Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ മുസ്‌ലിം പ്രവാസിക്ക് രണ്ട് ഭാര്യമാരെ സ്‌പോണ്‍സര്‍ ചെയ്യാം, വ്യവസ്ഥകളുണ്ട്..

ദുബായ്- യു.എ.ഇയിലെ മുസ്‌ലിം പ്രവാസിക്ക് ചില പ്രത്യേക സാഹചര്യങ്ങളിലും വ്യവസ്ഥകള്‍ക്കനുസൃതമായും ഒരേസമയം രണ്ട് ഭാര്യമാരെ സ്‌പോണ്‍സര്‍ ചെയ്യാമെന്ന് അല്‍ ഖലീജ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി അതോറിറ്റിയുടെ വ്യവസ്ഥകള്‍ പാലിക്കുന്ന മുസ്‌ലിം പ്രവാസിക്ക് രണ്ട് ഭാര്യമാര്‍ക്കും അവരുടെ കുട്ടികള്‍ക്കും താമസ വിസ ലഭിക്കും. അറബിയില്‍ സാക്ഷ്യപ്പെടുത്തിയതോ അല്ലെങ്കില്‍ സര്‍ട്ടിഫൈഡ് ട്രാന്‍സ്ലേറ്റര്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തതും ശരിയായി സാക്ഷ്യപ്പെടുത്തിയതുമായ വിവാഹ കരാറാണ് വ്യവസ്ഥകളില്‍ പ്രധാനം.

യു.എ.ഇയിലെ ഒരു പിതാവിന് അവിവാഹിതരായ പെണ്‍മക്കളെ അവരുടെ പ്രായം പരിഗണിക്കാതെ സ്‌പോണ്‍സര്‍ ചെയ്യാനും അനുവദിക്കുന്നു. ആണ്‍മക്കളെ 25 വയസ്സ് വരെ മാത്രമേ പിതാവിന് സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയൂ. 25 വയസ്സിന് ശേഷം മക്കള്‍ പഠിക്കുന്ന സന്ദര്‍ഭങ്ങളില്‍ പിതാവിന് സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുവാദമുണ്ട്.

കുഞ്ഞ് ജനിച്ച് 120 ദിവസത്തിനുള്ളില്‍ പിതാവ് റസിഡന്‍സ് പെര്‍മിറ്റ് നേടിയിരിക്കണം. ഫെഡറല്‍ അതോറിറ്റിയുടെ നിബന്ധനകള്‍ പാലിച്ചുകൊണ്ട് ഒരു പ്രവാസിക്ക് തന്റെ ഭാര്യയുടെ മുന്‍ വിവാഹത്തില്‍ നിന്നുള്ള കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയും. കുട്ടികളുടെ യഥാര്‍ഥ പിതാവില്‍ നിന്നുള്ള സമ്മതപത്രവും സെക്യൂരിറ്റി ഡെപ്പോസിറ്റും ഇതിന് ആവശ്യമാണ്. റസിഡന്‍സ് പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് സാധുതയുള്ളതായിരിക്കും, വ്യവസ്ഥകള്‍ക്ക് അനുസൃതമായി വര്‍ഷം തോറും പുതുക്കാവുന്നതാണ്.

ആവശ്യമായ രേഖകള്‍

ഭാര്യമാരെയും കുട്ടികളെയും സ്‌പോണ്‍സര്‍ ചെയ്യുന്നതിന് ആവശ്യമായ രേഖകളും ഫെഡറല്‍ അതോറിറ്റി വ്യക്തമാക്കുന്നു:
-റസിഡന്‍സ് വിസക്കുള്ള അപേക്ഷ (ഓണ്‍ലൈനായോ ലൈസന്‍സുള്ള ടൈപ്പിംഗ് സെന്ററുകള്‍ വഴിയോ)
-സ്‌പോണ്‍സര്‍ ചെയ്തവരുടെയും സ്‌പോണ്‍സര്‍മാരുടെയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍
(ഭാര്യയുടെയും കുട്ടികളുടെയും വെളുത്ത പശ്ചാത്തലത്തിലുള്ള ഫോട്ടോകള്‍)
-ഭാര്യയുടെയും 18 വയസ്സിനു മുകളിലുള്ള കുട്ടികളുടെയും മെഡിക്കല്‍ ഫിറ്റ്‌നസിന്റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്
- തൊഴില്‍ അല്ലെങ്കില്‍ കമ്പനി കരാറിന്റെ പകര്‍പ്പ്
-സാധുതയുള്ള തൊഴില്‍ വിസ
-ശമ്പള സര്‍ട്ടിഫിക്കറ്റ്
-സാക്ഷ്യപ്പെടുത്തിയ വാടക കരാര്‍

കുടുംബ റസിഡന്‍സ് പെര്‍മിറ്റുകള്‍ സ്‌പോണ്‍സറുടെയോ കുടുംബനാഥന്റെയോ റസിഡന്‍സ് പെര്‍മിറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അതോറിറ്റി പറഞ്ഞു. സ്‌പോണ്‍സറുടെ  താമസാനുമതി റദ്ദാക്കിയാല്‍, കുടുംബാംഗങ്ങളുടെ പെര്‍മിറ്റുകളും പിന്നീട് റദ്ദാക്കണം. പുതിയ താമസ വിസ നേടുന്നതിനോ രാജ്യം വിടുന്നതിനോ കുടുംബാംഗങ്ങള്‍ക്ക് അവരുടെ താമസ വിസ കാലഹരണപെട്ടതു മുതല്‍ ആറ് മാസത്തെ കാലാവധി നല്‍കും. കുടുംബാംഗങ്ങളുടെ താമസ വിസ പുതുക്കുന്നതിനോ റദ്ദാക്കുന്നതിനോ സ്‌പോണ്‍സര്‍ പരാജയപ്പെടുകയാണെങ്കില്‍ പിഴ ഈടാക്കും.

 

Latest News