്ത മെര്‍ലിന്‍ മണ്‍റോ സ്വപ്നം എന്ന കവിതയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഇതോടൊപ്പം മികവ് പുലര്‍ത്തിയ അഞ്ച് കവിതകള്‍ക്ക് കൂടി മെമന്റോയും പ്രശസ്തി പത്രവും നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ നവാസ് മുക്രിയകത്ത്, സിന്ധു രാമചന്ദ്രന്‍, സുനില്‍ പെരുമ്പാവൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

Latest News