ഖത്തര്‍ നടത്തുന്നത് വ്യാജപ്രചാരണം; ആരേയും പുറത്തിക്കിയിട്ടില്ലെന്ന് യു.എ.ഇ

അബുദാബി- ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിന് 2017 ജൂണ്‍ അഞ്ചിന് തീരുമാനിച്ചതു മുതല്‍ യു.എ.ഇയിലുള്ള ഖത്തരികളെ പുറത്താക്കുന്നതിന് ഒരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്ന് യു.എ.ഇ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. യു.എ.ഇക്കെതിരെ ഖത്തര്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ജൂണ്‍ അഞ്ചിന് ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കുന്ന തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തുള്ള ഖത്തരികള്‍ക്ക് യു.എ.ഇ വിടുന്നതിന് പതിനാലു ദിവസത്തെ സാവകാശം അനുവദിച്ചിരുന്നു. എന്നാല്‍ ഇത് അവസാനിച്ച ശേഷം ഖത്തരികളെ പുറത്താക്കുന്നതിന് ഒരു നടപടിയും യു.എ.ഇ സ്വീകരിച്ചിട്ടില്ല. ഖത്തര്‍ പൗരന്മാര്‍ക്ക് യു.എ.ഇയിലേക്ക് പ്രവേശനം നല്‍കുന്നതിനും ഖത്തരികളുടെ യു.എ.ഇയിലെ താമസത്തിനുമുള്ള വ്യവസ്ഥകളുമായി ബന്ധപ്പെട്ട യു.എ.ഇ നയങ്ങളെ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത് ഖത്തര്‍ തുടരുന്നത് ഖേദകരമാണ്. ഖത്തര്‍ ജനതയെ യു.എ.ഇ ആദരിക്കുകയും അംഗീകരിക്കുയും ചെയ്യുന്നതായും വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ യു.എ.ഇക്ക് പുറത്തുള്ള ഖത്തര്‍ പൗരന്മാര്‍ യു.എ.ഇയില്‍ പ്രവേശിക്കുന്നതിന് മുന്‍കൂട്ടി പെര്‍മിറ്റ് നേടണമെന്ന വ്യവസ്ഥ നടപ്പാക്കിയിരുന്നു. താല്‍ക്കാലിക പെര്‍മിറ്റാണ് ഖത്തരികള്‍ക്ക് അനുവദിക്കുകയെന്നും വ്യക്തമാക്കിയിരുന്നു. യു.എ.ഇയില്‍ കഴിയുന്ന ഖത്തരികള്‍ക്ക് രാജ്യത്തെ താമസം തുടരുന്നതിന് ഇത്തരമൊരു പെര്‍മിറ്റിന്റെ ആവശ്യമില്ല. എന്നാല്‍ യു.എ.ഇ വിടുന്നതിന് ആഗ്രഹിക്കുന്ന ഖത്തരികള്‍ വീണ്ടും യു.എ.ഇയിലേക്ക് മടങ്ങുന്നതിന് മുന്‍കൂട്ടി പെര്‍മിറ്റ് നേടിയിരിക്കണം. മേഖലയുടെ സുരക്ഷാ ഭദ്രതക്കും യു.എ.ഇ ജനതക്കും ഖത്തര്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ ചെറുക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത് തുടരും. ഭീകര സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും പിന്തുണയും സഹായവും നല്‍കുന്ന നയം ഖത്തര്‍ അവസാനിപ്പിക്കണം. അയല്‍ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ നടത്തുന്ന ഇടപെടലുകളും ഖത്തര്‍ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ളതും ഖത്തര്‍ ഭരണകൂടത്തിന്റെ പിന്തുണയുള്ളതുമായ മാധ്യമങ്ങളില്‍ തീവ്രവാദികള്‍ക്ക് അവസരം നല്‍കുന്നതും ഖത്തര്‍ അവസാനിപ്പിക്കണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു.

Latest News